ട്രംപിന് സമാധാന നൊബേല്‍ കിട്ടുമോ? അതോ ലോകസമാധാനത്തിനായി തുറന്ന് വാദിക്കുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്‌ക്കോ? പട്ടികയില്‍ ഇരുവരും ഇടം പിടിച്ചു; ട്രംപിനേക്കാള്‍ പുരസ്‌കാരത്തിന് അര്‍ഹന്‍ മറ്റാരും ഇല്ലെന്ന് യുഎസ് കോണ്‍ഗ്രസ് അംഗം; ഇക്കുറി 338 നാമനിര്‍ദ്ദേശങ്ങള്‍
ട്രംപിന് സമാധാന നൊബേല്‍ കിട്ടുമോ?
വാഷ്ടിങ്ടണ്‍; യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്, ഫ്രാന്‍സിസ് മാര്‍പ്പാപ്പ, മുന്‍ നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോള്‍ട്ടന്‍ബര്‍ഗ്, യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് എന്നിവരടക്കം 300 ഓളം വ്യക്തികളെയും, സ്ഥാപനങ്ങളെയും ഈ വര്‍ഷത്തെ നൊബേല്‍ സമ്മാന പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്തതായി നോര്‍വീജിയന്‍ നൊബേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചു.
338 നാമമിര്‍ദ്ദേശങ്ങളില്‍ 244 വ്യക്തികളും 94 സ്ഥാപനങ്ങളും ഉള്‍പ്പെടുന്നു. കഴിഞ്ഞ വര്‍ഷം 286 നാമനിര്‍ദ്ദേശങ്ങളായിരുന്നു ഉണ്ടായിരുന്നത്. 2016 ലായിരുന്നു റെക്കോഡ് നാമനിര്‍ദ്ദേശങ്ങള്‍: 376.
നൊബേല്‍ ചട്ടപ്രകാരം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവരുടെ പേരുകള്‍ 50 വര്‍ഷം രഹസ്യമായി വയ്ക്കും. എന്നാല്‍, നൊബേലിന് അര്‍ഹരായവരെ നാമനിര്‍ദ്ദേശം ചെയ്യുന്ന ജനപ്രതിനിധികള്‍ അടക്കം ഉള്ളവര്‍ക്ക് തങ്ങള്‍ സമര്‍പ്പിച്ച പേരുകള്‍ വെളിപ്പെടുത്താവുന്നതാണ്.
ട്രംപിന്റെ നാമനിര്‍ദ്ദേശം വിവാദത്തില്‍
താനാണ് ട്രംപിനെ നാമനിര്‍ദ്ദേശം ചെയ്തതെന്ന് യുഎസ് കോണ്‍ഗ്രസ് അംഗം ഡാരല്‍ ഇസ എക്‌സിലെ പോസ്റ്റില്‍ പരസ്യമാക്കി. ട്രംപിനേക്കാള്‍ പുരസ്‌കാരം അര്‍ഹിക്കുന്ന മറ്റാരും ഇല്ലെന്നും കുറിച്ചു. മധ്യേഷ്യയിലെ നയതന്ത്ര പരിശ്രമങ്ങളുടെ പേരിലാണ് ട്രംപിനെ നാമനിര്‍ദ്ദേശം ചെയ്തത്. എന്നാല്‍, ഔദ്യോഗിക സമയപരിധിക്ക് ശേഷമാണ് ഡാരല്‍ ഇസ നാമനിര്‍ദ്ദേശം സമര്‍പ്പിച്ചത് .
മുന്‍വര്‍ഷങ്ങളിലും ട്രംപിന്റെ പേര് നൊബേല്‍ സമാധാന പുരസ്‌കാര പട്ടികയില്‍ വന്നിട്ടുണ്ട്. എന്നാല്‍, ഈ വര്‍ഷം അത് കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ചു. വിവാദമായ വിദേശനയ നീക്കങ്ങളുടെയും, റഷ്യ-യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകളുടെയും, യൂറോപ്പുമായുള്ള യുഎസ് ബന്ധം ഉലഞ്ഞതിന്റെയും പശ്ചാത്തലത്തിലാണ് പുരസ്‌കാര നിര്‍ദ്ദേശം വന്നിരിക്കുന്നത്.
പുറത്തുവന്ന മറ്റുപേരുകള്‍
യുക്രെയിനിലെയും, ഗസ്സയിലെയും സമാധാനത്തിന് വേണ്ടി തുറന്ന് വാദിക്കുന്ന വ്യക്തിത്വമാണ് പോപ് ഫ്രാന്‍സിസിന്റേത്. അദ്ദേഹം സാധ്യത പട്ടികയിലുണ്ട്. ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ തുറന്ന സംസാരത്തിലൂടെ രാജ്യാന്തര പ്രശസ്തിയാര്‍ജ്ജിച്ച ഫ്രഞ്ച് ആക്ടിവിസ്റ്റ് ഗിസെലി പെലിക്കട്ടിന്റെ പേര് യുകെയിലെ ആയിരക്കണക്കിന് പേര്‍ ചേര്‍ന്ന് ഒപ്പിട്ട് നൊബേല്‍ പുരസ്‌കാര കമ്മിറ്റിക്ക് സമര്‍പ്പിച്ചിട്ടുണ്ട്.
ഒക്ടോബറിലാണ് നൊബേല്‍ സമാധാന പുരസ്‌കാരം പ്രഖ്യാപിക്കുക. കഴിഞ്ഞ വര്‍ഷം ആണവായുധങ്ങള്‍ക്ക് എതിരെയുള്ള പ്രചാരണത്തിന്, ജപ്പാനിലെ അണുബോംബ് അതജീവിതരുടെ ഗ്രൂപ്പായ നിഹോണ്‍ ഹിഡാന്‍ക്യോയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്.