ദിലീപിന്റെ അഭിഭാഷകന്‍ ബൈജു പൗലോസിനെ ക്രോസ് വിസ്താരം നടത്തിയത് 95 ദിവസം! ഇതെന്ത് വിചാരണ എന്ന് സുപ്രീംകോടതിയുടെ ചോദ്യവും; അറസ്റ്റിലായി ഏഴര വര്‍ഷങ്ങള്‍ക്ക് ശേഷം പള്‍സര്‍ സുനി പുറത്തേക്ക്; അഴിക്ക് പുറത്ത് സുനി എന്തുപറയും?

ബൈജു പൗലോസിനെ ക്രോസ് വിസ്താരം നടത്തിയത് 95 ദിവസം!

Update: 2024-09-17 06:12 GMT

ന്യൂഡല്‍ഹി: വിവാദമായ നടിയെ ആക്രമിക്കല്‍ കേസില്‍ ഒന്നാം പ്രതി പള്‍സര്‍സുനിക്ക് സുപ്രീംകോടതി ജാമ്യം അനുവദിക്കുന്നത് ഏഴര വര്‍ഷങ്ങള്‍ക്ക് ശേഷം. അറസ്റ്റിലായതിന് ശേഷം ആദ്യമായാണ് സുനിക്ക് ജാമ്യം ലഭിക്കുന്നത്. വിചാരണ നീണ്ടുപോകുന്നതാണ് സുനിക്ക് അനുകൂലമായി മാറിയത്. ഇതോടെ പുറത്തിറങ്ങുന്ന പള്‍സര്‍ സുനി എന്തു പറയും എന്ന ആകാംക്ഷയും ഉയരുന്നുണ്ട്. നേരത്തെ ദിലീപിന്റെ അഭിഭാഷകന്‍ കേസ് നീട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നു എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് തെളിവായി സുനിയുടെ അഭിഭാഷകന്‍ സുപ്രീകം കോടതിയില്‍ ചൂണ്ടിക്കാട്ടിയത് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിന്റെ കാര്യമാണ്.

ഇതോടെ ബൈജു പൗലോസിനെ വിചാരണക്കോടതിയില്‍ വിസ്തരിക്കുന്നതിന്റെ രേഖകള്‍ ഹാജരാക്കാന്‍ സുപ്രീം കോടതി നിര്‍ദേശിചിച്ചിരുന്നു. കേസിലെ പ്രതിയായ ദിലീപിന്റെ അഭിഭാഷകന്‍ ബൈജു പൗലോസിനെ 95 ദിവസമായി ക്രോസ് വിസ്താരം നടത്തുകയാണെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് വിസ്താര രേഖകള്‍ ഹാജരാക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്.

കേസിന്റെ വിചാരണ അനന്തമായി നീണ്ടു പോകുകയാണെന്ന് പള്‍സര്‍ സുനിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ശ്രീറാം പറക്കാട് ചൂണ്ടിക്കാട്ടിയിരുന്നു. 95 ദിവസമായി കേസിലെ 261-ാം സാക്ഷിയെ എട്ടാം പ്രതിയുടെ അഭിഭാഷകന്‍ ക്രോസ് വിസ്താരം ചെയ്യുന്നുവെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഇത്രയും ദിവസം ക്രോസ് വിസ്താരം നടത്തുന്നതെന്തിനെന്ന് സുപ്രീംകോടതി ആശ്ചര്യപ്പെട്ട സാഹചര്യവും ഉണ്ടായി.

തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരിനോട് 261-ാം സാക്ഷിയായ ബൈജു പൗലോസിന്റെ ക്രോസ് വിസ്താര രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചത്. പള്‍സര്‍ സുനി ഏഴ് വര്‍ഷത്തിലധികമായി ജയിലില്‍ കഴിയുകയാണെന്നും കോടതി നിരീക്ഷിച്ചു. ഇതിനെല്ലാം ശേഷമാണ് ഇപ്പോള്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഹാജരാക്കുന്ന വിസ്താര രേഖകള്‍ പരിശോധിച്ച ശേഷം പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി വിധി പറഞ്ഞിരിക്കുന്നത്.

കേസില്‍ 2017 ഫെബ്രുവരി മുതല്‍ ജയിലിലാണ് സുനി. വിചാരണ നീണ്ടു പോകുന്നതിനാലാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. അനന്തമായി ഒരാളെ ജയിലിലടക്കാനാവില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഒരാഴ്ചക്കുള്ളില്‍ വിചാരണ കോടതി ജാമ്യം നല്‍കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. വിചാരണ നടപടികള്‍ നീണ്ടുപോകുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ കേസിലെ വിചാരണ അവസാനിപ്പിച്ചുവെന്നായിരുന്നു സര്‍ക്കാറിന്റെ മറുപടി.

കേസില്‍ പള്‍സര്‍ സുനി മാത്രമാണ് ജയിലില്‍ കഴിയുന്നതെന്ന് അഭിഭാഷകരായ പരമേശ്വറും ശ്രീറാം പറക്കാടും ചൂണ്ടിക്കാട്ടി.നടന്‍ ദിലീപിന് വേണ്ടി നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ എടുത്തുവെന്നായിരുന്നു പള്‍സര്‍ സുനി മൊഴി നല്‍കിയത്. ദിലീപ് ഉള്‍പ്പെടെയുള്ള മറ്റു പ്രതികള്‍ പുറത്താണ്. 2017 മുതല്‍ ഒരിക്കല്‍പ്പോലും ജാമ്യം ലഭിച്ചിട്ടില്ല. ഇത് എന്തുതരം സമീപനമാണെന്നും അഭിഭാഷകര്‍ ചോദിച്ചു. ഇതേ ചോദ്യം തന്നെ സുപ്രീംകോടതി ഹൈകോടതിയോട് ചോദിച്ചു. ഹൈകോടതിയുടേത് എന്തുതരം സമീപനമാണെന്ന് ചോദിച്ച സുപ്രീംകോടതി, നിരന്തരമായി ജാമ്യാപേക്ഷ സമര്‍പ്പിച്ചുവെന്ന കുറ്റത്തിന് ചുമത്തിയ പിഴ സ്റ്റേ ചെയ്യുകയും ചെയ്തു.

Tags:    

Similar News