കെ എം എബ്രഹാമിനെ പോലെ വിരമിച്ച ഉദ്യോഗസ്ഥരെ വീണ്ടും നിയമിക്കുന്നത് 'അമൂല്യമായ മുതല്‍ക്കൂട്ട്' എന്ന് 'പുകഴ്ത്തി'; എന്‍ പ്രശാന്ത് ഐഎഎസിന് എതിരെ വീണ്ടും വടിയെടുത്തു; 'മതിയായി പുകഴ്ത്തിയില്ല' എന്ന് പറഞ്ഞ് അച്ചടക്ക നടപടി! ഡോ. ജയതിലകിനെതിരായ പരാതിക്ക് പിന്നാലെ മൂന്നാംവട്ടവും പ്രതിക്കൂട്ടില്‍; ആരെന്ത് പറയണം എന്ന് രാജാവ് തീരുമാനിക്കുന്ന സുവര്‍ണകാലം വന്നെത്തിയെന്ന് പ്രശാന്ത്

എന്‍.പ്രശാന്തിന് എതിരെ വീണ്ടും അച്ചടക്ക നടപടി

Update: 2025-11-26 13:43 GMT

തിരുവനന്തപുരം: സസ്‌പെന്‍ഷനില്‍ കഴിയുന്ന എന്‍.പ്രശാന്ത് ഐഎഎസിന് എതിരെ വീണ്ടും അച്ചടക്ക നടപടിയുമായി ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്. ജയതിലകിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെ പ്രശാന്തിന് എതിരെ എടുക്കുന്ന മൂന്നാമത്തെ അച്ചടക്ക നടപടിയാണിത്.

ഡോ. ജയതിലക്, സര്‍ക്കാര്‍ മുന്‍പാകെ വ്യാജ സത്യവാങ്ങ്മൂലം നല്കിയതിനും സ്വത്ത് വിവരങ്ങള്‍ മറച്ച് വെച്ചതിനും എതിരെ വകുപ്പ് തല നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി 9 ദിവസം പിന്നിട്ടിട്ടും നടപടിയൊന്നും ഇല്ലെന്ന് എന്‍.പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍, പരാതി നല്‍കിയ പ്രശാന്തിന് എതിരെ വീണ്ടും വടിയെടുക്കുകയാണ് ജയതിലക്.

മറ്റുഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും, വിലയിടിക്കുന്ന പ്രസ്താവനകള്‍ നടത്തുകയും ചെയ്തതിന് സസ്‌പെന്‍ഷനിലായ പ്രശാന്ത്്, വിരമിച്ച ഉദ്യോഗസ്ഥരരെ വീണ്ടും സര്‍ക്കാര്‍ തലപ്പത്ത് നിയമിക്കുന്നതിനെ വിമര്‍ശിച്ചിട്ട ഫേസ്ബുക്ക് പോസ്റ്റാണ് വീണ്ടും അച്ചടക്ക നടപടിക്ക് കാരണമായി ചീഫ് സെക്രട്ടറിയുടെ കുറ്റപത്രത്തില്‍ പറയുന്നത്. സമാനസ്വഭാവത്തിലുള കുറ്റത്തിന്റെ പേരില്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും വീണ്ടും സര്‍ക്കാരിന്റെ വിലയിടിക്കുന്ന പ്രസ്താവനകള്‍ തുടര്‍ച്ചയായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് അച്ചടക്ക നടപടിയെന്നും ചീഫ് സെക്രട്ടറി എ.ജയതിലകിന്റെ കുറ്റപത്രത്തില്‍ പറയുന്നു.

2025 ജൂണ്‍ 13-ന് പ്രസിദ്ധീകരിച്ച പോസ്റ്റാണ് ഇപ്പോള്‍ 'കുറ്റകരമായ പെരുമാറ്റമായി' (Misconduct) കണക്കാക്കിയിരിക്കുന്നത്. വിരമിച്ച ഡോ. കെ.എം. എബ്രഹാമിനെപ്പോലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരെ എക്‌സ്-ഓഫീഷ്യോ സെക്രട്ടറിമാരായി നിയമിക്കുന്ന 'നവീന മോഡലിനെ' പുകഴ്ത്തുന് രീതിയിലുള്ള വിമര്‍ശന പോസ്റ്റാണിത്.

'പുകഴ്ത്തല്‍ പോരാ' എന്നാണോ കുറ്റമെന്ന് പ്രശാന്ത്

'നിലവിലെ 'ചട്ടങ്ങള്‍ മാത്രം നോക്കുന്ന' ഉദ്യോഗസ്ഥര്‍ക്കു പകരം താല്‍ക്കാലികമായി നിയമിക്കപ്പെടുന്ന ഈ എക്സ് ഓഫീഷ്യോ സെക്രട്ടറിമാര്‍ തീര്‍ച്ചയായും ഒരു അമൂല്യമായ മുതല്‍ക്കൂട്ട് ആയിരിക്കും. റിസ്‌ക് എടുക്കാനും നാടിന് നന്മ ചെയ്യാനും ഇവര്‍ക്കാവും, കാരണം ഇവര്‍ അനാവശ്യമായി നിയമവും ചട്ടവും പറയുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അല്ലല്ലോ. ഈ മോഡല്‍ പ്രാവര്‍ത്തികമായാല്‍, ദിവസക്കൂലിക്ക് പോലും സര്‍ക്കാരിന് സെക്രട്ടറിയെ നിയമിക്കാവുന്നതാണ്.'

പോസ്റ്റില്‍ നല്ലത് മാത്രം പറഞ്ഞിട്ടും, അത് സര്‍ക്കാരിനെ വേണ്ടത്ര പുകഴ്ത്തിയില്ലെന്ന് കണ്ടെത്തിയാണ് ഇപ്പോള്‍ അച്ചടക്ക നടപടിക്ക് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. 'അമൂല്യമായ മുതല്‍ക്കൂട്ട് ആയിരിക്കും, റിസ്‌ക് എടുക്കാനും നാടിന് നന്മ ചെയ്യാനും ഇവര്‍ക്കാവും' എന്നിങ്ങനെയുള്ള പ്രയോഗങ്ങളില്‍ ഏത് ചട്ടമാണ് ലംഘിക്കപ്പെട്ടതെന്നോ ആരെയാണ് വിമര്‍ശിച്ചതെന്നോ മനസ്സിലാകുന്നില്ലെന്ന് പ്രശാന്ത് കുറിച്ചു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ നിരീക്ഷിക്കാന്‍ വലിയ തോതില്‍ സര്‍ക്കാര്‍ പണവും അധ്വാനവും ചിലവഴിക്കുന്നതിലെ അസംബന്ധവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

'ആരെന്ത് പറയണം എന്ന് രാജാവ് തീരുമാനിക്കുന്ന ആ സുവര്‍ണകാലം വന്നെത്തി. എങ്ങനെ പുകഴ്ത്തണം എന്നും പറഞ്ഞ് തരും. പുകഴ്ത്താനുള്ള അവകാശവും രാജാവില്‍ നിന്ന് തന്നെ അനുവദിച്ച് ഉത്തരവാകണം. പുകഴ്ത്താന്‍ അനുവാദമില്ലാത്തവര്‍ പുകഴ്ത്തിയാലും നടപടിയുണ്ടാവും,' എന്ന് ഭരണഘടനാ ദിനത്തില്‍ അദ്ദേഹം പരിഹാസത്തോടെ പ്രതികരിച്ചു.

എന്‍.പ്രശാന്തിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:


ഡോ. ജയതിലകിനെതിരെ മുഖ്യമന്ത്രിക്ക് പരാതി: ശക്തമായ നടപടി തുടരുന്നു

ഡോ. ജയതിലക് സര്‍ക്കാര്‍ മുന്‍പാകെ വ്യാജ സത്യവാങ്ങ്മൂലം നല്കിയതും, സ്വത്ത് വിവരങ്ങള്‍ മറച്ച് വെച്ചതും സര്‍ക്കാരിന്റെ തന്നെ രജിസ്‌ട്രേഷന്‍/റവന്യൂ/സര്‍വേ വകുപ്പ് രേഖകള്‍ വ്യക്തമാക്കുന്നതിന്റെ അടിസ്ഥാനത്തില്‍ വകുപ്പ് തല നടപടികള്‍ സ്വീകരിക്കാന്‍ അഖിലേന്ത്യാ സര്‍വീസ് ചട്ടം റൂള്‍ 7 പ്രകാരം ഡിസിപ്ലിനറി അതോറിറ്റിയായ മുഖ്യമന്ത്രിക്ക് Chief Minister's Office, Kerala ഞാന്‍ പരാതി നല്‍കിയത് നവംബര്‍ 17-നാണ്. ഇന്നേക്ക് 9 ദിവസമായി.

ഏതായാലും വീണ്ടും ശക്തമായ നടപടി വന്നു. വീണ്ടും പരാതിക്കാരനായ എനിക്കെതിരെ ആണെന്ന് മാത്രം. അതായത് വീണ്ടും ഒരു ഡിസിപ്ലിനറി നടപടി കൂടി തുടങ്ങിയത് ഇന്ന് കയ്യില്‍ കിട്ടി. ഡോ.ജയതിലകിന്റെ അഴിമതി ചുണ്ടിക്കാണിച്ചതിന് ശേഷം ഇത് മൂന്നാമത്തെ അച്ചടക്ക നടപടിയാണ്. ഇപ്പോള്‍ ഫ്രഷായി കിട്ടിയ പുതിയ അച്ചടക്ക നടപടിയുടെ വിവരങ്ങളാണ് ഇനി പറയുന്നത്. വീണ്ടും ഫേസ് ബുക്ക് പോസ്റ്റ് തന്നെ. സര്‍ക്കാരിന്റെ എന്ത് മാത്രം പണവും അധ്വാനവും എന്റെ ഫേസ് ബുക്ക് നിരീക്ഷിക്കാന്‍ ചെലവായി പോകുന്നു- ഇതിനായി പ്രത്യേകം ഏര്‍പ്പാടാക്കിയ ടീമും മറ്റ് സജ്ജീകരണങ്ങളും എത്ര ആത്മാര്‍ത്ഥമായിട്ടാണ് ജോലി ചെയ്യുന്നത്. അവര്‍ കണ്ണില്‍ എണ്ണ ഒഴിച്ച് കണ്ടെത്തിയത് എന്താണെന്ന് നോക്കാം:

ഫേസ് ബുക്ക് പോസ്റ്റ്: 13-06-2025.

ഡോ.ജയതിലകിന്റെ അഭിപ്രായത്തില്‍ സര്‍ക്കാരിനെ വേണ്ടത്ര പുകഴ്ത്തിയില്ല എന്നതാണ് ഇത്തവണത്തെ കുറ്റം. 8 വര്‍ഷം മുന്‍പ് IAS നിന്നും സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച വന്ദ്യ വയോധികനായ ഡോ.KM അബ്രഹാമിനെപോലുള്ള പ്രതിഭാധനരായ വൃദ്ധജനങ്ങളെ ex-officio Secretary ആയി നിയമിക്കുന്ന നവീനമായ മോഡലിനെ പുകഴ്ത്തിയാണ് പോസ്റ്റ്. നല്ലത് മാത്രമേ പറഞ്ഞിട്ടുള്ളൂ. എന്നാല്‍ അത് വായിച്ചിട്ട് ''പോരാ'' എന്ന് കണ്ടെത്തിയിരിക്കുന്നു ഗയ്‌സ്! 'കുറ്റകരമായ പെരുമാറ്റമായി' (Misconduct) കണക്കാക്കപ്പെട്ട ഭാഗം ഇതാണ്:

''നിലവിലെ 'ചട്ടങ്ങള്‍ മാത്രം നോക്കുന്ന' ഉദ്യോഗസ്ഥര്‍ക്കു പകരം താല്‍ക്കാലികമായി നിയമിക്കപ്പെടുന്ന ഈ എക്സ് ഓഫീഷ്യോ സെക്രട്ടറിമാര്‍ തീര്‍ച്ചയായും ഒരു അമൂല്യമായ മുതല്‍ക്കൂട്ട് ആയിരിക്കും. റിസ്‌ക് എടുക്കാനും നാടിന് നന്മ ചെയ്യാനും ഇവര്‍ക്കാവും, കാരണം ഇവര്‍ അനാവശ്യമായി നിയമവും ചട്ടവും പറയുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അല്ലല്ലോ. ഈ മോഡല്‍ പ്രാവര്‍ത്തികമായാല്‍, ദിവസക്കൂലിക്ക് പോലും സര്‍ക്കാരിന് സെക്രട്ടറിയെ നിയമിക്കാവുന്നതാണ്.''

നല്ലത് പറയാനും പാടില്ലേ?

''അമൂല്യമായ മുതല്‍ക്കൂട്ട് ആയിരിക്കും, റിസ്‌ക് എടുക്കാനും നാടിന് നന്മ ചെയ്യാനും ഇവര്‍ക്കാവും'' - ഇതില്‍ ഏത് ചട്ടമാണ് ലംഘിക്കപ്പെട്ടത് എന്ന് ഒരു പിടിയും കിട്ടുന്നില്ല. ഇതില്‍ എവിടെയാണ്, ആരെയാണ് വിമര്‍ശിച്ചത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നുമില്ല. എന്റെ പുകഴ്ത്തലിന് വേണ്ടത്ര ശക്തി പോരാത്തതാണോ എന്റെ പിഴ? വേണ്ടത്ര മണിയടി മുഴങ്ങിയില്ലേ? പുകഴ്ത്തി എഴുതിയാല്‍ മാത്രം പോരാ, അത് തിരുവാതിരയായി ചിട്ടപ്പെടുത്തണം എന്ന് നിര്‍ബന്ധമുണ്ടോ? റീല്‍സായി ഇറക്കണോ?

ഞാനിങ്ങനെ സംശയിച്ച് നിന്നപ്പോള്‍ മഹാ അമാത്യന്‍ ഭോഗേന്ദ്രന്റെ ശബ്ദത്തില്‍ ഒരു അശരീരി മുഴങ്ങി- ''ആരെന്ത് പറയണം എന്ന് രാജാവ് തീരുമാനിക്കുന്ന ആ സുവര്‍ണകാലം വന്നെത്തി. എങ്ങനെ പുകഴ്ത്തണം എന്നും പറഞ്ഞ് തരും. പുകഴ്ത്താനുള്ള അവകാശവും രാജാവില്‍ നിന്ന് തന്നെ അനുവദിച്ച് ഉത്തരവാകണം. പുകഴ്ത്താന്‍ അനുവാദമില്ലാത്തവര്‍ പുകഴ്ത്തിയാലും നടപടിയുണ്ടാവും. ജാഗ്രതൈ!''

ഇന്ന് ഭരണഘടനാ ദിനമാണ്.

ആശംസകള്‍!


Full View


Tags:    

Similar News