ബി.ജെ.പിയുടേത് പ്രതികാര രാഷ്ട്രീയം; പോരാട്ടം തുടരുമെന്ന് സിദ്ധരാമയ്യ; മുഡ ഭൂമിയിടപാട് കേസില്‍ സുപ്രീംകോടതിയും കൈവിട്ടാല്‍ സിദ്ധരാമയ്യ പുറത്തേക്ക്; പിന്‍ഗാമി ഡി.കെ. ശിവകുമാറോ? സതീഷ് ജര്‍ക്കിഹോളിക്കും സാധ്യത

ഗവര്‍ണര്‍ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന് കോടതി

Update: 2024-09-24 11:37 GMT

ബെംഗളൂരു: മൈസൂരു നഗരവികസന അതോറിറ്റി (മുഡ-മൈസൂരു അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റി) ഭൂമിയിടപാട് കേസില്‍ ഹൈക്കോടതിയില്‍നിന്ന് തിരിച്ചടി നേരിട്ടതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനും ബിജെപിക്കുമെതിരെ കടുത്ത വിമര്‍ശനവുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഭൂമിയിടപാട് കേസില്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് വിമര്‍ശനം. പ്രതിപക്ഷപാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകളെ ശിക്ഷിക്കാന്‍ രാജ്ഭവനെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് കര്‍ണാടക മുഖ്യമന്ത്രി ആരോപിച്ചു.

ബി.ജെ.പിയുടേത് പ്രതികാര രാഷ്ട്രീയമാണെന്നും സാമൂഹ്യനീതിക്കായി പോരാടുന്നതിനാലാണ് ബി.ജെ.പിയും ജെ.ഡി.എസ്സും പ്രതികാര നടപടി സ്വീകരിക്കുന്നതെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി. തന്നെ വിചാരണ ചെയ്യാനുള്ള ഗവര്‍ണറുടെ തീരുമാനത്തിനെതിരേയായിരുന്നു സിദ്ധരാമയ്യ ഹര്‍ജി നല്‍കിയിരുന്നത്.

ഇത് മോദി സര്‍ക്കാരിന്റെ പ്രതികാര രാഷ്ട്രീയത്തിനെതിരായ പോരാട്ടമാണ്. ബി.ജെ.പിയുടേയും ജെ.ഡി.എസ്സിന്റേയും ഈ പ്രതികാര രാഷ്ട്രീയത്തിനെതിരേ നിയമപോരാട്ടം തുടരും. കോടതിയില്‍ വിശ്വാസമുണ്ടെന്നും സാമൂഹ്യനീതിക്കായി പോരാടുന്നതിനാലാണ് ബി.ജെ.പിയും ജെ.ഡി.എസ്സും പ്രതികാര നടപടിയിലേക്ക് കടന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.

ഈ രാഷ്ട്രീയ പോരാട്ടത്തില്‍ സംസ്ഥാനത്തെ ജനങ്ങളുടെ പിന്തുണയുണ്ട്. അവരുടെ അനുഗ്രഹമാണ് എന്റെ സംരക്ഷണം. ഞാന്‍ നിയമത്തിലും ഭരണഘടനയിലും വിശ്വസിക്കുന്നുണ്ട്. ഈ പോരാട്ടം ജയിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. നിയമപ്രകാരം ഇത്തരമൊരു അന്വേഷണം അനുവദനീയമാണോയെന്ന കാര്യം വിദഗ്ധരുമായി ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.

നേരത്തേ ജസ്റ്റിഡ് എം. നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചാണ് സിദ്ധരാമയ്യയുടെ ഹര്‍ജി തള്ളിയത്. വിഷയത്തില്‍ ഗവര്‍ണര്‍ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ സിദ്ധരാമയ്യയെ വിചാരണചെയ്യാന്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗഹ്ലോത് നേരത്തേ അനുമതി നല്‍കിയിരുന്നു. മലയാളിയായ അഴിമതിവിരുദ്ധപ്രവര്‍ത്തകന്‍ ടി.ജെ. അബ്രാഹം ഉള്‍പ്പെടെ മൂന്നുപേര്‍ നല്‍കിയ പരാതികളിലായിരുന്നു നടപടി. ഇതോടെ സിദ്ധരാമയ്യയുടെ പേരില്‍ കോടതിക്കോ അന്വേഷണ ഏജന്‍സിക്കോ കേസെടുക്കാന്‍ സാധിക്കും. ഇത് ചോദ്യംചെയ്തുകൊണ്ടാണ് സിദ്ധരാമയ്യ കോടതിയെ സമീപിച്ചത്.

ഗവര്‍ണര്‍ നേരത്തേ സിദ്ധരാമയ്യയ്ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ആരോപണം തള്ളിയ കോണ്‍ഗ്രസ് സിദ്ധരാമയ്യയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. പരാതി തള്ളിക്കളയണമെന്ന് മന്ത്രിസഭായോഗം ചേര്‍ന്ന് ഗവര്‍ണറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇത് അവഗണിച്ചായിരുന്നു ഗവര്‍ണറുടെ നടപടി.

ഗവര്‍ണറുടെ ഈ നീക്കത്തെ ചോദ്യംചെയ്ത് സിദ്ധരാമയ്യ ഹൈക്കോടതിയെ സമീപിച്ചെങ്കിലും തിരിച്ചടി നേരിടുകയായിരുന്നു. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്വി ആയിരുന്നു സിദ്ധരാമയ്യക്ക് വേണ്ടി ഹാജരായത്. ഹൈക്കോടതി വിധിക്കെതിരേ അദ്ദേഹം സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ അവിടെയും തിരിച്ചടിയുണ്ടായാല്‍ രാജി അല്ലാതെ സിദ്ധരാമയ്യക്ക് മറ്റൊരു വഴിയില്ല.

ഹൈക്കോടതി വിധി കൂടി വന്നതോടെ പ്രതിപക്ഷം സിദ്ധരാമയ്യയുടെ രാജി ആവശ്യം ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനമെങ്ങും പ്രതിഷേധം കടുപ്പിക്കാന്‍ ബിജെപി ഒരുങ്ങുമ്പോള്‍ സിദ്ധരാമയ്യയ്ക്ക് മേല്‍ രാജി സമ്മര്‍ദമേറും. സുപ്രീംകോടതി സ്റ്റേ നല്‍കിയില്ലെങ്കില്‍ അധികാര കൈമാറ്റം എന്ന തീരുമാനത്തിലേക്ക് ഹൈക്കമാന്‍ഡ് കടന്നേക്കും.

നിയമസഭാ തിരഞ്ഞെടുപ്പില്‍ തുടര്‍ഭരണം കൊതിച്ച ബി.ജെ.പിയെ തകര്‍ത്തെറിഞ്ഞാണ് 2023-ല്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. കൊല്ലം രണ്ടു തികയും മുന്‍പേയാണ് കുടത്തില്‍നിന്നുയര്‍ന്ന ഭൂതമായി മുഡ കേസ് സിദ്ധരാമയ്യയെ പിടികൂടിയത്.

രാജിവെക്കേണ്ടി വന്നാല്‍ സിദ്ധരാമയ്യയുടെ പിന്‍ഗാമിയായി കിങ് മേക്കര്‍ ഡി.കെ. ശിവകുമാര്‍ എത്തുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. അതോ ജാതി-മത സമവാക്യങ്ങളുടെ ഫലത്തില്‍ മറ്റൊരു മുഖമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. അങ്ങനെയെങ്കില്‍ സതീഷ് ജര്‍ക്കിഹോളിക്കും സാധ്യതയുണ്ട്.

മുഡ ആരോപണം ഉയര്‍ന്നതോടെ സിദ്ധരാമയ്യയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കാനുള്ള സമ്മര്‍ദം കോണ്‍ഗ്രസിനു മീതേയുണ്ട്. ഉപമുഖ്യമന്ത്രിയും നിയമസഭ തിരഞ്ഞെടുപ്പിലെ വിജയശില്‍പിയുമായ ഡി.കെ. ശിവകുമാറിനാണ് പലരും സാധ്യത കല്‍പിക്കുന്നത്. പൊതുമരാമത്ത് വകുപ്പു മന്ത്രി സതീഷ് ജര്‍ക്കിഹോളിക്കു വേണ്ടിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കു വേണ്ടിയും ആവശ്യമുയരുന്നെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുഡ കേസില്‍ സിദ്ധരാമയ്യയ്ക്ക് ഹൈക്കോടതിയില്‍നിന്ന് തിരിച്ചടിയുണ്ടായതിന് പിന്നാലെ ശിവകുമാര്‍ പ്രതികരിച്ചിരുന്നു. ഞാന്‍ വീണ്ടും പറയുന്നു, മുഖ്യമന്ത്രി യാതൊരുവിധ തിരിച്ചടിയും നേരിട്ടിട്ടില്ല. ഇത് ഞങ്ങളുടെ എല്ലാ നേതാക്കന്മാര്‍ക്കും നേരെയുള്ള വലിയ ഗൂഢാലോചനയാണ്, ഞാന്‍ ഉള്‍പ്പെടെ ഇത് നേരത്തെ നേരിട്ടുണ്ട്. നിരപരാധിത്വം തെളിയിച്ച് ഞാന്‍ പുറത്തെത്തിയില്ലേ. അതുകൊണ്ട് ഞങ്ങള്‍ ഇതിനെതിരേ പൊരുതും. രാജ്യത്തെ നിയമസംവിധാനത്തോട് ഞങ്ങള്‍ക്ക് ബഹുമാനമുണ്ട്. നീതിപീഠത്തില്‍നിന്ന് അനീതി ഉണ്ടാവുകയില്ല. ഞങ്ങള്‍ക്ക് നീതി ലഭിക്കും എന്നായിരുന്നു ശിവകുമാറിന്റെ വാക്കുകള്‍.

നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയശില്‍പി എന്ന നിലയക്ക് മുഖ്യമന്ത്രിസ്ഥാനത്തേക്ക് ശിവകുമാറിന് ഒരു കണ്ണുണ്ടായിരുന്നു. എന്നാല്‍ ഹൈക്കമാന്‍ഡ് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കി. ഇതോടെ ശിവകുമാര്‍ കലഹം പ്രഖ്യാപിച്ചു. ഉപമുഖ്യമന്ത്രിസ്ഥാനവും പി.സി.സി. അധ്യക്ഷസ്ഥാനത്ത് തുടരാനുള്ള അനുമതിയും നല്‍കിക്കൊണ്ടാണ് അന്ന് ഹൈക്കമാന്‍ഡ് ഒത്തുതീര്‍പ്പ് ഫോര്‍മുലയുണ്ടാക്കിയത്. ജാതിമത സമവാക്യങ്ങളും ഭൂരിപക്ഷ എംഎല്‍എമാരുടെ പിന്തുണയും സംസ്ഥാനമെങ്ങുമുള്ള ജനകീയതയുമാണ് സിദ്ധരാമയ്യക്ക് തുണയായത്. ജാതിമത സമവാക്യങ്ങള്‍ നിര്‍ണായകമായ സംസ്ഥാനത്ത് വൊക്കലിഗ സമുദായത്തില്‍നിന്നുള്ള ശിവകുമാര്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് എത്തിപ്പെട്ടാല്‍ അതില്‍ അദ്ഭുതപ്പെടേണ്ടതില്ല.

സിദ്ധരാമയ്യ രാജിവെച്ചാല്‍ ആ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള മറ്റൊരാള്‍ സതീഷ് ജര്‍ക്കിഹോളിയാണ്. സംസ്ഥാന പൊതുമരാമത്ത് വകുപ്പുമന്ത്രി കൂടിയായ സതീഷ്, പിന്നാക്കവിഭാഗത്തില്‍നിന്നുള്ള കരുത്തനായ നേതാവു കൂടിയാണ്. സെപ്റ്റംബര്‍ ആദ്യവാരം സതീഷ് ഡല്‍ഹിയിലെത്തുകയും മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ജനപ്രീതിയുള്ള നേതാവാണ് ഇദ്ദേഹം.

എസ്.ടി. വിഭാഗത്തില്‍നിന്നുള്ള 15 പേരുടേത് ഉള്‍പ്പെടെ 30 എം.എല്‍.എമാരുടെ പിന്തുണയുമുണ്ട്. സ്ഥാനം ഒഴിയാന്‍ നിര്‍ബന്ധിതനാകുന്നപക്ഷം സിദ്ധരാമയ്യയ്ക്കും സതീഷിനെ മുഖ്യമന്ത്രിയാക്കാനാകും താല്‍പര്യമെന്ന് പാര്‍ട്ടിയിലെ ചിലവൃത്തങ്ങള്‍ സൂചന നല്‍കൂന്നുമുണ്ട്. മൂന്ന് എം.എല്‍.എമാരും ഒരു എം.എല്‍.സിയും ഒരു എം.പിയുമുള്ള ജര്‍ക്കിഹോളി കുടുംബവമായി അടുത്തബന്ധമാണ് സിദ്ധരാമയ്യയ്ക്കുള്ളത്.

 മുഡ കേസ്

സിദ്ധരാമയ്യയുടെ തലയ്ക്ക് മുകളില്‍ തൂങ്ങുന്ന വാളാണ് മൈസൂരു അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റി അഥവാ മുഡയുടെ ഭൂമിയിടപാട് കേസ്. മുഡ, ഏറ്റെടുത്ത ഭൂമിക്ക് പകരം അതിനെക്കാള്‍ മൂല്യമേറിയ ഭൂമി സ്ഥലം പകരം നല്‍കി എന്നതാണ് മുഡ അഴിമതി.

സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിയില്‍നിന്ന് മുഡ 3.2 ഏക്കര്‍ ഭൂമി (സഹോദരന്‍ മല്ലികാര്‍ജുനസ്വാമിയാണ് പാര്‍വതിക്ക് ഈ ഭൂമി നല്‍കിയത്) ഏറ്റെടുക്കുകയും അതിന് പകരമായി കണ്ണായസ്ഥലത്ത് 14 പ്ലോട്ടുകള്‍ പകരം നല്‍കിയെന്നുമാണ് ആരോപണം. പാര്‍വതിയില്‍നിന്ന് ഏറ്റെടുത്ത സ്ഥലത്തേക്കാള്‍ പതിന്മടങ്ങ് വിലയുള്ള ഭൂമിയാണ് ഇവര്‍ക്ക് പകരം നല്‍കിയതെന്നാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. മൂവായിരം കോടി മുതല്‍ നാലായിരം കോടി രൂപയുടെ അഴിമതിയാണ് നടന്നിരിക്കുന്നത് എന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്.

മലയാളിയായി സാമൂഹിക പ്രവര്‍ത്തകന്‍ ടി.ജെ. ഏബ്രഹാം ഉള്‍പ്പെടെ മൂന്നുപേരാണ് മുഡ ഇടപാടില്‍ ക്രമക്കേട് ആരോപിച്ച് രംഗത്തെത്തിയത്. ഏബ്രഹാമിന്റെ പരാതിയില്‍ സിദ്ധരാമയ്യ, അദ്ദേഹത്തിന്റെ ഭാര്യ, മകന്‍, മുഡയിലെ ഉന്നതോദ്യഗസ്ഥര്‍ എന്നിവരുടെ പേരുണ്ടായിരുന്നു. മൈസൂരുവില്‍ 14 പ്ലോട്ടുകള്‍ പാര്‍വതിക്ക് അനുവദിച്ചത് നിയമാനുസൃതം അല്ലെന്നം 45 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നും അദ്ദേഹം പരാതിയില്‍ ആരോപിച്ചിരുന്നു.

അതേസമയം 1998-ല്‍ ഭാര്യക്ക് അവരുടെ സഹോദരന്‍ സമ്മാനിച്ചതാണ് ആരോപണ വിധേയമായ കൈമാറ്റത്തില്‍ ഉള്‍പ്പെട്ട ഭൂമിയെന്നാണ് സിദ്ധരാമയ്യയുടെ വാദം. എന്നാല്‍ ഈ വാദം തെറ്റാണെന്നും മല്ലികാര്‍ജുനസ്വാമി അനധികൃതമായാണ് ഈ ഭൂമി സ്വന്തമാക്കിയതെന്നും വ്യാജരേഖകള്‍ ഇതിനായി ഉപയോഗപ്പെടുത്തിയെന്നും മറ്റൊരു സാമൂഹികപ്രവര്‍ത്തകന്‍ സ്നേഹമയി കൃഷ്ണ ആരോപിക്കുന്നു. 2014-ല്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെയാണ് പാര്‍വതിക്ക് ഭൂമി അനുവദിച്ച് കൊടുത്തത്.

Tags:    

Similar News