പാക്ക് ഭീകരതാവളങ്ങള്‍ ചുട്ടെരിച്ച ഓപ്പറേഷന്‍ സിന്ദൂര്‍: സുരക്ഷാ സേനയ്ക്ക് നേരെ ചാവേറാക്രമണ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; ജമ്മു കശ്മീരിലും പഞ്ചാബിലും ബിഹാറിലും അതീവ ജാഗ്രത

ജമ്മു കശ്മീരിലും പഞ്ചാബിലും ബിഹാറിലും അതീവ ജാഗ്രത

Update: 2025-05-08 15:26 GMT

ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെ ഭീകരതാവളങ്ങള്‍ ചുട്ടെരിച്ച ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്ത്യന്‍ സുരക്ഷ സേനയ്ക്ക് നേരെ ചാവേര്‍ ആക്രമണത്തിന് നീക്കവുമായി പാക്കിസ്ഥാന്‍ ഭീകരസംഘടനകള്‍. ഭീകരാക്രമണ സാധ്യതയെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്ന് ജമ്മു കശ്മീരിലും പഞ്ചാബിലും ബിഹാറിലും അതീവ ജാഗ്രത നിര്‍ദേശം നല്‍കി.

ജയ്ഷ്-ഇ-മുഹമ്മദ്, ലഷ്‌കര്‍-ഇ-തൊയ്ബ എന്നീ ഭീകരസംഘടനകള്‍ സുരക്ഷാ സേനയ്ക്ക് നേരെ ചാവേറാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്നാണ് ജമ്മു കശ്മീരിലും പഞ്ചാബിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ബിഹാറിലും അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ബി രാജേന്ദറിന്റെ ഉത്തരവിനെ തുടര്‍ന്ന് എല്ലാ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും അവധികള്‍ അടിയന്തരമായി റദ്ദാക്കി. ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ബിഹാറിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയത്.

ബുധനാഴ്ച രാത്രി വൈകിയും ഇന്ന് രാവിലെയുമായി ജമ്മു കശ്മീര്‍, പഞ്ചാബ്, ഗുജറാത്ത് ഉള്‍പ്പെടെ രാജ്യത്തിന്റെ വടക്ക്, പടിഞ്ഞാറന്‍ ഭാഗങ്ങളിലെ 15 നഗരങ്ങളിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള പാകിസ്താന്‍ ശ്രമങ്ങള്‍ വിഫലമാക്കിയതായി ഇന്ത്യ വ്യക്തമാക്കി. പാക് സേന ഉപയോഗിച്ച ഡ്രോണുകളും മിസൈലുകളും ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തു.

പാകിസ്താന്‍ ഇന്ത്യയുടെ സൈനികകേന്ദ്രങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചതോടെ ഇന്ത്യ പ്രത്യാക്രമണം നടത്തുകയും ലാഹോറിലെ വ്യോമപ്രതിരോധ സംവിധാനങ്ങളടക്കം തകര്‍ക്കുകയും ചെയ്തിരുന്നു.

അവന്തിപുര, ശ്രീനഗര്‍, ജമ്മു, പത്താന്‍കോട്ട്, അമൃത്സര്‍, കപൂര്‍ത്തല, ജലന്ധര്‍, ലുധിയാന, ആദംപൂര്‍, ഭട്ടിന്‍ഡ, ചണ്ഡീഗഡ്, നാല്‍, ഫലോഡി, ഉത്തര്‍ലായ്, ഭുജ് എന്നിവയുള്‍പ്പെടെ നിരവധി സൈനിക കേന്ദ്രങ്ങളെ ആക്രമിക്കാനായിരുന്നു പാകിസ്ഥാന്റെ ശ്രമം. ഇന്റഗ്രേറ്റഡ് കൗണ്ടര്‍ യുഎഎസ് ഗ്രിഡും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഉപയോഗിച്ചാണ് പാക് ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ ഇന്ത്യ പരാജയപ്പെടുത്തിയത്. എസ്-400 സുദര്‍ശന്‍ചക്ര വ്യോമ മിസൈല്‍ വേധ പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് ഇന്ത്യ പാക് നീക്കത്തെ ഫലപ്രദമായി തടുത്തത്.

മറുപടിയായി ഇന്ന് രാവിലെ ഹാര്‍പി ഡ്രോണുകള്‍ ഉപയോഗിച്ച് ഇന്ത്യ നടത്തിയ ആക്രമണത്തില്‍ ലാഹോറിലെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. എക്‌സിലൂടെയാണ് ഇക്കാര്യം ഇന്ത്യന്‍ സൈന്യം വ്യക്തമാക്കിയത്. 12 ഇന്ത്യന്‍ ഡ്രോണുകള്‍ പാക് വ്യോമ മേഖലയില്‍ ആക്രമണം നടത്തിയെന്ന് പാകിസ്ഥാനും സ്ഥിരീകരിച്ചു. സിയാല്‍കോട്ട്, കറാച്ചി, ലാഹോര്‍ വിമാനത്താവളങ്ങള്‍ ഇന്ന് രാവിലെ അടച്ചിരുന്നു. കേന്ദ്രീകൃതവും അളന്നുകുറിച്ചുള്ളതും സംഘര്‍ഷം ഉയര്‍ത്താത്ത വിധവും ആക്രമണം തുടരുമെന്നാണ് ഇന്ത്യന്‍ നിലപാട്.

അതേസമയം, ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ നടത്തിയ ആക്രമണങ്ങളില്‍ നൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു. പാകിസ്ഥാന്‍ ആക്രമിച്ചാല്‍ ഇന്ത്യ തിരിച്ചടിക്കുമെന്നും പ്രതിരോധ മന്ത്രി സര്‍വകക്ഷി യോഗത്തില്‍ പറഞ്ഞു. ദേശീയ സുരക്ഷ മുന്‍നിര്‍ത്തി എല്ലാ വിശദാംശങ്ങളും പങ്കിടാന്‍ ഈ ഘട്ടത്തില്‍ സര്‍ക്കാരിന് കഴിയില്ലെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ സര്‍ക്കാരിന് പ്രതിപക്ഷ പാര്‍ട്ടികള്‍ പൂര്‍ണ പിന്തുണയും യോഗത്തില്‍ പ്രഖ്യാപിച്ചു.

Tags:    

Similar News