തോളിൽ തൊക്കേന്തി ഓടിവരുന്നത് ശ്രദ്ധിച്ചു; ഒറ്റ ഹെഡ് ഷോട്ടിൽ കഥ തീർന്നു; പഞ്ചാബ് അതിര്‍ത്തിയിൽ പാക്ക് നുഴഞ്ഞുകയറ്റക്കാരനെ സൈന്യം വകവരുത്തി; കയറാൻ ശ്രമിച്ചത് ഫിറോസ് ഫോർ സെക്ടറിലൂടെ; നിയന്ത്രണരേഖയിൽ സംഘർഷം തുടരുന്നു; അതീവ ജാഗ്രത!

Update: 2025-05-08 10:07 GMT

ചണ്ഡീഗഡ്: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക്ക് ബന്ധം വീണ്ടും വഷളായി ഇരിക്കുകയാണ്. പാക്കിസ്ഥാൻ പ്രകോപനം തുടരുന്നതിന് അനുസരിച്ച് ഇന്ത്യ അതെ നാണയത്തിൽ തിരിച്ച് മറുപടി നൽകുന്ന കഴ്ചയാണ് കാണുന്നത്. ഇപ്പോഴിതാ, പഞ്ചാബിലെ അതിർത്തി മേഖലയിൽ ഒരു പാക്ക് നുഴഞ്ഞുകയറ്റക്കാരനെ സൈന്യം കൊലപ്പെടുത്തിയെന്ന് വിവരങ്ങൾ. ഫിറോസ് ഫോർ സെക്ടറിൽ ആണ് നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, അതിര്‍ത്തിയില്‍ പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തില്‍ സൈനികന് വീരമൃത്യു. പൂഞ്ച്- രജൗരി മേഖലകളിലുണ്ടായ പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ലാന്‍സ് നായിക് ദിനേഷ്‌കുമാറാണ് വീരമൃത്യു വരിച്ചത്. പരിക്കേറ്റ മറ്റൊരു ജവാന്‍ ചികിത്സയിൽ കഴിയുകയാണ്.

ഷെല്ലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിനായി ശ്രീനഗറിലെ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ 10 ജില്ലകളിലായി കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.

രാവിലെ മുതലാരംഭിച്ച ഷെല്ലാക്രമണത്തില്‍ 15 പ്രദേശവാസികളും കൊല്ലപ്പെട്ടിരുന്നു. ഷെല്ലാക്രമണത്തെ തുടര്‍ന്ന് അതിര്‍ത്തിഗ്രാമങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഡെപ്യൂട്ടികമ്മീഷണര്‍മാര്‍ക്ക് നിര്‍ദേശം നൽകുകയും ചെയ്തിട്ടുണ്ട്.

ഇതിനിടെ, അതിര്‍ത്തിയിൽ പ്രകോപനം തുടരുകയാണ് പാകിസ്താൻ. കുപ്വാര, ബാരാമുള്ള, ഉറി, അഖിനൂർ മേഖകളിൽ ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ പാകിസ്താൻ വെടിയുതിർത്തു. സൈന്യം ശക്തമായി തിരിച്ചടിച്ചു. നിയന്ത്രണരേഖയിൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ മേഖലയിൽ സേനാ വിന്യാസവും വർധിപ്പിച്ചിട്ടുണ്ട്.

നൂറിലധികം കുടുംബങ്ങളെ അതിർത്തിയിൽ നിന്നും മാറ്റി പാർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കരസേന മേധാവി അതിർത്തിയിലെ സേനകൾക്ക് പൂർണ സ്വാതന്ത്ര്യം നൽകിയിരുന്നു. സംഘർഷ പശ്ചാത്തലത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. അതേസമയം ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യക്കുള്ള അന്തർദേശീയ പിന്തുണ വർധിക്കുകയാണ്.

സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽ ജുബൈർ ഡോ. എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. അതേസമയം ഇന്ത്യ- പാകിസ്താൻ സംഘർഷ പശ്ചാത്തലത്തിൽ രാജ്യത്തെ 27 വിമാനത്താവളങ്ങൾ മെയ് 10 വരെ അടച്ചിടും. 430 വിമാന സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. കഴിഞ്ഞദിവസം വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ നടത്തിയ വെടിവെപ്പിൽ പൂഞ്ചിൽ 13 പേർ കൊല്ലപ്പെട്ടു. 59 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്.

Tags:    

Similar News