സുനാമി തിരമാലകള്‍ യുഎസ് സംസ്ഥാനങ്ങളായ അലാസ്‌കയിലും ഹവായിലും, കാലിഫോര്‍ണിയയിലും, വാഷിംഗ്ടണിലും; 3.6 അടി വരെ ഉയരത്തില്‍ തിരമാലകള്‍; ഹവായിയില്‍ ആപത്ശങ്ക ഒഴിഞ്ഞു; ഫ്രഞ്ച് പോളിനേഷ്യയില്‍ ഇന്നുരാത്രിയോടെ ഏഴടി ഉയരത്തിലുള്ള സുനാമി തിരമാലകള്‍ ആഞ്ഞടിക്കുമെന്ന് മുന്നറിയിപ്പ്; കംചത്ക ഉപദ്വീപില്‍ രേഖപ്പെടുത്തിയത് ഇതുവരെയുള്ള 10 വലിയ ഭൂകമ്പങ്ങളില്‍ ഒന്ന്

സുനാമി തിരമാലകള്‍ യുഎസ് സംസ്ഥാനങ്ങളായ അലാസ്‌കയിലും ഹവായിലും, കാലിഫോര്‍ണിയയിലും, വാഷിംഗടണിലും

Update: 2025-07-30 10:44 GMT

ന്യൂഡല്‍ഹി: റഷ്യയിലെ കംചത്ക ഉപദ്വീപില്‍ ഉണ്ടായ ലോകത്തെ നടുക്കിയ വന്‍ഭൂകമ്പത്തെ തുടര്‍ന്നുള്ള സുനാമി തിരകള്‍ അമേരിക്കന്‍ സംസ്ഥാനങ്ങളായ അലാസ്‌കയിലും, ഹവായിലും, കാലിഫോര്‍ണിയയിലും, വാഷിംഗ്ടണിലും എത്തി. ബുധനാഴ്ച രാവിലെ റിക്ടര്‍ സ്‌കെയിലില്‍ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ആധുനിക ചരിത്രത്തില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ 10 വലിയ ഭൂകമ്പങ്ങളില്‍ ഒന്നെന്ന് കരുതുന്നതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.

ജപ്പാനിലും, റഷ്യയിലും യുഎസിന്റെ പടിഞ്ഞാറന്‍ തീരത്തെ ചില പ്രദേശങ്ങളിലും ലക്ഷക്കണക്കിന് പേരെ സുരക്ഷിത സ്ഥാനത്തേക്ക് ഒ!ഴിപ്പിച്ചു. ജപ്പാനില്‍. 19 ലക്ഷം പേരെ ഒഴിപ്പിച്ചു. കാലിഫോര്‍ണിയ-ഓറിഗണ്‍ അതിര്‍ത്തിയില്‍ ഒരുമീറ്ററിലേറെ ഉയരമുള്ള തിര രേഖപ്പെടുത്തി. വടക്കന്‍ കാലിഫോര്‍ണിയയിലെ ക്രെസന്റ് നഗരത്തില്‍ 3.6 അടി( 1.09മീ) ഉയരമുള്ള തിരകള്‍ രേഖപ്പെടുത്തിയതായി ദേശീയ സുനാമി മുന്നറിയിപ്പ് കേന്ദ്രം റിപ്പോര്‍ട്ട് ചെയ്തു.

ഹവായിയില്‍ സുനാമി മുന്നറിയിപ്പ് അഡ് വൈസറിയിലേക്ക് മാറ്റി. അതായത് തീരത്ത് ശക്തവും അപകടകരവുമായ തിരമാലകള്‍ക്ക് സാധ്യയുണ്ട്. ബീച്ചുകളില്‍ നിന്നും ജലാശയങ്ങളില്‍ നിന്നും അകന്നുനില്‍ക്കുക. നാലുതരത്തിലാണ് യുഎസ് ദേശീയ കാലാവസ്ഥാ സര്‍വീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കാറുള്ളത്. വാണിംഗ്, അഡ് വൈസറി, വാച്ച്, ഇന്‍ഫൊര്‍മേഷന്‍ സ്റ്റേറ്റ്‌മെന്റ്. വലിയ അപകടം വരുത്താവുന്ന തീരദേശപ്രളയത്തിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ടെന്നും ഉയര്‍ന്ന പ്രദേശങ്ങളിലേക്കോ, ഉള്‍നാട്ടിലേക്കോ മാറണമെന്ന മുന്നറിയിപ്പാണ് വാണിംഗ്. ഹവായിലാണ് സുനാമി ഏറ്റവും അധികം ആഞ്ഞടിക്കുമെന്ന് കരുതിയിരുന്നത്. എന്നാല്‍, ഹവായില്‍ വലിയ ആപത്ശങ്കയില്ലെന്നും നിലവില്‍ നോര്‍ത്തേണ്‍ കാലിഫോര്‍ണിയയ്ക്ക് മാത്രമാണ് സുനാമിയുടെ നേരിട്ടുള്ള ഭീഷണിയെന്നും യുഎസ് കാലാവസ്ഥ സര്‍വീസ് അറിയിച്ചു. 10 അടി ഉയത്തിലുള്ള തിരമാലകള്‍ ഹവായിയില്‍ ആഞ്ഞടിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

അമേരിക്കയുടെ തീരപ്രദേശങ്ങളില്‍ സുനാമി തിരകള്‍ എത്തിയതായി പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രവും സ്ഥിരീകരിച്ചു. ഹവായില്‍ ഏറ്റവും ഉയരത്തിലുള്ള തിരമാല ഹലേയ്വയിലാണ് രേഖപ്പെടുത്തിയത്-നാലടി(1.2 മീ). വടക്കന്‍ കാലിഫോര്‍ണിയ തീരത്ത് ഇപ്പോഴും സുനാമി മുന്നറിയിപ്പ് പ്രാബല്യത്തിലുണ്ട്. ബീച്ചുകളിലും തുറമുഖങ്ങളിലും പൊതുജനങ്ങള്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ഹവായിക്ക് പിന്നാലെ ജപ്പാനും വലിയ തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പിന്റെ ഗ്രേഡ് കുറച്ചു. എന്നാല്‍. ഹൊക്കൈഡോയിലും തോഹോകുവിലും ഇപ്പോഴും സുനാമി മുന്നറിയിപ്പ് നിലവിലുണ്ട്.

ഫ്രഞ്ച് പോളിനേഷ്യയില്‍ ഇന്നുരാത്രിയുടെ 2.2 മീറ്റര്‍ ഉയരത്തിലുള്ള സുനാമി തിരമാലകള്‍ ആഞ്ഞടിക്കുമെന്നാണ് മുന്നറിയിപ്പ്. ദക്ഷിണ പസഫിക് സമുദ്രത്തിന്റെ മധ്യഭാഗത്തുള്ള അര്‍ദ്ധ സ്വയംഭരണപ്രദേശമായ ഫ്രഞ്ച് പോളിനേഷ്യയില്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.

കാലിഫോര്‍ണിയയിലെയും മറ്റ് പടിഞ്ഞാറന്‍ തീര സംസ്ഥാനങ്ങളിലെയും ഹവായിയിലെയും ഇന്ത്യന്‍ പൗരന്മാരോട് ജാഗ്രത പുലര്‍ത്താനും അമേരിക്കന്‍ അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാനുമാണ് കോണ്‍സുലേറ്റ് നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. യുഎസ് അധികൃതരില്‍ നിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കണം, സുനാമി മുന്നറിയിപ്പ് പുറപ്പെടുവിക്കുന്നപക്ഷം ഉയര്‍ന്ന പ്രദേശത്തേക്ക് മാറണം, തീരപ്രദേശങ്ങള്‍ ഒഴിവാക്കണം, അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സന്നദ്ധരായിരിക്കണം, ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്ത് സൂക്ഷിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ഇന്ത്യന്‍ പൗരന്മാര്‍ക്കായി പുറപ്പെടുവിച്ചിട്ടുള്ളത്. സഹായം തേടുന്ന ഇന്ത്യക്കാര്‍ക്കായി അടിയന്തരസഹായത്തിന് ഫോണ്‍ നമ്പറും (+14154836629) സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ സജ്ജമാക്കിയിട്ടുണ്ട്.

Tags:    

Similar News