അന്നത്തെ തീരുമാനം അന്നത്തെ സാഹചര്യത്തില്‍ തീര്‍ത്തും ശരി; യെച്ചൂരി മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അടുത്തുവരാന്‍ ആ തീരുമാനം തടസമാകാന്‍ പാടില്ല; എന്തുകൊണ്ട് ഇന്‍ഡിഗോയില്‍ കയറി? ഇപി വിശദീകരിക്കുമ്പോള്‍
സീതാറാം യെച്ചൂരി മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അടുത്തുവരാന്‍ തന്റെ തീരുമാനം തടസമാകാന്‍ പാടില്ല - ജയരാജന്‍ വിശദീകരിക്കുന്നു.
ന്യൂഡല്‍ഹി: ഇന്‍ഡിഗോ ബഹിഷ്‌കരണം അവസാനിപ്പിച്ചതില്‍ വിശദീകരണവുമായി മുതിര്‍ന്ന സിപിഎം നേതാവ് ഇ.പി ജയരാജന്‍. സീതാറാം യെച്ചൂരി മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അടുത്തുവരാന്‍ തന്റെ തീരുമാനം തടസമാകാന്‍ പാടില്ല എന്നതുകൊണ്ടാണ് അതില്‍ മാറ്റംവരുത്തിയതെന്ന് ഇപി ജയരാജന്‍ വിശദീകരിക്കുന്നു.
ഇന്‍ഡിഗോ ബഹിഷ്‌കരിക്കാന്‍ ചില കാരണങ്ങളുണ്ട്. അതെല്ലാം അന്നുതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ആ കമ്പനിയെടുത്ത നിലപാട് തികച്ചും തെറ്റായിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്റെ മുന്നിലുള്ള വിഷയം അതിനെക്കാള്‍ പ്രധാനപ്പെട്ടതാണ്. ഏറ്റവുമധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നേതാവാണ് മരിച്ചത്. ഈ ഘട്ടത്തില്‍ ഏറ്റവുമധികം പ്രാധാന്യം നല്‍കുന്നത് അദ്ദേഹത്തെ കാണുന്നതിനാണ്. താന്‍ നടത്തിയ ഒരു സമരമായി ഇന്‍ഡിഗോ ബഹിഷ്‌കരണത്തെ കണ്ടാല്‍മതി. എന്നാല്‍ സമര രീതിയെക്കാള്‍ വലുതാണ് തനിക്ക് സീതാറാം യെച്ചൂരി. അതുകൊണ്ടുതന്നെ മറ്റൊന്നും കണക്കിലെടുക്കുന്നില്ല. ആ വലിയ മനുഷ്യന്റെ, വിപ്ലവകാരിയുടെ, കമ്യൂണിസ്റ്റ് നേതാവിന്റെ മൃതദേഹം നേരില്‍ക്കണ്ട് അദ്ദേഹത്തോടുള്ള ബഹുമാനം കാണിക്കാനും ദുഃഖം രേഖപ്പെടുത്താനുമാണ് ഏറ്റവുമധികം പ്രാധാന്യം നല്‍കുന്നത്-ഇപി വിശദീകരിച്ചു.
ചിലഘട്ടങ്ങളില്‍ ഒരു തീരുമാനമെടുത്തിട്ടുണ്ടാകും. അത് അന്നത്തെ സാഹചര്യത്തിലായിരിക്കും. ആ തീരുമാനം എല്ലാ കാലത്തേക്കുമുള്ളതാണെന്ന് ധരിക്കരുത്. എല്ലാ ഭൗതിക സാഹചര്യങ്ങളും വസ്തുനിഷ്ഠമായി വിലയിരുത്തിക്കൊണ്ടുവേണം അടവുനയങ്ങളാവിഷ്‌കരിക്കാന്‍. അന്നത്തെ തീരുമാനം അന്നത്തെ സാഹചര്യത്തില്‍ തീര്‍ത്തും ശരിയായിരുന്നു. എന്നാല്‍ സീതാറാം യെച്ചൂരി മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അടുത്തുവരാന്‍ ആ തീരുമാനം തടസമാകാന്‍ പാടില്ല. അതുകൊണ്ടാണ് തീരുമാനത്തില്‍ മാറ്റംവരുത്തിയതെന്ന് ഇപി വ്യക്തമാക്കി.
സീതാറാം യെച്ചൂരി അന്തരിച്ചതിനെ തുടര്‍ന്ന് പെട്ടെന്ന് ഡല്‍ഹിയിലെത്തേണ്ട സാഹചര്യം വന്നു. ഇതോടെ യാത്രയ്ക്ക് ഇന്‍ഡിഗോ വിമാനം തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. ഇന്നലെ രാത്രി പത്തരയ്ക്ക് ആയിരുന്നു കരിപ്പൂരില്‍ നിന്നും അദ്ദേഹത്തിന്റെ ഫ്‌ലൈറ്റ്. 2022 ജൂലൈ 13 ആയിരുന്നു ഇന്‍ഡിഗോ ബിഹിഷ്‌കരണത്തിന് കാരണമായ വിവാദ സംഭവങ്ങള്‍ അരങ്ങേറുന്നത്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് മുഖ്യമന്ത്രിക്കു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചിരുന്നു. ഇത് ഇപി ജയരാജന്‍ തടയാന്‍ ശ്രമിച്ചതും വിവാദമായിരുന്നു. വിമാനത്താവളത്തില്‍ വെച്ചുള്ള പ്രതിഷേധത്തിന് യൂത്ത് കോണ്‍ഗ്രസിന് രണ്ടാഴ്ച്ച വിലക്കും ഇപി ജയരാജന് ഒരാഴ്ച്ചത്തെ വിലക്കും ഇന്‍ഡിഗോ ഏര്‍പ്പെടുത്തിയിരുന്നു. ഈ വിലക്കില്‍ പ്രതിഷേധിച്ചാണ് താനിനി ഇന്‍ഡിഗോയില്‍ കയറില്ലെന്ന് ഇപി പ്രഖ്യാപിച്ചത്. ഇത് തിരുവനന്തപുരത്തേക്കുള്ള ഇപിയുടെ യാത്രയെ കാര്യമായി ബാധിച്ചിരുന്നു. പിന്നീട് വന്ദേഭാരത് സര്‍വ്വീസ് തുടങ്ങിയതു മുതലാണ് ഇപിക്ക് യാത്ര സുഗമമായത്. വന്ദേഭാരതിന്റെ ഗുണങ്ങളെക്കുറിച്ചും ഇപി വാചാലനായിരുന്നു. എന്നാല്‍ ഇന്‍ഡിഗോ ക്ഷമാപണം നടത്തിയെങ്കിലും ഇപി ബഹിഷ്‌കരണം തുടരുകയായിരുന്നു.
എയര്‍ ഇന്ത്യ വന്നതോടെ യാത്ര അതിലായിരുന്നു. അതിനിടെയാണ് യെച്ചൂരിയുടെ വിയോഗം വരുന്നതും ഡല്‍ഹിയിലേക്ക് പെട്ടെന്ന് പുറപ്പെടേണ്ട സാഹചര്യം വന്നതും. ബഹിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് ഇപി ജയരാജന്‍ അന്ന് പറഞ്ഞത് ഇങ്ങനെയാണ്; 'ഏറ്റവും കൂടുതല്‍ ഇന്‍ഡിഗോയില്‍ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തത് താനും ഭാര്യയുമായിരിക്കും. വൃത്തികെട്ട കമ്പനിയാണിത്. തെറ്റു ചെയ്തവര്‍ക്ക് നേരെ നടപടിയെടുക്കാനല്ല താല്‍പ്പര്യം കാണിച്ചത്. അതുകൊണ്ട് തന്നെ ഈ കമ്പനിയുടെ വിമാനത്തില്‍ താന്‍ കയറില്ല. മാന്യമായി സര്‍വ്വീസ് നടത്തുന്ന മറ്റു വിമാനങ്ങളിലേ പോകൂ.' എന്നാല്‍ രണ്ടു വര്‍ഷത്തിന് ശേഷം പിണക്കം മറന്ന് ഇന്‍ഡിഗോ തന്നെ തെരഞ്ഞെടുക്കുകയായിരുന്നു ഇപി ജയരാജന്‍.