ഐഷാ പോറ്റിയെ റാഞ്ചാന്‍ കെ.സി നടത്തിയത് അതീവ രഹസ്യ നീക്കം; സിപിഎമ്മിന്റെ മൂന്ന് പതിറ്റാണ്ടിലെ 'പെണ്‍കരുത്ത്' കോണ്‍ഗ്രസ് പാളയത്തില്‍; സതീശനും കൊടിക്കുന്നിലും കരുക്കള്‍ നീക്കി; അഖില്‍ മാരാര്‍ വേണ്ടെന്ന് ചെന്നിത്തല പറഞ്ഞത് ഈ 'രഹസ്യ ഓപ്പറേഷന്‍' അറിഞ്ഞും; ആ ചാണക്യ നീക്കം സിപിഎമ്മിനെ ഞെട്ടിച്ച കഥ

ആ ചാണക്യ നീക്കം സിപിഎമ്മിനെ ഞെട്ടിച്ച കഥ

Update: 2026-01-13 15:28 GMT

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ അമ്പരപ്പിച്ചുകൊണ്ട് കൊട്ടാരക്കരയുടെ മുന്‍ എം.എല്‍.എ ഐഷാ പോറ്റി കോണ്‍ഗ്രസ് പാളയത്തിലെത്തുമ്പോള്‍, അതിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചത് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. കെസിയുടെ ചാണക്യ തന്ത്രങ്ങള്‍ ആ രഹസ്യത്തെ പരമ രഹസ്യമാക്കി. കേരളത്തിലെ ചുവപ്പുകോട്ടകളില്‍ വിള്ളല്‍ വീഴ്ത്താന്‍ കെ.സി നടത്തിയ ചടുലനീക്കങ്ങളുടെ വിജയമാണ് രാപ്പകല്‍ സമരപ്പന്തലില്‍ കണ്ടത്.

ഐഷാ പോറ്റി പാര്‍ട്ടി വിടാനൊരുങ്ങുന്നുവെന്ന സൂചന ലഭിച്ച നിമിഷം തന്നെ കെ.സി വേണുഗോപാല്‍ കരുക്കള്‍ നീക്കിത്തുടങ്ങിയിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കൊടിക്കുന്നില്‍ സുരേഷ് എം.പി എന്നിവരെയാണ് ഈ ദൗത്യം ഏല്‍പ്പിച്ചത്. അതീവ രഹസ്യമായി നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ഐഷാ പോറ്റി കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുമെന്ന് ഉറപ്പായതോടെ സമരപ്പന്തലിനെ അതിനുള്ള വേദിയാക്കി മാറ്റുകയായിരുന്നു. കോണ്‍ഗ്രസ് ഹൈക്കമാന്റ് അനുമതിയും ഇതിനുണ്ടായിരുന്നു. രമേശ് ചെന്നിത്തലയും എല്ലാം അറിഞ്ഞു. കൊട്ടാരക്കരയില്‍ അഖില്‍ മാരാര്‍ മത്സരിക്കില്ലെന്ന ചെന്നിത്തലയുടെ മുന്‍ പരാമര്‍ശവും ഇതിന് തെളിവാണ്.

തൊഴിലുറപ്പ് രാപ്പകല്‍ സമരപ്പന്തലില്‍ കണ്ടത് പഴയകാല യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ഊര്‍ജസ്വലതയുള്ള കെ.സി വേണുഗോപാലിനെയാണ്. ഉദ്ഘാടകനായി എത്തിയത് മുതല്‍ മഴയെ പോലും വകവെക്കാതെ മുഴുവന്‍ സമയവും അദ്ദേഹം വേദിയില്‍ ചെലവിട്ടു. ഇടയ്ക്കിടെ പെയ്ത മഴയിലും പതറാതെ അദ്ദേഹം പ്രവര്‍ത്തകര്‍ക്കൊപ്പം നിലയുറപ്പിച്ചത് കോണ്‍ഗ്രസ് അണികളില്‍ വലിയ ആവേശം വിതറി. സെല്‍ഫി എടുക്കാനും കുശലം ചോദിക്കാനുമായി എത്തിയ പ്രവര്‍ത്തകരുടെ തിരക്കിലും പുഞ്ചിരിയോടെ അദ്ദേഹം നിലകൊണ്ടു. കേരള രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാനുള്ള കെസിയുടെ രാഷ്ട്രീയ തന്ത്രശാലാ വേദി കൂടിയായി ഇത്.

സിപിഎമ്മിനെ അമ്പരപ്പിക്കാനുള്ള ആയുധങ്ങള്‍ തന്റെ ആവനാഴിയിലുണ്ടെന്ന് തെളിയിക്കുകയാണ് കെസി. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ഐഷാ പോറ്റിയുമായി കഴിഞ്ഞ ദിവസം സംസാരിച്ചത്. അതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ കടന്നാക്രമിച്ച് കെസി പുതിയ തലം നല്‍കി. ആ ആവേശം കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് ഐഷാ പോറ്റിയെ വേദിയിലേക്ക് എത്തിച്ച് കേരളത്തിന്റെയാകെ ശ്രദ്ധ സമരപ്പന്തലിലേക്ക് തിരിച്ചുവിട്ടത്.

മൂന്ന് പതിറ്റാണ്ട് സി.പി.എമ്മിന്റെ മുഖമായിരുന്ന ഐഷാ പോറ്റിയെ കോണ്‍ഗ്രസ് വേദിയിലെത്തിച്ചതോടെ കെ.സിയും കോണ്‍ഗ്രസും ലക്ഷ്യം വെക്കുന്നത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ്. കൊട്ടാരക്കര ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ഇടതുപക്ഷത്തിന് വലിയ പ്രഹരം നല്‍കാന്‍ ഐഷാ പോറ്റിയുടെ സാന്നിധ്യം സഹായിക്കുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. ചുവപ്പില്‍ നിന്ന് 'കൈ'യിലേക്ക് ഐഷാ പോറ്റിയെ എത്തിച്ച ഈ 'ഓപ്പറേഷന്‍' വരും ദിവസങ്ങളിലും തുടരും.

Tags:    

Similar News