ഉദ്യേഗസ്ഥരുടെ ചുമതല വെട്ടിച്ചുരുക്കി, തസ്തിക അപ്രസ്‌കതമായി; കെ.എസ്.ആര്‍.ടി.സി. പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായി നിയമിച്ച എല്ലാ കെ.എ.എസ്. ഉദ്യോഗസ്ഥരും മടങ്ങി: കെഎസ്ആര്‍ടിസി ഭരണം വീണ്ടും പഴയപടി

Update: 2024-11-18 05:59 GMT

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായി നിയമിച്ച എല്ലാ കെ.എ.എസ്. ഉദ്യോഗസ്ഥരും തിരിച്ചുപോകുന്നു. കെ.എസ്.ആര്‍.ടി.സി. മാനേജ്‌മെന്റില്‍ പ്രൊഫഷണലിസം കൊണ്ടുവരുന്നതിന് പ്രൊഫ. സുശീല്‍ ഖന്നയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ ഉദ്യോഗസ്ഥരെ നിയമിച്ചത്. എന്നാല്‍ പുതിയ തീരുമാനപ്രകാരം, ജനറല്‍ മാനേജര്‍ എസ്.എസ്. സരിനെ മലപ്പുറം ഡെപ്യൂട്ടി കളക്ടറായും, ജോഷോ ബെനറ്റ് ജോണിനെ പൊതുമരാമത്ത് വകുപ്പില്‍ ഫിനാന്‍ഷ്യല്‍ അസിസ്റ്റന്റായും, റോഷ്‌ന അലികുഞ്ഞിനെ ചേര്‍ത്തല വിദ്യാഭ്യാസ ജില്ലാ ഓഫീസറായും നിയമിച്ചു.

2023 നവംബര്‍ 23-ന് അന്നത്തെ സി.എം.ഡി. ബിജു പ്രഭാകറിന്റെ അഭ്യര്‍ത്ഥനപ്രകാരം നാല് കെ.എ.എസ്. ഉദ്യോഗസ്ഥരെ കെ.എസ്.ആര്‍.ടി.സി.യില്‍ നിയമിച്ചിരുന്നു. ഇതില്‍ ആര്‍. രാരാ രാജ് നേരത്തേ തന്നെ തിരിച്ചുപോയിരുന്നു. സ്വിഫ്റ്റ് ഉള്‍പ്പെടെ സ്ഥാപനത്തെ നാല് മേഖലകളായി വിഭജിച്ച് സ്വതന്ത്ര ചുമതല നല്‍കുന്നതിന് ഈ ഉദ്യോഗസ്ഥരെ കൊണ്ടുവന്നതാണ്. മുമ്പ് ഈ ചുമതല കണ്ടെത്തിയിരുന്നവരെ വിദ്യാഭ്യാസ യോഗ്യതയോ ഭരണപരമായ പരിചയസമ്പത്തോ പര്യാപ്തമല്ലാത്തവരായി വിലയിരുത്തിയതിനെത്തുടര്‍ന്നാണ് പുതിയ നിയമനമുണ്ടായത്.

എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെ (ഇ.ഡി.) നിലവിലെ സ്ഥാനങ്ങള്‍ നിലനിര്‍ത്തിയെങ്കിലും പുതിയ സ്ഥാനക്കയറ്റങ്ങള്‍ നിര്‍ത്തിവെച്ചു. എന്നാല്‍, ബിജുപ്രഭാകര്‍ സ്ഥാനമൊഴിഞ്ഞതിന് ശേഷം സ്ഥിതിഗതികള്‍ മാറി. പുറത്തുനിന്നുള്ള കെ.എ.എസ്. ഉദ്യോഗസ്ഥര്‍ക്ക് ചുമതല വെട്ടിച്ചുരുക്കുകയും തസ്തികകള്‍ അപ്രസക്തമാക്കുകയും ചെയ്തു. ഇ.ഡി. ആയി വിരമിച്ച ഒരുദ്യോഗസ്ഥന് ഗതാഗതമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമനം ലഭിച്ചതോടെ കെ.എ.എസ്. ഉദ്യോഗസ്ഥര്‍ക്കെതിരായ നീക്കങ്ങള്‍ക്ക് ഭാരം കൂടി.

എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിര്‍ദേശിച്ചതോടെ പ്രതിഷേധവുമായി കെ.എ.എസ്. ഉദ്യോഗസ്ഥര്‍ രംഗത്തെത്തി. തര്‍ക്കത്തിനൊടുവില്‍, നിയമിച്ച കെ.എ.എസ്. ഉദ്യോഗസ്ഥരെല്ലാം തിരിച്ചുപോകാന്‍ തീരുമാനിച്ചിരിക്കുകയാണ്.

Tags:    

Similar News