പോലീസില്‍ പരാതി എത്തിയാല്‍ ഉടന്‍ അറസ്റ്റ്; എംഎല്‍എ ഒളിവില്‍ പോകുന്നത് തടയാന്‍ അടൂരിലെ വീടിന് ചുറ്റും പോലീസ് സന്നാഹം; നിയമസഭാ അംഗത്വവും രാജിവയ്‌ക്കേണ്ടി വന്നേക്കും; വിഡി സതീശന്റെ കടുത്ത നിലപാട് പാര്‍ട്ടി ഹൈക്കമാണ്ടിനും അംഗീകരിക്കേണ്ട അവസ്ഥ; ഷാഫിയും കൂട്ടുകാരനും കോണ്‍ഗ്രസില്‍ ഒറ്റപ്പെട്ടു

Update: 2025-08-24 01:02 GMT

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അച്ചടക്ക നടപടി വരും. അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്യാനാണ് തീരുമാനം. എല്ലാ അര്‍ത്ഥത്തിലും കോണ്‍ഗ്രസില്‍ ഒറ്റപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ വലിയ പ്രതിസന്ധിയിലാകുകയാണ്.. പാര്‍ട്ടിക്കു നാണക്കേടുണ്ടാക്കിയ വിവാദത്തില്‍ രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെച്ചേ തീരുവെന്ന കടുത്തനിലപാടിലാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, രമേശ് ചെന്നിത്തല തുടങ്ങിയ മുതിര്‍ന്നനേതാക്കളും അനുകൂലമല്ല. ഇനിയും വെളിപ്പെടുത്തല്‍ സതീശനും മറ്റുള്ളവരും പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ടാണ് മറ്റ് 'കേസുകളില്‍' നിന്നും വ്യത്യസ്തമായൊരു നിലപാട് ഈ വിഷയത്തില്‍ എടുക്കുന്നത്.

പാര്‍ട്ടിയിലെ ഉറ്റസുഹൃത്ത് ഷാഫി പറമ്പില്‍ എംപിയല്ലാതെ മറ്റൊരു നേതാവും രാഹുലിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുമില്ല. ഗര്‍ഭച്ഛിദ്രത്തിനു നിര്‍ബന്ധിച്ചെന്നു കഴിഞ്ഞദിവസം വെളിപ്പെടുത്തിയ യുവതിയുടെ കൂടുതല്‍ ശബ്ദരേഖകള്‍ പുറത്തു വരുന്നുണ്ട്. സ്വയം ന്യായീകരിക്കാന്‍ ശനിയാഴ്ച വൈകീട്ട് രാഹുല്‍ വാര്‍ത്താസമ്മേളനം വിളിച്ചെങ്കിലും നേതൃത്വം അനുവദിച്ചില്ല. ഇരയെ കളിയാക്കുമെന്ന ഭയത്തിലാണ് ഇതെല്ലാം. മൂന്നുദിവസമായി അടൂരിലെ വീട്ടിലൊതുങ്ങിയിരിക്കുകയാണ് രാഹുല്‍. പോലീസില്‍ പരാതികള്‍ എത്താനും സാധ്യതയുണ്ട്. പരാതി കിട്ടിയാല്‍ ഉടന്‍ അറസ്റ്റു ചെയ്യാന്‍ വീട്ടിന് പുറത്ത് പോലീസുമുണ്ട്. ഒളിവില്‍ പോകുന്നത് തടയാനാണ് പോലീസിന്റെ ഈ കരുതല്‍. യുവതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അവരില്‍ നിന്നും പരാതി വാങ്ങാനുള്ള സാധ്യതയാണ് തേടുന്നത്. അത്തരത്തില്‍ പരാതി കിട്ടിയാല്‍ ഉടന്‍ എഫ് ഐ ആര്‍ ഇടും. പിന്നാലെ അറസ്റ്റും നടക്കും. എന്നാല്‍ ഇപ്പോഴും ഇരകള്‍ പരാതി നല്‍കാന്‍ തയ്യാറാല്ല.

സംസ്ഥാനത്തെ സാഹചര്യമനുസരിച്ച് തീരുമാനിക്കാമെന്ന് എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ നേതാക്കളോടു വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം. ഇതിനിടെ, രാഹുലിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി എഐസിസിക്കു പരാതികിട്ടിത്തുടങ്ങിയെന്നാണ് വിവരം. ഇത് ഷാഫി പറമ്പിലിനെതിരെ കൂടിയുള്ള നീക്കമാണ്. ഇതിനിടെയാണ് രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കുമെന്ന വ്യക്തമായ സൂചന പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ വാക്കുകളില്‍ ഒളിഞ്ഞിരിക്കുന്നത് ചര്‍ച്ചയായത്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്നുള്ള രാജി ആദ്യപടിയാണെന്നും കോണ്‍ഗ്രസ് വേറിട്ട പാര്‍ട്ടിയാണെന്നു പറയിക്കുമെന്നുമായിരുന്നു മാധ്യമങ്ങളോട് പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന. യുവതികളുടെ കൂടുതല്‍ വെളിപ്പെടുത്തല്‍ വരുന്നതിനാല്‍ പരാതിയില്ലെന്ന സാങ്കേതികത്വം പറഞ്ഞുനിന്നാല്‍ പാര്‍ട്ടിക്കു കൂടുതല്‍ നാണക്കേടാവുമെന്നാണ് വാദം.

രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ സ്ഥാനം രാജിവെക്കുന്നതാണ് ഉചിതം എന്ന് ഹൈക്കമാന്‍ഡും ചിന്തിച്ചു തുടങ്ങിയെന്ന് സാരം. കൂടുതല്‍ ആരോപണങ്ങളും തെളിവുകളും പുറത്തുവരുന്ന സാഹചര്യത്തിലാണ് ഹൈക്കമാന്റിന്റെ നിലപാട്. രാഹുല്‍ രാജിവെക്കണമെന്ന ആവശ്യം വി ഡി സതീശനും ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലും സിപിഎമ്മിലെയും ബിജെപിയിലെയും സമാന കേസുകളില്‍ നിലപാട് എടുക്കുന്നതിലും രാജി ഗുണം ചെയ്യും എന്നാണ് കണക്കുകൂട്ടല്‍. ലൈംഗിക ചൂഷണ ആരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ സന്ദര്‍ശിച്ചു പാലക്കാട്ടെ നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. ഇന്നലെ രാത്രി പത്തരയോടെയാണ് നേതാക്കള്‍ എത്തിയത്. രാഹുല്‍ വീട്ടില്‍ തന്നെ തുടരും എന്നാണ് വിവരം. യാത്രയുണ്ടെന്നും പ്രതിഷേധങ്ങള്‍ തടയാന്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ നീക്കണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.

ഇന്നലെ സന്ധ്യയോടെ പൊലീസുകള്‍ ബാരിക്കേഡുകള്‍ മാറ്റി. ഇന്നലെ വാര്‍ത്താസമ്മേളനം വിളിച്ചെങ്കിലും പ്രതിപക്ഷ നേതാവിന്റെ താക്കീതിനെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. പത്തനംതിട്ടയിലെ അടൂരിലെ വീട്ടില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനമാണ് അവസാന നിമിഷം രാഹുല്‍ റദ്ദാക്കിയത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് വാര്‍ത്താസമ്മേളനത്തില്‍ നിന്ന് രാഹുല്‍ പിന്മാറിയത്. രാഹുലിനെതിരെയുള്ള തെളിവുകള്‍ ഒരോന്നായി പുറത്തുവന്നതോടെയാണ് മാധ്യമങ്ങളെ കാണേണ്ടതില്ല എന്ന നിര്‍ദേശം നേതൃത്വം രാഹുലിന് കൈമാറിയത്. വാര്‍ത്താസമ്മേളനം വിളിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്നും ഇനിയും തെളിവുകള്‍ പുറത്തുവന്നേക്കുമെന്ന ഭയത്തിലാണ് ഇൗ തീരുമാനം.

Tags:    

Similar News