'ഫോട്ടോ എടുത്തത് മന്ത്രിയുടെ വിഷമം മാറ്റാന്‍'; മന്ത്രിയെന്നതിനു അപ്പുറം സഹോദരതുല്യം ആണ് ഞങ്ങളോട് ഇടപെട്ടത്; ഞങ്ങള്‍ക്കും കുറഞ്ഞ മണിക്കൂറുകള്‍ക്കുള്ളില്‍ മിനിസ്റ്ററോട് അത്രയും അടുപ്പം ഉണ്ടായി; അതുകൊണ്ടാണ് ഈ ഫോട്ടോ എടുത്തത്; വീണ ജോര്‍ജിനൊപ്പം സെല്‍ഫി എടുത്തതില്‍ വിശദീകരണവുമായി നഴ്‌സ്

'ഫോട്ടോ എടുത്തത് മന്ത്രിയുടെ വിഷമം മാറ്റാന്‍'

Update: 2026-02-27 02:09 GMT

കണ്ണൂര്‍: കെഎസ് യു പ്രതിഷേധത്തിനിടെ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനൊപ്പം സെല്‍ഫി എടുത്തതില്‍ വിശദീകരണവുമായി നഴ്‌സ് സ്മിത പിഎസ്. മന്ത്രിയുടെ മാനസിക വിഷമം മാറ്റാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ ഒരു ഫോട്ടോ എടുത്തതെന്നാണ് സ്മിത പറയുന്നത്.

നേരത്തെ ഐസിയുവില്‍ വെച്ച് മന്ത്രിക്കൊപ്പം സെല്‍ഫി എടുത്തത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിരുന്നു. കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസും അടക്കമുള്ളവര്‍ ഈ നടപടിക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. മന്ത്രി ഗുരുതരമായ ശാരീരിക അവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെ ഇത്തരത്തില്‍ സെല്‍ഫി എടുത്തത് അനാവശ്യമാണെന്നായിരുന്നു പ്രധാന ആരോപണം.

എന്നാല്‍ ഈ വിമര്‍ശനങ്ങളെ സ്മിത തള്ളിക്കളയുകയാണ്. മന്ത്രിയുമായി തനിക്ക് വര്‍ഷങ്ങളായുള്ള ബന്ധമുണ്ടെന്നും അവര്‍ക്ക് നല്‍കുന്ന ഒരു സ്‌നേഹസമ്മാനമായിട്ടാണ് ഫോട്ടോ എടുക്കാന്‍ തീരുമാനിച്ചതെന്നും സ്മിത തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഇതിലൂടെ മന്ത്രിക്ക് ലഭിക്കുന്ന സന്തോഷം തനിക്ക് വലിയ കാര്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ആഹാരം കൊടുത്തതിനു ശേഷം കിടത്തുന്നതിനു മുന്‍പാണ് സെല്‍ഫി എടുത്തതെന്നും അവര്‍ വിശദീകരിച്ചു. ഞങ്ങള്‍ icu വിലെ സിസ്റ്റേഴ്‌സ് ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് മിനിസ്റ്ററോട് ചോദിച്ചു. മിനിസ്റ്റര്‍ ആകട്ടെ എന്ന് പറഞ്ഞു മിനിസ്റ്റര്‍ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ വേദന , ശരീരത്തിനേറ്റ ക്ഷതം ഇവയൊക്കെ നേരില്‍ കാണുന്ന ഞങ്ങള്‍ പ്രിയപ്പെട്ട മിനിസ്റ്ററോട് പറഞ്ഞു ഒന്നും വിഷമിക്കേണ്ട ഞങ്ങള്‍ എല്ലാവരും കൂടെ ഉണ്ട് . മിനിസ്റ്ററെ ചേര്‍ത്ത് പിടിച്ചൊരു ഫോട്ടോ അങ്ങനെ എടുത്തതാണെന്നും സ്മിത ഫേസ്ബുക്ക് കുറിപ്പില്‍ വിശദീകരിക്കുന്നു.

സ്മിതയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

എത്ര ക്രൂരമാണ് ഈ ലോകം . ഇന്നലെ രാത്രിയാണ് പ്രിയപ്പെട്ട മിനിസ്റ്റര്‍ Veena George വിദഗ്ധ പരിശോധനക്ക് പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തുന്നത് . MRI സ്‌കാന്‍ രാത്രി തന്നെ ചെയ്തു .കടുത്ത കഴുത്തു വേദന , ഉയര്‍ന്ന രക്തസമ്മര്‍ദം . രാത്രിയില്‍ മിനിസ്റ്റര്‍ ഭക്ഷണം കഴിച്ചില്ല . ഉറങ്ങിയത് രണ്ടു മണിക്കൂര്‍ . കടുത്ത ശരീര വേദനക്കൊപ്പം മിനിസ്റ്റര്‍ മാനസികമായി ഏറെ വിഷമം അനുഭവിക്കുന്നു എന്ന് ഞങ്ങള്‍ക്ക് മനസ്സിലായി . രാവിലെയും ഭക്ഷണം വേണ്ട എന്ന് പറഞ്ഞു . ഞങ്ങള്‍ നിര്‍ബന്ധിച്ചു ഒരു ഇഡലി കഴിപ്പിച്ചു .ആഹാരം കൊടുത്തതിനു ശേഷം കിടത്തുന്നതിനു മുന്‍പ് ഞങ്ങള്‍ icu വിലെ സിസ്റ്റേഴ്‌സ് ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് മിനിസ്റ്ററോട് ചോദിച്ചു. മിനിസ്റ്റര്‍ ആകട്ടെ എന്ന് പറഞ്ഞു മിനിസ്റ്റര്‍ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ വേദന , ശരീരത്തിനേറ്റ ക്ഷതം ഇവയൊക്കെ നേരില്‍ കാണുന്ന ഞങ്ങള്‍ പ്രിയപ്പെട്ട മിനിസ്റ്ററോട് പറഞ്ഞു ഒന്നും വിഷമിക്കേണ്ട ഞങ്ങള്‍ എല്ലാവരും കൂടെ ഉണ്ട് . മിനിസ്റ്ററെ ചേര്‍ത്ത് പിടിച്ചൊരു ഫോട്ടോ അങ്ങനെ എടുത്തതാണ് . എന്റെ ഉള്‍പ്പടെ പിന്തുണ അറിയിക്കല്‍ കൂടിയാണത് . മന്ത്രിയെന്നതിനു അപ്പുറം സഹോദരതുല്യം ആണ് ഞങ്ങളോട് ഇടപെട്ടത് . ഞങ്ങള്‍ക്കും കുറഞ്ഞ മണിക്കൂറുകള്‍ക്കുള്ളില്‍ മിനിസ്റ്ററോട് അത്രയും അടുപ്പം ഉണ്ടായി . അതുകൊണ്ടാണ് ഈ ഫോട്ടോ എടുത്തത് . മിനിസ്റ്റര്‍ അഭിനയിച്ചു , നാടകം കളിച്ചു എന്ന പ്രചാരണം മനുഷ്യത്വം ഇല്ലായ്മയാണ്.മിനിസ്റ്റര്‍ക്കെതിരെയുള്ള വ്യക്തിപരമായ പ്രചരണങ്ങളിലെ അസത്യം ഞങ്ങള്‍ നേരിട്ട് തിരിച്ചറിയുന്നു . ആക്ഷേപിക്കുന്നവരോട് , മന്ത്രി cannula ഇട്ടിട്ടുണ്ട് . ഭക്ഷണസമയം disconnect ചെയ്തതാണ് .സൂചി ഇട്ടിട്ടുണ്ട് . മുന്‍പ് ഇട്ടയിടത്തു നിറം മാറ്റം ഉണ്ടായതു കൊണ്ട് കൈത്തണ്ടയുടെ lower ഭാഗത്താണ് ഇട്ടതു .

ഇത്ര ക്രൂരത അരുത്. ദയവായി അല്പം ദയ കാണിക്കുക .


Full View

അതേസമയം മന്ത്രി വീണാ ജോര്‍ജ് ഇപ്പോള്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയി തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്. അവരുടെ ആരോഗ്യ നില മെച്ചപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാകും മന്ത്രിയുടെ തുടര്‍ ചികിത്സ നടക്കുക.

Tags:    

Similar News