മലബാര്‍ മെഡിക്കല്‍ കോളേജില്‍ ഗര്‍ഭസ്ഥശിശുവും അമ്മയും മരിച്ച സംഭവം; യുവതിയുടെ മൃതദേഹവുമായി ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം; ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി കുടുംബം

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍നടപടിയെന്ന് പൊലീസ്

Update: 2024-09-14 13:31 GMT

കോഴിക്കോട്: കോഴിക്കോട് ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗര്‍ഭസ്ഥ ശിശുവും അമ്മയും മരിച്ച സംഭവത്തില്‍ യുവതിയുടെ മൃതദേഹവുമായി ആശുപത്രിക്ക് മുന്നില്‍ കടുത്ത പ്രതിഷേധവുമായി ബന്ധുക്കളും നാട്ടുകാരും. ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രതിഷേധം അവസാനിപ്പിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. നരഹത്യക്ക് കേസെടുക്കുമെന്ന് പോലീസ് അറിയിച്ചതായി പ്രതിഷേധക്കാരും പറഞ്ഞു. മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് തുടര്‍നടപടി എടുക്കുമെന്നാണ് ആശുപത്രി മാനേജ്മെന്റ് വിശദീകരിച്ചത്. ബന്ധുക്കള്‍ ആരോഗ്യമന്ത്രിക്കും പരാതി നല്‍കി. അശ്വതിയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

എകരൂല്‍ ഉണ്ണികുളം ആര്‍പ്പറ്റ വിവേകിന്റെ ഭാര്യ അശ്വതി(35)യും കുഞ്ഞുമാണ് കഴിഞ്ഞ ദിവസം മരിച്ചത്. ചികിത്സപ്പിഴവാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ നല്കിയ പരാതിയില്‍ അത്തോളി പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍, ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചിരിക്കുകയാണ്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം കഴിഞ മൃതദേഹവുമായാണ് നാട്ടുകാര്‍ അത്തോളി മലബാര്‍ മെഡിക്കല്‍ കോളേജിന് മുന്നിലെത്തിയത്. അശ്വതിയുടെ മൃതദേഹവുമായി ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിക്കാനായിരുന്നു നീക്കം. റോഡില്‍ ബസ് കുറുകെയിട്ട് പോലീസ് ആംബുലന്‍സും പ്രതിഷേധക്കാരെയും തടഞ്ഞു. പോലീസുമായി വാക്കുതര്‍ക്കവും ഉന്തും തള്ളും ഉണ്ടായി.

ആശുപത്രിക്കെതിരെ നരഹത്യക്ക് കേസ് എടുക്കണം, വീഴ്ച വരുത്തിയ ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കണം എന്നായിരുന്നു ആവശ്യം. പിറകെ പ്രതിഷേധക്കാര്‍ കോഴിക്കോട് - പേരാമ്പ്ര റോഡ് തടഞ്ഞു. ബന്ധുക്കളും സമരക്കാരും ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് പ്രതിഷേധം അവസാനിച്ചത്. നടപടി ഇല്ലെങ്കില്‍ വീണ്ടും സമരം നടത്തുമെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി.

സെപ്റ്റംബര്‍ ഏഴിനാണ് അശ്വതിയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തേക്കുറിച്ച് ബന്ധുക്കള്‍ പറയുന്നത്: ബുധനാഴ്ച ഉച്ചയായപ്പോഴേക്കും പ്രസവവേദനയുണ്ടായി. സാധാരണരീതിയില്‍ പ്രസവം നടക്കുമെന്നാണ് ആശുപത്രിയധികൃതര്‍ അറിയിച്ചത്. രാത്രിയോടെ വേദന അസഹനീയമായപ്പോള്‍ സിസേറിയന്‍ ചെയ്യണമെന്ന് അശ്വതി ആവശ്യപ്പെട്ടെങ്കിലും ചെയ്യാന്‍ ഡോക്ടര്‍ തയ്യാറായില്ല.

വ്യാഴാഴ്ച പുലര്‍ച്ചെ ഗര്‍ഭപാത്രം തകര്‍ന്ന് കുട്ടി മരിച്ചെന്ന് ആശുപത്രിയധികൃതര്‍ അറിയിച്ചു. ഗര്‍ഭപാത്രം നീക്കിയില്ലെങ്കില്‍ അശ്വതിയുടെ ജീവനും അപകടത്തിലാകും എന്നറിയിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ അനുമതിനല്‍കി. ഗര്‍ഭപാത്രം നീക്കുകയും ചെയ്തു. ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായതോടെ വെന്റിലേറ്ററിലേക്കു മാറ്റി. വെള്ളിയാഴ്ച ഉച്ചയ്ക്ക് കോഴിക്കോട്ടുള്ള സ്വകാര്യാശുപത്രിയിലേക്ക് മാറ്റിയെങ്കിലും 3.30-ഓടെ മരിച്ചു.

ആശുപത്രി അധികൃതര്‍ പറയുന്നത്

രണ്ടാം പ്രസവത്തിനാണ് അശ്വതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യത്തേത് സുഖപ്രസവമായിരുന്നു. ഇത്തവണ രക്തസമ്മര്‍ദം കൂടുന്ന സ്ഥിതിയുണ്ടായിരുന്നു. വ്യാഴാഴ്ച വെളുപ്പിന് മൂന്നുമണിക്ക് പ്രസവം അടുത്തതായിക്കണ്ടു. പെട്ടെന്ന് കുഞ്ഞിന്റെ ഹൃദയമിടിപ്പ് കുറയുന്നതായി കണ്ടതുകൊണ്ട് സിസേറിയനായി ഓപ്പറേഷന്‍ തിയേറ്ററിലേക്ക് മാറ്റി.

വയര്‍ തുറന്നപ്പോള്‍ ഗര്‍ഭപത്രത്തില്‍ വിള്ളലുണ്ടായതായും മറുപിള്ള വേര്‍പെട്ടതായും കണ്ടു. കുഞ്ഞിനെ പുറത്തെടുത്തു. രക്തസ്രാവം നിയന്ത്രിക്കാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും സ്വീകരിച്ചു. എക്മോ എന്ന നൂതനചികിത്സാരീതി വേണമെന്നതിനാല്‍ രോഗിയെ കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലേക്ക് റഫര്‍ചെയ്തു. ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ വിശദീകരിച്ചു.

തിരുവോണം പ്രമാണിച്ച് നാളെ ( 15.09.2024)ഓഫീസിന് അവധി ആയതിനാല്‍ അപ്‌ഡേഷന്‍ ഉണ്ടായിരിക്കുന്നതല്ല- എഡിറ്റര്‍.

Tags:    

Similar News