സുജിത്തിന്റെ ഡാന്‍സാഫ് സ്‌ക്വാഡ് കരിപ്പൂരില്‍ പിടികൂടുന്ന സ്വര്‍ണത്തില്‍ മുക്കാലും അടിച്ചുമാറ്റിയെന്ന് അന്‍വര്‍; സുജിത് ദാസിനെതിരേയും വിജിലന്‍സ് അന്വേഷണം; ഫോണ്‍ സംഭാഷണം വിനയാകുമോ?
തനിക്കെതിരായ പരാതി പിന്‍വലിച്ചാല്‍ എന്നും അന്‍വറിന്റെ വിധേയനായിരിക്കുമെന്ന സുജിത്തിന്റെ ഫോണ്‍സംഭാഷണം സേനയ്ക്ക് നാണക്കേടായിരുന്നു
തിരുവനന്തപുരം: എ.ഡി.ജി.പി അജിത്കുമാറിനൊപ്പം കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുക്കലുള്‍പ്പെടെ പരാതികളില്‍ സസ്‌പെന്‍ഷനിലായ എസ്.പി സുജിത്ത്ദാസിനെതിരെയും വിജിലന്‍സ് അന്വേഷണം. സുജിത്ദാസിനെതിരായ ആരോപണങ്ങള്‍ തിരുവനന്തപുരം ഒന്നാം സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് എസ്.പി കെ.എല്‍. ജോണ്‍കുട്ടിയാണ് അന്വേഷിക്കുക.
തനിക്കെതിരായ പരാതി പിന്‍വലിച്ചാല്‍ എന്നും അന്‍വറിന്റെ വിധേയനായിരിക്കുമെന്ന സുജിത്തിന്റെ ഫോണ്‍സംഭാഷണം സേനയ്ക്ക് നാണക്കേടായിരുന്നു. സുജിത്തിന്റെ ഡാന്‍സാഫ് സ്‌ക്വാഡ് കരിപ്പൂരില്‍ പിടികൂടുന്ന സ്വര്‍ണത്തില്‍ മുക്കാലും അടിച്ചുമാറ്റുന്നതായി അന്‍വര്‍ ആരോപിച്ചിരുന്നു. പിടിച്ചെടുക്കുന്ന ഒരുകിലോ സ്വര്‍ണത്തില്‍ 300 ഗ്രാംവരെ കുറവുണ്ടെന്നാണ് ആരോപണം. ഗുരുതര ചട്ടലംഘനം കണ്ടെത്തിയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഈ സാഹചര്യത്തിലാണ് സുജിത് കുമാറിനെതിരായ ആരോപണം വിജിലന്‍സും അന്വേഷിക്കുന്നത്..
അനധികൃത സ്വത്ത് സമ്പാദനം, കൈക്കൂലിയടക്കം അജിത്കുമാറിനെതിരെയുള്ള സാമ്പത്തിക ആരോപണങ്ങളാണ് അന്വേഷിക്കുക. ഡി.ജി.പി ഷേഖ് ദര്‍വേഷ് സാഹിബിന്റെ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു. പരാതികള്‍ വിജിലന്‍സ് ആസ്ഥാനത്തേക്ക് അയച്ചു. വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്ത അവധി കഴിഞ്ഞെത്തിയാലുടന്‍ അന്വേഷണം തുടങ്ങും. യോഗേഷിന് ഡി.ജി.പി റാങ്കാണ്. പ്രാഥമിക പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ കേസെടുക്കും. എന്നാല്‍ ഈ വസ്തുവിന്റെ വിവരങ്ങള്‍ കൈമാറാമെന്ന് അജിത് കുമാര്‍ പോലീസ് മേധാവിയെ അറിയിച്ചിട്ടുണ്ട്.
കവടിയാറില്‍ അജിത്കുമാര്‍ മണിമാളിക പണിയുന്നെന്ന പി.വി. അന്‍വറിന്റെ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് വിജിലന്‍സിന് എറണാകുളം സ്വദേശി പരാതിനല്‍കിയിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ക്ക് അയച്ച പരാതി അന്വേഷണാനുമതിക്കായി മുഖ്യമന്ത്രിക്കും കൈമാറി. കവടിയാര്‍ ഗോള്‍ഫ് ക്ലബിനടുത്ത് പാലസ് അവന്യൂവിലെ വീടിന്റെ വിവരങ്ങള്‍ പി.വി. അന്‍വറാണ് വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്. അന്‍വര്‍ ഡി.ജി.പിക്ക് പരാതിയും നല്‍കി.
വസ്തുവാങ്ങാനും വീട് നിര്‍മ്മിക്കാനും സ്വത്ത് സമ്പാദനം, മറുനാടന്‍ മലയാളി ചാനലുടമയില്‍ നിന്ന് ഒന്നരക്കോടി കൈക്കൂലി, ബന്ധുക്കളെ ഉപയോഗിച്ച് സ്വര്‍ണ ഇടപാടുകള്‍, സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായി ബന്ധം എന്നീ ആരോപണങ്ങളാണ് അജിത് കുമാറിനെതിരെ അന്‍വര്‍ ഉയര്‍ത്തിയത്. ഇന്നലെ രാവിലെ പൊലീസ് ആസ്ഥാനത്തെത്തി ഡി.ജി.പിക്ക് മുന്നില്‍ ആരോപണങ്ങളെല്ലാം അജിത് കുമാര്‍ നിഷേധിച്ചിരുന്നു. അന്‍വറിന് പിന്നില്‍ ബാഹ്യശക്തികളുണ്ടെന്നാണ് അജിത്തിന്റെ മൊഴിയെന്നറിയുന്നു.
സ്വര്‍ണക്കടത്ത്, കുഴല്‍പ്പണ- മയക്കുമരുന്ന് മാഫിയകള്‍, നിരോധിത ഭീകര സംഘടനകള്‍ എന്നിവരുടെ ഗൂഢാലോചന സംശയിക്കുന്നു. നടപടിയെടുത്തതിന്റെ പക തീര്‍ക്കുകയാണ്. ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞാല്‍ ഉന്നയിച്ചവര്‍ക്കെതിരേ കേസെടുക്കണം. ചില തെളിവുകളും ഡി.ജി.പിക്ക് കൈമാറി.വൈകിട്ട് ആറരയോടെ പി.വി.അന്‍വറും പൊലീസ് ആസ്ഥാനത്തെത്തി ഡി.ജി.പിയെ കണ്ടു. അജിത്കുമാറിന്റെ വിവാദ ആര്‍.എസ്.എസ് കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ എഴുതി നല്‍കിയെന്നാണ് സൂചന. ഇതിലും അന്വേഷണമുണ്ടാകും.