നമ്പര്‍ പ്‌ളേറ്റ് മറച്ചിരുന്നെങ്കിലും നീലകളര്‍ സ്‌കൂട്ടര്‍ അന്വേഷണത്തില്‍ തിരിച്ചറിഞ്ഞു; മഴക്കോട്ടും ഹെല്‍മെറ്റും കൈയ്യുറയും ധരിച്ച് മോഷണത്തിന് എത്തിയത് പ്രൊഫഷണല്‍ ശൈലിയില്‍; കൂത്തുപറമ്പില്‍ സിപിഎം കൗണ്‍സിലര്‍ പൊട്ടിച്ചെടുത്തത് അടുത്ത ബന്ധം പുലര്‍ത്തുന്ന വീട്ടിലെ വയോധികയുടെ സ്വര്‍ണമാല; നാണക്കേടായതോടെ തല്‍ക്ഷണം പുറത്താക്കി സിപിഎം

കൂത്തുപറമ്പ് നഗരസഭാ കൗണ്‍സിലറെ സി.പി.എം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

Update: 2025-10-18 12:10 GMT

കണ്ണൂര്‍: കൂത്തുപറമ്പില്‍ വയോധികയുടെ മാല കവര്‍ന്ന കേസില്‍ പ്രതിയായി അറസ്റ്റിലായ പി.പി.രാജേഷിനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കൂത്തുപറമ്പ് ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗമായ രാജേഷ് പാര്‍ട്ടിയുടെ യശസിനും സല്‍പ്പേരിനും കളങ്കമേല്‍പ്പിക്കും വിധം പ്രവര്‍ത്തിച്ചതിനാണ് പുറത്താക്കാന്‍ തീരുമാനിച്ചതെന്ന് കണ്ണൂര്‍ ജില്ലാ കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പാര്‍ട്ടി ഗ്രാമത്തില്‍ നടന്ന കവര്‍ച്ചാ കേസില്‍ സി.പി.എം നഗരസഭാ കൗണ്‍സിലര്‍ പിടിയിലായത് നാടിനെ ഞെട്ടിച്ചിരിക്കുകയാണ്. കൂത്തു പറമ്പ് നഗരസഭയിലെ നാലാം വാര്‍ഡായ നൂഞ്ഞുമ്പായിയിലെ സി.പി.എം കൗണ്‍സിലര്‍ മൂര്യാട് സ്വദേശി പി.പി രാജേഷാണ് മോഷണ കേസില്‍ പിടിയിലായത്. കേസ് സി.പി.എം പ്രാദേശിക നേതാവ് പിടിയിലായത് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയിട്ടുണ്ട്. ഇയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന് കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി ശുപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തരനടപടി സ്വീകരിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ചത്. ഈ വീടുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് രാജേഷ്. സാമൂഹികക്ഷേമ പെന്‍ഷന്‍ നല്‍കുന്നതിനായി കവര്‍ച്ചയ്ക്കിരയായ കണിയാര്‍ കുന്നിലെ കുന്നുമ്മല്‍ വീട്ടില്‍ പി.ജാനകിയുടെ (77) വീട്ടില്‍ ഇയാള്‍ വരാറുണ്ടായിരുന്നു. പാര്‍ട്ടി പരിപാടികള്‍ അറിയിക്കുന്നതിനും ലോക്കല്‍ കമ്മിറ്റിയംഗമെന്ന നിലയില്‍ എത്തിയിരുന്നു.

വീട്ടുകാരുമായി നല്ല സൗഹൃദമുണ്ടായിരുന്ന ഇയാള്‍ ജാനകിയുടെ മാല കവരുന്നതിനായി മഴക്കോട്ടും ഹെല്‍മെറ്റും കൈയ്യുറയും ധരിച്ചു തന്റെ ജുപ്പിറ്റര്‍ സ്‌കൂട്ടറിലാണ് എത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച്ച 12.45 ന് വീട്ടിന്റെ പിന്നാമ്പുറത്തു നിന്നും മീന്‍ മുറിക്കുകയായിരുന്ന ജാനകിയുടെ പിന്‍കഴുത്തില്‍ പിടിക്കുകയും മാല പൊട്ടിച്ചു റോഡരികില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍ രക്ഷപ്പെടുകയുമായിരുന്നു.

സ്‌കൂട്ടറിന്റെ നമ്പര്‍ പ്‌ളേറ്റ് മറച്ചിരുന്നുവെങ്കിലും നീലകളര്‍ സ്‌കൂട്ടര്‍ പൊലിസ് അന്വേഷണത്തില്‍ തിരിച്ചറിയുകയായിരുന്നു. കുത്തുപറമ്പ് എ.സി.പി കെ. വി പ്രമോദിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിയത്. ചോദ്യം ചെയ്യലില്‍ പി.പി രാജേഷ് കുറ്റം സമ്മതിച്ചിട്ടുണ്ട്. കവര്‍ച്ച ചെയ്ത ഒരു പവന്റെ മാല ഇയാളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.

കൂത്തുപറമ്പ് സഹകരണ ബാങ്ക് ജീവനക്കാരനാണ് പി.പി രാജേഷ്. കൂത്തുപറമ്പ് നഗരത്തിലെ പാര്‍ട്ടി പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് രാജേഷാണ്. സൗമ്യ സ്വഭാവക്കാരനായ രാജേഷ് പാര്‍ട്ടി എതിരാളികളോടു പോലും നഗരസഭ കൗണ്‍സിലറെന്ന നിലയില്‍ സൗഹാര്‍ദ്ദത്തോടെയാണ് പെരുമാറിയിരുന്നത്. ഇയാളില്‍ നിന്നും ഇങ്ങനെയൊരു പിഴവുണ്ടാകുമെന്ന് ഏരിയാനേതാക്കള്‍ സ്വപ്നത്തില്‍പ്പോലും കരുതിയിരുന്നില്ല. എന്നാല്‍ യാതൊരു വിധത്തിലുള്ള ഭരണസ്വാധീനത്തിനും വഴങ്ങാതെ കൂത്തുപറമ്പ് അസി. കമ്മിഷണര്‍ ഓഫ് പൊലിസ് കെ.വി പ്രമോദനും പൊലിസ് സംഘവും അന്വേഷണവുമായി മുന്‍പോട്ടു പോയതോടെയാണ് രാജേഷ് കുരുങ്ങിയത്.

മോഷ്ടിച്ചത് ഒരുപവന്റെ മാല

വ്യാഴാഴ്ച ഉച്ചക്ക് 12.30 ന് കൂത്തുപറമ്പ് കണിയാര്‍കുന്നിലെ കുന്നുമ്മല്‍ ഹൗസില്‍ നാണുവിന്റെ ഭാര്യ പി. ജാനകിയുടെ(77) ഒരു പവന്‍ തൂക്കം വരുന്ന മാല പൊട്ടിച്ചെടുത്ത് ഇയാള്‍ സ്‌കൂട്ടറില്‍ രക്ഷപ്പെടുകയായിരുന്നു.

്‌നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും മോഷ്ടാവ് കടന്നുകളഞ്ഞിരുന്നു. ആദ്യഘട്ടത്തില്‍ മോഷ്ടാവ് ആരാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് പോലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംശയം തോന്നിയ വാഹനം തിരിച്ചറിഞ്ഞത്. ഈ വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൗണ്‍സിലര്‍ പി.പി. രാജേഷ് പിടിയിലാകുന്നത്.

രണ്ട് ദിവസത്തെ തുടര്‍ച്ചയായ അന്വേഷണത്തിനൊടുവിലാണ് പോലീസ് പ്രതിയെ വലയിലാക്കിയത്. പോലീസ് നല്‍കുന്ന വിവരം അനുസരിച്ച്, പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാളില്‍ നിന്ന് മോഷ്ടിച്ച ഒരു പവന്‍ മാലയും പോലീസ് കണ്ടെടുത്തു. വീടിനെ കുറിച്ചും പ്രദേശത്തെ സംബന്ധിച്ചും നല്ല ധാരണയുള്ളയാളാണ് കവര്‍ച്ച നടത്തിയതെന്ന് പൊലിസിന് തുടക്കത്തിലെ സംശയമുണ്ടായിരുന്നു.

വയോധിക വീട്ടില്‍ തനിച്ചായപ്പോഴാണ് റോഡരികില്‍ സ്‌കൂട്ടര്‍ നിര്‍ത്തി ഇയാളെത്തിയത്. കൂത്തുപറമ്പിലെ പ്രാദേശിക നേതാവ് കൂടിയാണ് രാജേഷ്. സാമ്പത്തിക ബാദ്ധ്യതയാണ് തന്നെ മാല പൊട്ടിക്കലിന് പ്രേരിപ്പിച്ചതെന്നും പിടിക്കപ്പെടുമെന്ന് കരുതിയില്ലെന്നും ഇയാള്‍ പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. വയോധികയുടെ പിന്‍വശത്തു നിന്നും കഴുത്തിന് പിടിച്ചാണ് രജീഷ് മാല പൊട്ടിച്ചത്. ഇതില്‍ ഒരു കഷ്ണം സ്ഥലത്ത് വീണിരുന്നു.

Tags:    

Similar News