'ഭാരതത്തെ നശിപ്പിക്കാന്‍ രാജ്യദ്രോഹ നടപടികളുമായി ആരിറങ്ങിയാലും താന്‍ പോരാട്ടം തുടരും; തന്റേടത്തോടെ ശക്തമായി മുന്നോട്ടു പോകും'; ജാമ്യം കിട്ടിയ പി സി ജോര്‍ജ്ജിന്റെ പ്രതികരണം ഇങ്ങനെ; കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ആയതോടെ പാല സ്വകാര്യ ആശുപത്രിയില്‍ തുടര്‍ചികിത്സക്കായി ജോര്‍ജ്ജ്

'ഭാരതത്തെ നശിപ്പിക്കാന്‍ രാജ്യദ്രോഹ നടപടികളുമായി ആരിറങ്ങിയാലും താന്‍ പോരാട്ടം തുടരും

Update: 2025-02-28 10:05 GMT

കോട്ടയം: വിദ്വേഷ പരമാര്‍ശ കേസില്‍ ജാമ്യം കിട്ടിയ പിസി ജോര്‍ജിനെ തുടര്‍ന്ന് പി സി ജോര്‍ജ്ജ് തുടര്‍ ചികിത്സക്കായി പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന സാഹചര്യത്തില്‍ ആരോഗ്യസ്ഥിതി കൂടി പരിഗണിച്ചു കൊണ്ടാണ് പി സി ജോര്‍ജ്ജിന് കോടതി ജാമ്യം അനുവദിച്ചിരുന്നത്. ജാമ്യം ലഭിച്ചതോടെ കോട്ടയം മെഡിക്കല്‍ കോളേജിലെ ചികിത്സ തല്‍ക്കാലം മതിയാക്കി സ്വകാര്യ ആശുപത്രിയില്‍ തുടരാനാണ് തീരുമാനിച്ചത്. ഇത് പ്രകാരമാണ് ജോര്‍ജ്ജിന് പാലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുക.

അതേസമയം ഭാരതത്തെ നശിപ്പിക്കാനുള്ള രാജ്യദ്രോഹ ശക്തികള്‍ക്ക് എതിരായ പോരാട്ടം തുടരുമെന്ന് മെഡിക്കല്‍ കോളേജില്‍ നിന്നും പുറത്തിറങ്ങിയ ജോര്‍ജ്ജ് മാധ്യമങ്ങളോട് പറഞ്ഞു. തന്റേടത്തോടെ മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. നാല് ദിവസത്തെ റിമാന്റിന് ശേഷം ആരോഗ്യ പ്രശ്‌നങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് ഈരാറ്റുപേട്ട കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ തെളിവ് ശേഖരണം അടക്കം പൂര്‍ത്തിയായെന്നും പൊലീസ് അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും പിസി ജോര്‍ജിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു.

തുടര്‍ച്ചയായി ജാമ്യ വ്യവസ്ഥകള്‍ ലംഘിക്കുന്നായാളാണ് പ്രതിയെന്നും ജാമ്യം നല്‍കിയാണ് ഇത് ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു പ്രൊസീക്യൂഷന്‍ വാദം. എന്നാല്‍ വിദ്വേഷ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കരുതെന്ന കര്‍ശന ഉപാധിയോടെയാണ് പി സി ജോര്‍ജിന് ജാമ്യം. ചാനല്‍ ചര്‍ച്ചയിലെ മുസ്ലീം വിരുദ്ധ പരാമര്‍ശത്തിനെതിരെ യൂത്ത് ലീഗാണ് പൊലീസില്‍ പരാതി നല്‍കിയത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ തിങ്കളാഴ്ച ഈരാറ്റുപേട്ട കോടതിയില്‍ എത്തിയാണ് പി സി ജോര്‍ജ് കീഴടങ്ങിയത്.

അതേസമയം പിസി ജോര്‍ജിനെതിരേ കേസ് കൊടുത്തവര്‍ക്ക് നന്ദിയെന്ന് പി സി ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു. ജാമ്യം കിട്ടിയതില്‍ സന്തോഷം. ഈരാറ്റുപേട്ടയിലെ തീവ്രവാദത്തിനെതിരായ നിലപാട് തുടരും. കേസ് ഇല്ലായിരുന്നുവെങ്കില്‍ പിതാവിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ അറിയാന്‍ കഴിയില്ലായിരുന്നുവെന്നും ഷോണ്‍ പറഞ്ഞു. സ്വന്തം പ്രസ്താവന ആര്‍ക്കെങ്കിലും വിഷമം ഉണ്ടാക്കിയെങ്കില്‍പി സി ജോര്‍ജ് തന്നെ മാപ്പ് പറഞ്ഞതാണ്.

വക്കഫ് ബില്ലില്‍ ശക്തമായ നിലപാടെടുത്തതാണ് പി സി ജോര്‍ജിന് എതിരെ മുസ്ലിം ലീഗ് തിരിയാന്‍ കാരണമെന്നും ഷോണ്‍ വ്യക്തമാക്കി. മകനെന്ന നിലയില്‍ കേസ് കൊടുത്തവര്‍ക്ക് നന്ദി. ആശുപത്രിയില്‍ പോകാന്‍ പറഞ്ഞാല്‍ തയ്യാറാകാത്ത ആളാണ് പിസി ജോര്‍ജ്. കഴിഞ്ഞ മൂന്ന് ദിവസമായി കേരളത്തിലെ ഏറ്റവും മികച്ച ചികിത്സ ലഭിക്കാന്‍ കാരണം പരാതിക്കാരെന്നും ഷോണ്‍ വ്യക്തമാക്കി.

ജനുവരി അഞ്ചിനാണ് ചാനല്‍ ചര്‍ച്ചക്കിടെ പി സി ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഈരാട്ടുപേട്ട പൊലീസ് എടുത്ത കേസില്‍ നേരത്തെ കോട്ടയം ജില്ലാ സെഷന്‍സ് കോടതിയും പിന്നീട് ഹൈക്കോടതിയും പിസി ജോര്‍ജിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്ന് ഈരാറ്റുപേട്ട പൊലീസ് ഹാജരാകാന്‍ നോട്ടീസ് നല്‍കുകയായിരുന്നു. എന്നാല്‍ കോടതിയിലെത്തിയാണ് പി സി ജോര്‍ജ് കീഴടങ്ങിയത്. 14 ദിവസത്തെ റിമാന്‍ഡ് കാലാവധി അവസാനിക്കുന്നതിന് മുമ്പ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

കേസ് അന്വേഷണം പൂര്‍ത്തിയായെന്നാണ് പോലീസ് റിപ്പോര്‍ട്ട്. തെളിവെടുപ്പ് ഉള്‍പ്പെടെ പൂര്‍ത്തിയായെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പി.സി. ജോര്‍ജിന്റെ മുന്‍ കേസുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ വിവരിച്ചു. പി.സി. ജോര്‍ജ് ജാമ്യവ്യവസ്ഥ സ്ഥിരമായി ലംഘിക്കുന്ന ആളാണ്. ഭരണഘടനയുടെ ആമുഖത്തെ തന്നെ നിഷേധിക്കുന്ന പരാമര്‍ശമാണ് പ്രതി നടത്തിയത്. നാട്ടില്‍ സാഹൂഹിക സ്പര്‍ദ്ധ ഉണ്ടാക്കുന്ന തരത്തിലുള്ളതാണ് പരാമര്‍ശം. 30 വര്‍ഷം എം.എല്‍.എ. ആയിരുന്ന ആളില്‍ നിന്നാണ് ഇങ്ങനെ ഉണ്ടായിരിക്കുന്നതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പൊതുപ്രവര്‍ത്തകന്‍ ആയാല്‍ കേസ് ഉണ്ടാകുമെന്ന് പി.സി ജോര്‍ജിന്റെ അഭിഭാഷകന്‍ പറഞ്ഞു. ഇന്ത്യയിലെ പല പൊതുപ്രവര്‍ത്തകര്‍ക്കും കേസുകള്‍ ഉണ്ട്. അത്തരം കേസുകളേ പി.സി ജോര്‍ജിനും ഉള്ളൂ. പി.സി. ജോര്‍ജ് കോടതി വിധി തെറ്റിച്ചു എന്നതിന് തെളിവ് ഇല്ല. കേസില്‍ അന്വേഷണം പൂര്‍ത്തിയായി എന്ന് പോലീസ് തന്നെ പറഞ്ഞു. ഇതും കോടതി മുഖവിലയ്ക്കെടുത്തു.

Tags:    

Similar News