ചീഡോ ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞടിച്ചു; ഇന്ത്യന്‍ മഹാസമുദ്രത്തിലുള്ള ഫ്രഞ്ച് ദ്വീപില്‍ കനത്ത നാശനഷ്ടങ്ങള്‍; ആയിരത്തിലധികം പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; ഒന്നും ചെയ്യാനാവാതെ ഫ്രാന്‍സ്
ചീഡോ ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞടിച്ചു
മയോട്ടെ: ഫ്രാന്‍സിന്റെ ഭാഗമായ മേയോട്ട് ദ്വീപില്‍ ആഞ്ഞടിച്ച ചിഡോ ചുഴലിക്കാറ്റ് ജീവനെടുത്തത് ആയിരങ്ങളുടെ എന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ കണക്കുകളെ ഉദ്ധരിച്ച് ഒരു പ്രാദേശിക മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശനിയാഴ്ചയായിരുന്നു ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ദ്വീപില്‍ ഉഷ്ണമേഖല കൊടുങ്കാറ്റ് ആഞ്ഞടിച്ചത്. വ്യാപകമായ നാശനഷ്ടങ്ങള്‍ ഇതുണ്ടാക്കിയിട്ടുണ്ട്.
ഫ്രാന്‍സ് ആഭ്യന്തര മന്ത്രാലയം ഞായാറാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. ചുരുങ്ങിയത് 11 പേരെങ്കിലും മരണമടയുകയും 250 ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്നാണ്. എന്നാല്‍, മരണസംഖ്യ കുത്തനെ ഉയരാന്‍ സാധ്യതയുണ്ടെന്നും അതില്‍ പറഞ്ഞിരുന്നു. ആഫ്രിക്ക തീരത്തിനടുത്തായി, തെക്ക് കിഴക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്ഥിതിചെയ്യുന്നെ മെയോട്ട ഫ്രാന്‍സിന്റെ അധീനതയിലുള്ള ഏറ്റവും ദാരിദ്ര്യം നിറഞ്ഞ ദ്വീപാണ്. മാത്രമല്ല, യൂറോപ്യന്‍ യൂണിയന്‍ പ്രദേശങ്ങളിലെ ഏറ്റവും ദരിദ്രമായ പ്രദേശം കൂടിയാണിത്.
ലോഹ തകിടുകള്‍ കൊണ്ട് തീര്‍ത്ത ചേരികളിലും, താത്ക്കാലിക പാര്‍പ്പിടങ്ങളിലുമാണ് ഏറ്റവുമധികം നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുള്ളതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മെയോട്ടയുടെ ഭൂരിഭാഗം ഇടങ്ങളിലും ഇത്തരത്തിലുള്ള ചേരികളും താത്ക്കാലിക പാര്‍പ്പിടങ്ങളുമാണുള്ളത്. ചേരികളുടെ അവസ്ഥ കണ്ടാല്‍ തന്നെ ഔദ്യോഗിക കണക്കുകള്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്നും അതി വിദൂരമാണെന്ന് മനസ്സിലാക്കാം എന്നാണ് മെയോട്ടാ ലാ ടി വിയിലെ ഫ്രാങ്കോയിസ് സേവ്യര്‍ ബ്യൂവില്‍ പറയുന്നത്.
തെക്ക് കിഴക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ വെള്ളിയാഴ്ചയും ശനിയാഴ്ചയും ആഞ്ഞടിച്ച ചിഡോ, മൊകോറോസ്, മഡഗാസ്‌കര്‍ ദ്വീപുകളിലും നാശം വിതറി. അതിനു ശേഷം ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ മൊസാംബിക്കില്‍ മലയിടിച്ചിലിന് കാരണമാവുകയും ചെയ്തു. എന്നാല്‍, ചിഡോയുടെ സഞ്ചാരപാതയില്‍ സ്ഥിതി ചെയ്യുന്ന മെയോട്ടയിലാണ് കടുത്ത നാശനഷ്ടം ഉണ്ടായത്.
ഫ്രഞ്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത് മണിക്കൂറില്‍ 136 മൈല്‍ വേഗതയിലാണ് ചിഡോ ആഞ്ഞടിച്ചത് എന്നാണ്. ഇതോടെ കൊടുങ്കാറ്റുകളുടെ തീവ്രത അളക്കുന്ന സ്‌കെയിലില്‍ രണ്ടാം സ്ഥാനത്തുള്ള കാറ്റഗരി 4 കൊടുങ്കാറ്റായി ഇത് മാറിയിരിക്കുകയാണ്. രണ്ട് പ്രധാന ദ്വീപുകളിലായി വ്യാപിച്ചു കിടക്കുന്ന 3 ലക്ഷത്തോളം പേരാണ് മെയോട്ടയിലെ താമസക്കാര്‍. മരങ്ങള്‍ കടപുഴകി വീഴുകയും, ബോട്ടുകള്‍ മറിയുകയും, മുങ്ങുകയും ചെയ്തതായി പ്രദേശവാസികള്‍ പറയുന്നു. പലയിടങ്ങളിലും വൈദ്യുതി വിതരണവും മുടങ്ങിയിട്ടുണ്ട്.
ഫ്രാന്‍സില്‍ നിന്നും തൊട്ടടുത്ത ഫ്രഞ്ച് പ്രവിശ്യയായ റീയൂണിയനില്‍ നിന്നും രക്ഷാ പ്രവര്‍ത്തകര്‍ ദ്വീപില്‍ എത്തിയിട്ടുണ്ട്. സൈനിക വിമാനങ്ങളും കപ്പലുകളും വഴി ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളും വിതരണം ചെയ്യുന്നുണ്ട്. ദ്വീപിലെ വിമാനത്താവളത്തിന്റെ കണ്‍ടോള്‍ ടവറിന് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ സൈനിക വിമാനങ്ങള്‍ക്ക് മാത്രമെ ഇവിടെ ഇറങ്ങാന്‍ കഴിയുന്നുള്ളു.