'വിധിക്ക് കാത്തിരുന്ന അച്ഛന്‍ മരിച്ചിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു; ഒരിക്കലും അവര്‍ പുറത്ത് വരരുത്; അവിടെ തന്നെ അവരുടെ ജീവിതം തീരണം; എന്റെ മോനെ തിരിച്ച് കിട്ടില്ലല്ലോ; ഇനി ഒരു രാഷ്ട്രീയപാര്‍ട്ടിക്കാരും കൊലക്കത്തി എടുക്കാനും കൊല്ലാനും പാടില്ല'; കണ്ണീരോടെ റിജിത്തിന്റെ മാതാവ്
വിധിക്ക് കാത്തിരുന്ന അച്ഛന്‍ മരിച്ചിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു; ഒരിക്കലും അവര്‍ പുറത്ത് വരരുത്
തലശ്ശേരി: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കണ്ണപുരം അരക്കന്‍ വീട്ടില്‍ റിജിത്തിനെ (26) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ആര്‍.എസ്.എസ്- ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വധ ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് മാതാവ് ജാനകി. കേസിലെ ഒമ്പത് പ്രതികളെ 19 വര്‍ഷത്തിന് ശേഷം കോടതി ശിക്ഷിക്കുമ്പോഴാണ് മാതാവിന്റെ പ്രതികരണം. പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്.
ഒമ്പത് പ്രതികളെയും ജീവപര്യന്തം തടവിന് ശിക്ഷിച്ച കോടതി വിധിയില്‍ സന്തോഷമില്ലെങ്കിലും അല്‍പം ആശ്വാസം ഉണ്ട് എന്ന് അവര്‍ പ്രതികരിച്ചു. 'എനിക്ക് നഷ്ടപ്പെട്ട മോനെ തിരിച്ച് കിട്ടില്ലല്ലോ. അത് തിരിച്ച് കിട്ടിയാലല്ലേ എനിക്ക് സന്തോഷിക്കാനാവൂ. എങ്കിലും അല്‍പം ആശ്വാസമുണ്ട് എന്ന് പറയാം' -അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
'വിധിക്ക് കാത്തിരുന്ന അച്ഛന്‍ മരിച്ചിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. വധശിക്ഷയാണ് പ്രതീക്ഷിച്ചത്. ഒരിക്കലും അവര്‍ പുറത്ത് വരരുത്. അവിടെ തന്നെ അവരുടെ ജീവിതം തീരണം. എന്റെ കണ്ണില്‍നിന്ന് ഒഴുകിയ കണ്ണീരും മനസ്സിന്റെ തളര്‍ച്ചയും അവരുടെ അമ്മമാരും അനുഭവിക്കാന്‍ ഇടവരട്ടെ. ഇനി ഒരു രാഷ്ട്രീയപാര്‍ട്ടിക്കാരും കൊലക്കത്തി എടുക്കാനും കൊല്ലാനും പാടില്ല. എല്ലാ രാഷ്ട്രീയക്കാര്‍ക്കും ഇത് ഒരു പാഠമാകണം. എനിക്ക് നഷ്ടപ്പെട്ട മോനെ തിരിച്ച് കിട്ടില്ലല്ലോ. അത് തിരിച്ച് കിട്ടിയാലല്ലേ എനിക്ക് സന്തോഷിക്കാനാവൂ. എങ്കിലും അല്‍പം ആശ്വാസമുണ്ട് എന്ന് പറയാം. ഇതിന് വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്കും എന്റെ പാര്‍ട്ടിക്കാരോടും അവന്റെ സുഹൃത്തുക്കളോടും നാട്ടുകാരോടും എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു' -ജാനകി വിതുമ്പലടക്കി പറഞ്ഞു.
പ്രതികള്‍ 12 കൊല്ലം കഴിഞ്ഞാല്‍ പുറത്തിറങ്ങില്ലേയെന്നും വധശിക്ഷ കിട്ടണമായിരുന്നുവെന്നും റിജിത്തിന്റെ സഹോദരി ശ്രീജ പറഞ്ഞു. ഇനി ഒരമ്മയ്ക്കും പെങ്ങള്‍ക്കും ഈ ഗതി ഉണ്ടാകരുതെന്നും അവര്‍ ആവശ്യപ്പെട്ടു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കണ്ണപുരം അരക്കന്‍ വീട്ടില്‍ റിജിത്തിനെ (26) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആര്‍.എസ്.എസ്- ബി.ജെ.പി പ്രവര്‍ത്തകരായ ഒമ്പത് പ്രതികള്‍ക്കും തലശ്ശേരി അഡീഷനല്‍ സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജി റൂബി കെ. ജോസ് ആണ് ജീവപര്യന്തം വിധിച്ചത്.
ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരായ 10 പേരാണ് കേസിലെ പ്രതികള്‍. ഇതില്‍ മൂന്നാം പ്രതി കണ്ണപുരം ചുണ്ടയിലെ കൊത്തില താഴെവീട്ടില്‍ അജേഷ് വാഹനാപകടത്തില്‍ മരിച്ചിരുന്നു. മറ്റുപ്രതികളായ കണ്ണപുരം ചുണ്ട സ്വദേശികളായ വയക്കോടന്‍ വീട്ടില്‍ സുധാകരന്‍ (57), കോത്തിലതാഴെ വീട്ടില്‍ ജയേഷ് (41), ചാങ്കുളത്ത്പറമ്പില്‍ രഞ്ജിത്ത് (44), പുതിയപുരയില്‍ അജീന്ദ്രന്‍ (51), ഇല്ലിക്കവളപ്പില്‍ അനില്‍കുമാര്‍ (52), പുതിയപുരയില്‍ രാജേഷ് (46), കണ്ണപുരം ഇടക്കേപ്പുറം സ്വദേശികളായ വടക്കേവീട്ടില്‍ ശ്രീകാന്ത് (47), സഹോദരന്‍ ശ്രീജിത്ത് (43), തെക്കേവീട്ടില്‍ ഭാസ്‌കരന്‍ (67) എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
കുറ്റക്കാരനാണെന്ന് കണ്ടെത്തിയശേഷം ശിക്ഷ ഇളവ് നല്‍കണമെന്ന് പ്രതികള്‍ ജഡ്ജിയോട് പറഞ്ഞിരുന്നു. ഭാര്യ മരിച്ചു; മകന്‍ മാത്രമേയുള്ളൂവെന്ന് പത്താംപ്രതി ടി.വി. ഭാസ്‌കരന്‍. സഹോദരങ്ങള്‍ പ്രതിയായതിനാല്‍ വീട്ടുകാരെ സംരക്ഷിക്കാന്‍ ആളില്ലെന്ന് ഒന്‍പതാംപ്രതി ശ്രീജിത്ത്. സഹോദരന്‍ ശ്രീകാന്തും പ്രതിയാണ്. അമ്മ മാത്രമേയുള്ളൂ. സഹോദരന്‍ മരിച്ചു. അതിനാല്‍ ശിക്ഷയിളവ് നല്‍കണമെന്ന് രണ്ടാം പ്രതി ജയേഷ്. ജയേഷിന്റെ ഇരട്ട സഹോദരന്‍ കേസില്‍ പ്രതിയായിരുന്ന അജേഷ് സംഭവശേഷം വാഹനാപകടത്തില്‍ മരിച്ചു.
2005 ഒക്ടോബര്‍ രണ്ടിന് രാത്രി ഒമ്പതിന് ചുണ്ട തച്ചന്‍കണ്ടി ക്ഷേത്രത്തിനടുത്ത് സൃഹുത്തുക്കള്‍ക്കൊപ്പം വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന റിജിത്തിനെയാണ് പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. ആര്‍.എസ്.എസ് ശാഖ നടത്തുന്നതിനെച്ചൊല്ലിയുള്ള സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് കൊലപാതകമെന്നാണ് കേസ്. ക്ഷേത്രത്തിനടുത്ത കിണറിനു പിന്നില്‍ പതിയിരുന്ന പ്രതികള്‍ ആയുധങ്ങളുമായി റിജിത്തിനെയും മറ്റും ആക്രമിക്കുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ കെ.വി. നികേഷ്, ആര്‍.എസ്. വികാസ്, കെ.എന്‍. വിമല്‍ എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. വാക്കത്തി, കഠാര, വടിവാള്‍, വലിയ കഠാര, സ്റ്റീല്‍പൈപ്പ് എന്നിവയാണ് കൊലക്ക് ഉപയോഗിച്ചത്. ചോരപുരണ്ട ആയുധങ്ങളും പ്രതികളുടെ വസ്ത്രവും പൊലീസ് കണ്ടെത്തി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ബി.പി. ശശീന്ദ്രന്‍, പ്രതികള്‍ക്ക് വേണ്ടി അഡ്വ. പി.എസ്. ഈശ്വരന്‍, അഡ്വ. പി. പ്രേമരാജന്‍, അഡ്വ. ടി. സുനില്‍ കുമാര്‍ എന്നിവര്‍ ഹാജരായി.