പ്രതികരിച്ചാലേ പരിഹാരമുള്ളൂ എന്നാണോ? ഇപ്പോള്‍ എങ്ങനെ ഉപകരണങ്ങളെത്തി? താന്‍ നടത്തിയത് പ്രൊഫഷണല്‍ സൂയിസൈഡ് ആയിരുന്നു; താന്‍ കുറ്റപ്പെടുത്തിയത് ബ്യൂറോക്രസിയെ; പണി വരുമെന്ന് തിരിച്ചറിഞ്ഞ് ഡോ. ഹാരിസ് ചിറയ്ക്കല്‍; മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലില്‍ വിഷമമില്ല, അദ്ദേഹം ഗുരുനാഥന് തുല്യനാണെന്നും ഡോക്ടര്‍

പ്രതികരിച്ചാലേ പരിഹാരമുള്ളൂ എന്നാണോ? ഇപ്പോള്‍ എങ്ങനെ ഉപകരണങ്ങളെത്തി?

Update: 2025-07-02 04:54 GMT

തിരുവനന്തപുരം: ആരോഗ്യവകുപ്പിനെ കുറ്റപ്പെടുത്തിയതിന്റെ പേരില്‍ തനിക്കെതിരെ പ്രതികാര നടപടി ഉണ്ടാകുമെന്ന ബോധ്യത്തിലാണ് ഡോ. ഹാരിസ് ചിറയ്ക്കല്‍. മുഖ്യമന്ത്രിയുടെ വിമര്‍ശനം അടക്കം അതിന്റെ സൂചനയായി കണക്കാക്കുന്നു. പിന്നാലെ ദേശാഭിമാനിയില്‍ വിമര്‍ശന ലേഖനവും എത്തി. ഇതോടെ വിഷയത്തില്‍ പ്രതികരിച്ചു കൊണ്ട് ഡോക്ടര്‍ രംഗത്തെത്തി. രാഷ്ട്രീയമായ കുറ്റപ്പെടുത്തലുകള്‍ ഇല്ലാതെയാണ് ഡോക്ടര്‍ വിഷയത്തില്‍ പ്രതികരിച്ചത്.

താന്‍ നടത്തിയത് പ്രൊഫഷണല്‍ സൂയിസൈഡ് ആയിരുന്നുവെന്ന് ഡോ. ഹാരിസ് ചിറയ്ക്കല്‍ കുറ്റപ്പെടുത്തി. എല്ലാ വഴിയും അടഞ്ഞപ്പോഴാണ് തുറന്ന് പറഞ്ഞത്. തുറന്നു പറച്ചിലിന് ശിക്ഷാനടപടി പ്രതീക്ഷിച്ചിരുന്നു. എല്ലാ വാതിലും കൊട്ടിയടച്ചപ്പോഴാണ് തുറന്നു പറയാന്‍ നിര്‍ബന്ധിതനായത്. സര്‍ക്കാരിനെയോ ആരോഗ്യമന്ത്രിയേയോ കുറ്റപ്പെടുത്തിയിട്ടില്ല. ബ്യൂറോക്രസിയെയാണ് കുറ്റപ്പെടുത്തിയതെന്നും ഡോ. ഹാരിസ് പറഞ്ഞു.

ബ്യൂറോക്രസിയുടെ ചുവപ്പുനാടയ്ക്കും മെല്ലെപ്പോക്കിനുമെതിരെ, സംവിധാനം നന്നാകാനാണ് പ്രതികരിച്ചത്. ഇപ്പോഴും ബ്യൂറോക്രസിയെയാണ് കുറ്റപ്പെടുത്തുന്നത്. ബ്യൂറോക്രസിക്ക് ഇപ്പോഴും പ്രശ്നങ്ങളുണ്ട്. മെഡിക്കല്‍ കോളജിലെ ഉപകരണങ്ങളുടെ പ്രതിസന്ധി പരിഹരിച്ചു. രോഗികളുടെ സര്‍ജറി കഴിഞ്ഞു. അവരെ ഇന്നോ നാളെയോ ഡിസ്ചാര്‍ജ് ചെയ്യാന്‍ സാധിക്കും. പക്ഷെ ഉപകരണങ്ങളുടെ ക്ഷാമം പലതും നിലവിലുണ്ട്. വിദഗ്ധ സമിതിയെ തെളിവുകള്‍ സഹിതം സൂചിപ്പിച്ചതാണ്. അന്ന് അവര്‍ ചില പ്രതിവിധികള്‍ നിര്‍ദേശിച്ചിരുന്നു. അത് നടപ്പിലാകണമെന്നതാണ് തന്റെ ആഗ്രഹമെന്ന് ഡോ. ഹാരിസ് പറഞ്ഞു.

ഇത്തരം പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടാകണം. ഇത്തവണ തന്റെ കരിയറും ജോലിയുമെല്ലാം ത്യജിക്കുന്ന തരത്തില്‍, വലിയ റിസ്‌കെടുത്താണ് മുന്നോട്ടു വന്നത്. ഇങ്ങനെ ആരും മുന്നോട്ടു വരുമെന്ന് തോന്നുന്നില്ല. തനിക്കും ഇങ്ങനെ ഇനി വരാനാകുമോയെന്ന് അറിയില്ല. താനില്ലാതായാലും പ്രശ്നങ്ങള്‍ ഇല്ലാതാകില്ലല്ലോ. അത് പരിഹരിക്കാനുള്ള നടപടി ഉണ്ടാകണം. മുമ്പോട്ടു പോകാന്‍ പല മാര്‍ഗങ്ങളും ശ്രമിച്ച് പരാജയപ്പെടുമ്പോഴാണല്ലോ പലരും ആത്മഹത്യ ചെയ്യുന്നത്. അതുപ്രകാരം തന്റേത് പ്രൊഫഷണല്‍ സൂയിസൈഡ് ആണെന്ന് പറയാമെന്ന് ഡോ. ഹാരിസ് പറഞ്ഞു.

തനിക്കുമേല്‍ ഒരു സമ്മര്‍ദ്ദവുമില്ല. താന്‍ പറഞ്ഞതിനെ ആരെങ്കിലും എതിര്‍ക്കുമെന്ന് വിചാരിച്ചിരുന്നു. എന്നാല്‍ ഒരാള്‍ പോലും താന്‍ ഉന്നയിച്ച വിഷയത്തില്‍ എതിര്‍ത്തിട്ടില്ല. തനിക്കെതിരെ കുറ്റപ്പെടുത്തലും നടപടിയുമുണ്ടായാലും നിലപാട് തുടരും. ആരോഗ്യവകുപ്പിനെ മോശക്കാരനാക്കി കാണിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. ആശുപത്രികളിലേക്ക് പ്രതിഷേധം സംഘടിപ്പിക്കുകയോ ചികിത്സ തടസ്സപ്പെടുത്തുകയോ ചെയ്യരുത്. തന്റെ വെളിപ്പെടുത്തലിനെതിരായ മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലില്‍ വിഷമമില്ല. അദ്ദേഹം ഗുരുനാഥന് തുല്യനാണെന്നും ഹാരിസ് ചിറയ്ക്കല്‍ പറഞ്ഞു. ഇത്രനാളും ചുവപ്പുനാടയില്‍ കുടുങ്ങിക്കിടന്ന ഫയല്‍ ഒറ്റരാത്രി കൊണ്ട് ശരിയായി. ഹൈദരാബാദില്‍ നിന്നും എങ്ങനെ ഇത്ര പെട്ടെന്ന് ഉപകരണങ്ങള്‍ എത്തി?. പ്രതികരിച്ചാലേ പരിഹാരം ഉണ്ടാകൂ എന്നാണോ?. പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ ആരോഗ്യമേഖലയുടെ വളര്‍ച്ച നല്ല നിലയില്‍ ഉണ്ടാകുമെന്നും ഡോ. ഹാരിസ് പറഞ്ഞു.

നേരത്തെ ഹാരിസ് ചിറയ്ക്കലിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തുവന്നിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ. ഹാരിസ് ചിറയ്ക്കല്‍ അഴിമതി തീണ്ടാത്ത ഉദ്യോഗസ്ഥനാണെന്നും അദ്ദേഹത്തെ പോലെ ഒരാള്‍ ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യമേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് കാരണമായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ താറടിച്ച് കാണിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുംവിധം അതൃപ്തികള്‍ പുറത്തുവിട്ടാല്‍ നല്ല പ്രവര്‍ത്തനങ്ങളെല്ലാം തെറ്റായ ചിത്രീകരണത്തിന് ഇടയാക്കുമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

'കേരളത്തില്‍ ഒരുപാട് നല്ല കാര്യങ്ങള്‍ നടക്കുന്നുണ്ടെങ്കിലും നെഗറ്റീവായ കുറേകാര്യങ്ങള്‍ ബോധപൂര്‍വ്വം ഉണ്ടാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ആരും അംഗീകരിക്കുന്നവിധത്തില്‍ നല്ല പ്രവര്‍ത്തനങ്ങള്‍ നടന്ന നിരവധി കാര്യങ്ങളുണ്ട്. അടുത്ത കാലത്തുള്ള ചില കാര്യങ്ങള്‍ ചിന്തിച്ചാല്‍ ഇക്കാര്യം മനസ്സിലാകും. നല്ലത് അതേ നിലയ്ക്ക് നില്‍ക്കാന്‍ പാടില്ലെന്ന് സമൂഹത്തില്‍ ചിലര്‍ക്ക് താത്പര്യമുണ്ട്. നിര്‍ഭാഗ്യവശാല്‍ മാധ്യമങ്ങളാണ് ഇപ്പോ അതിന് മുന്‍കൈ എടുത്തിട്ടുള്ളത്,' മുഖ്യമന്ത്രി ആരോപിച്ചു.

'നമ്മുടെ ആരോഗ്യമേഖലയ്ക്ക് കേരളത്തിനകത്തും പുറത്തും പരക്കെ അംഗീകാരം ലഭിച്ചിട്ടുണ്ട്. നേരത്തെയുള്ളതിനേക്കാള്‍ അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. അത് യാദൃശ്ചികമായി ഉണ്ടായതല്ല. ബോധപൂര്‍വ്വമായ ഇടപെടലിലൂടെ ഉണ്ടായതാണ്. ആരോഗ്യമേഖലയ്ക്കുള്ള ബജറ്റ് വിഹിതവും നല്ലരീതിയില്‍ വര്‍ധിച്ചിട്ടുണ്ട്. ഇത്രയുമായ സ്ഥിതിക്ക്, ഇപ്പോള്‍ ആരോഗ്യമേഖലയെ തകര്‍ക്കാനുള്ള ശ്രമമാണ് ചിലര്‍ നടത്തുന്നത്. അതിന് കേന്ദ്രീകരിക്കുന്നത് മെഡിക്കല്‍ കോളേജുകളെയാണ്,' അദ്ദേഹം പറഞ്ഞു.

'കേരളത്തിലെ മെഡിക്കല്‍ കോളേജുകളൊക്കെ നല്ല രീതിയില്‍ അഭിവൃദ്ധിപ്പെട്ടു എന്ന് പൊതുവില്‍ അഭിപ്രായം വന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. തെറ്റായ ചിത്രമാണ് അവര്‍ ഒരുവിഭാഗം ജനങ്ങളിലേക്കെങ്കിലും എത്തിക്കുന്നത്. നല്ല കാര്യങ്ങള്‍ ചെയ്യുന്നതുകൊണ്ടുമാത്രം ആ നല്ലത് അങ്ങനെ തന്നെ അവതരിപ്പിക്കപ്പെടണമെന്നില്ല. ബോധപൂര്‍വ്വം ദുര്‍വ്യാഖ്യാനം ചെയ്യുകയാണ്,' മുഖ്യമന്ത്രി പറഞ്ഞു.

'ജോലിയോടുള്ള ആത്മാര്‍ഥതയുടെ ഭാഗമായി കാര്യങ്ങള്‍ മാധ്യമങ്ങളുമായി പങ്കിടുന്ന അവസ്ഥവന്നാല്‍ അത് തെറ്റായി ചിത്രീകരിക്കപ്പെടും. ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തയില്‍, പ്രതിഷേധം ഉയര്‍ത്തിയ ഡോക്ടര്‍ മോശക്കാരനാണെന്ന് ആരും പറയുന്നില്ല. നല്ല അര്‍പ്പണബോധത്തോടെ ജോലിയെടുക്കുന്ന ആളാണ് അദ്ദേഹമെന്നാണ് പൊതുവേ പറയുന്നത്. എന്നാല്‍ അദ്ദേഹത്തെ ഉപയോഗിച്ച് നടന്നതെന്താണ്? അത്തരമൊരാള്‍ ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യമേഖയെ തെറ്റായി ചിത്രീകരിക്കുന്നതിന് കാരണമായി മാറിയില്ലേ?,' അദ്ദേഹം ചോദിച്ചു.

Tags:    

Similar News