മലയാളികളുടെ പോക്കറ്റടിച്ചു ബസ് ലോബികള്‍; 1800 രൂപ വരെ അധികം ചാര്‍ജ്; അവിട്ടം കഴിഞ്ഞു തിരിച്ചു പോകുമ്പോഴും രക്ഷയില്ല! ഓണത്തിനു കേരളത്തെ ഞെട്ടിച്ചത് റെയില്‍വേ!

ബംഗളൂരു, ചെന്നൈ, മൈസൂരു എന്നിവിടങ്ങളില്‍ നിന്നു ഇന്നലെ സ്പെഷ്യല്‍ സര്‍വ്വീസുകള്‍ക്ക് 7000 രൂപ വരെ ഈടാക്കിയ ഏജന്‍സികളുണ്ട്.

Update: 2024-09-14 05:17 GMT

തിരുവനന്തപുരം: തിരുവോണത്തിനു നാടുപിടിക്കാന്‍ നെട്ടോട്ടമോടുന്ന മലയാളികളെ കൊള്ളയടിച്ചു കേരള, അന്തര്‍ സംസ്ഥാന ബസ് ലോബികള്‍. ബംഗളൂരു, ചെന്നൈ, മൈസൂരു എന്നിവിടങ്ങളില്‍ നിന്നു ഇന്നലെ സ്പെഷ്യല്‍ സര്‍വ്വീസുകള്‍ക്ക് 7000 രൂപ വരെ ഈടാക്കിയ ഏജന്‍സികളുണ്ട്. കൂടാതെ കേരളത്തിലെ തന്നെ ബസ് ഏജന്‍സികളും മോശമല്ല.

തിരുവനന്തപുരത്തു നിന്നും വയനാട്ടിലേയ്ക്ക് ഉള്‍പ്പടെ ബസ്സ് ബുക്ക് ചെയ്തവരുടെ കണ്ണുതള്ളി. 1800 രൂപയില്‍ അധിക ചാര്‍ജാണ് ഈടാക്കുന്നത്. എന്തായാലും അവിട്ടം കഴിഞ്ഞു ജോലി സ്ഥലങ്ങളിലേയ്ക്ക് തിരിച്ചു പോകുന്നവരെയും പിഴിയാന്‍ തയ്യാറായി നില്‍ക്കുകയാണ് ലോബികള്‍. ബാംഗ്ലൂരിലേക്കും ചെന്നൈയിലേക്കും എല്ലാം ബസുകള്‍ക്ക് ചാകര. മുംബൈയില്‍ നിന്നും വരാനും തീവണ്ടികളില്ല. എയര്‍ ഇന്ത്യാ എക്‌സ്പ്രസു വൈകി പറന്ന് ഓണം കൊളമാക്കി. പക്ഷേ റെയില്‍വേ ചതിയാണ് മലയാളിയെ ഞെട്ടിച്ചത്.

അതേസമയം കെ എസ് ആര്‍ ടി സിയുടെ ഇന്നുവരെയുള്ള മിക്ക സീറ്റുകളും ബുക്ക് ചെയ്ത സാഹചര്യമാണുള്ളത്. 1400-1800 വരെയാണ് നിരക്ക്. എന്തായാലും കെ എസ് ആര്‍ ടി സിയും സ്പെഷ്യല്‍ സര്‍വ്വീസുകളുമായി രംഗത്തുണ്ട്. കഴിഞ്ഞദിവസം ഉച്ചവരെ പത്തിലേറെ എറണാകുളത്തെത്തി. നിരവധി ബസ്സുകള്‍ യാത്രകളിലുമാണ്. ഇവിടെ നിന്നും മറ്റു ജില്ലകളിലേയ്ക്ക് കണക്ഷന്‍ സര്‍വ്വീസുകളും ഒരുക്കിയിട്ടുണ്ട്.

കണ്ണൂര്‍, കോഴിക്കോട്, മാനന്തവാടി, തിരുവനന്തപുരം കൊല്ലം ജില്ലകളിലേയ്ക്കാണ് കൂടുതലും സര്‍വ്വീസുകളുള്ളത്. മറ്റു ജില്ലകളെ ബന്ധിപ്പിച്ചാണിവ. ആളുകള്‍ കൂടുതലായി എത്തുന്ന മുറയ്ക്ക് സര്‍വ്വീസുകളുടെ എണ്ണവും കൂട്ടുമെന്നാണ് കെ എസ് ആര്‍ ടി സിയില്‍ നിന്നും ലഭിക്കുന്ന വിവരം. വലിയ ലാഭം കെ എസ് ആര്‍ ടി സി ഉണ്ടാക്കുന്നുണ്ട്.

അതേസമയം 129 അധിക സര്‍വ്വീസുകളുമായി റെയില്‍വേയും രംഗത്തുണ്ട്. മലയാളികള്‍ക്കായി സതേണ്‍ റെയില്‍വേ ട്രെയിനുകളുടെ സീറ്റിന്റെ എണ്ണം കൂട്ടിയിട്ടുണ്ട്. സ്ഥിരം ട്രെയിനുകളില്‍ അധിക കോട്ടുകള്‍ അനുവദിച്ചിട്ടുണ്ട്. അവശ്യാനുസരണം 190 അധിക കോച്ചുകളാണ് അനുവദിച്ചിരിക്കുന്നത്. വെയിറ്റിംഗ് ലിസ്റ്റിലുള്ളവര്‍ക്ക് ഉപകാരപ്രധമാണ് കൂടുതല്‍ കോച്ചുകള്‍. പക്ഷേ ഇതൊന്നും ആവശ്യത്തിന് അനുസരിച്ച് മതിയാകുന്നതല്ല. കൂടുതല്‍ തീവണ്ടികള്‍ അനുവദിക്കുമെന്ന് ഏവരും പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. അങ്ങനെ മലയാളിയുടെ യാത്രാ ദുരിതം കൂടി.

129 സ്പെഷ്യല്‍ ട്രെയിനുകളും ഓണത്തിനോടനുബന്ധിച്ച് സര്‍വ്വീസ് നടത്തും. 1,48,200 അധികം പേര്‍ക്ക് ഇതോടെ യാത്ര ചെയ്യാനുളള സൗകര്യം ലഭ്യമാകും. 2023 ല്‍ 52 ട്രെയിനുകളും 2022 ല്‍ 22 എണ്ണവും മാത്രം അനുവദിച്ച സമയത്താണ് ഇത്തവണ 129 ട്രെയിനുകള്‍ അനുവദിച്ചിരിക്കുന്നത് എന്ന വാദം റെയില്‍വേയും ഉയര്‍ത്തുന്നു. എന്നാല്‍ കേരളത്തിന് പുറത്ത് മലയാളി കൂടുതല്‍ ഉള്ളിടത്തേക്ക് തീവണ്ടി ഇല്ലെന്നതാണ് വസ്തുത.

Tags:    

Similar News