അമ്മായിയമ്മയെ കാണാന്‍ സല്ലപിച്ച് മെല്ലെ ഉരുട്ടി ഉരുട്ടി കാറില്‍ പോകുന്നവരാണ് പൊതു യോഗത്തിനെതിരെ രംഗത്തു വരുന്നത്; കാറുള്ളവന്‍ കാറില്‍ പോകുന്നത് പോലെ പാവങ്ങള്‍ക്ക് ജാഥ നടത്താനുള്ള സ്വാതന്ത്യം അനുവദിച്ച് തരണം; വിജയരാഘവന്‍ ലക്ഷ്യമിട്ടത് ആരെ? ഹൈക്കോടതി വാളെടുത്താല്‍ സിപിഎമ്മും സര്‍ക്കാരും പ്രതിക്കൂട്ടിലാകും; കുന്നംകുളം പ്രസംഗം അതിരുവിട്ടതാകുമ്പോള്‍

Update: 2024-12-19 08:03 GMT

കൊച്ചി: റോഡ് ബ്ലോക്ക് ചെയ്ത് സ്റ്റേജ് കെട്ടി പരിപാടി നടത്തിയതിനെതിരെ ഹൈകോടതി ഇടപെട്ടതിനെ പരിഹസിച്ച് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍ എത്തുമ്പോള്‍ വിവാദം പുതിയ തലത്തിലേക്ക്. അമ്മായിയമ്മയെ കാണാന്‍ സല്ലപിച്ച് മെല്ലെ ഉരുട്ടി ഉരുട്ടി കാറില്‍ പോകുന്നവരാണ് പൊതുയോഗത്തിനെതിരെ രംഗത്തുവരുന്നതെന്നാണ് വിജയരാഘവന്റെ പരിഹാസം. ഹൈക്കോടതിയെ ലക്ഷ്യമിട്ടാണ് ഈ വിമര്‍ശനമെന്ന വാദം സജീവമാണ്. അതിനിടെ ഇത്തരം പരമാര്‍ശം അനാവശ്യമാണെന്ന അഭിപ്രായം സിപിഎമ്മിനുമുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അടക്കം പ്രതിസ്ഥാനത്തുള്ള കേസാണ് വഞ്ചിയൂരിലേത്. ഇവിടെ കോടതിയെ പ്രകോപ്പിക്കുന്ന വിജരാഘവന്റെ നിലപാടില്‍ ചില സിപിഎം നേതാക്കള്‍ ഗൂഡാലോചന കാണുന്നുണ്ട്.

അമ്മായിയമ്മയെ കാണാന്‍ സല്ലപിച്ച് മെല്ലെ ഉരുട്ടി ഉരുട്ടി കാറില്‍ പോകുന്നവരാണ് പൊതുയോഗത്തിനെതിരെ രംഗത്തുവരുന്നത്. കാറുള്ളവന്‍ കാറില്‍ പോകുന്നത് പോലെ പാവങ്ങള്‍ക്ക് ജാഥ നടത്താനുള്ള സ്വാതന്ത്ര്യം അനുവദിച്ച് തരണം. ഇവരെല്ലാം ഈ കാറില്‍ പോകണോ നടന്ന് പോയാല്‍ പോരേ പണ്ടൊക്കെ നമ്മള്‍ നടന്നല്ലേ പോയത് ഇത്ര വലിയ കാറ് വേണോ ഒരു കുഞ്ഞിക്കാറില്‍ പോയാല്‍ പോരേ -അദ്ദേഹം ചോദിച്ചു. തൃശൂര്‍ കേച്ചേരിയില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡരികില്‍ പൊതുയോഗം വെക്കുന്നതിനിതിരെ പബ്ലിസിറ്റി ആഗ്രഹിക്കുന്നവര്‍ സുപ്രീം കോടതിയില്‍വരെ കേസ് നടത്തുകയാണെന്നും വിജയരാഘവന്‍ ആരോപിച്ചു.

റോഡുകളിലും നടപ്പാതകളിലും ഗതാഗതം തടസ്സപ്പെടുത്തി സ്റ്റേജ് കെട്ടി നടത്തുന്ന സമ്മേളനങ്ങളുടെ സംഘാടകരും വേദിയിലുള്ളവരും ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം ഹൈകോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. നേരത്തേ ഫുട്പാത്തുകളിലായിരുന്ന യോഗങ്ങളും പ്രതിഷേധങ്ങളും ഇപ്പോള്‍ നടുറോഡിലായിരിക്കുകയാണെന്നും തിരുവനന്തപുരം വഞ്ചിയൂരില്‍ സ്റ്റേജ് കെട്ടാന്‍ റോഡ് കുഴിച്ചിട്ടുണ്ടെങ്കില്‍ വിഷയം കൂടുതല്‍ ഗൗരവകരമാണെന്നും ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് അഭിപ്രായപ്പെട്ടത്. ഇത്തരമൊരു കേസിലാണ് വിജയരാഘവന്റെ പരിഹാസം. ഇത് സിപിഎമ്മിനേയും സര്‍ക്കാരിനേയും കൂടുതല്‍ വെട്ടിലാക്കും.

വഞ്ചിയൂരിലെ സി.പി.എം ഏരിയ സമ്മേളനം, സെക്രട്ടേറിയറ്റിന് മുന്നിലെ ജോയന്റ് കൗണ്‍സില്‍ രാപ്പകല്‍ ധര്‍ണ, കൊച്ചി കോര്‍പറേഷന് മുന്നിലെ കോണ്‍ഗ്രസ് ധര്‍ണ തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള കോടതിയലക്ഷ്യ ഹരജി പരിഗണിച്ചായിരുന്നു ഹൈകോടതിയുടെ നിരീക്ഷണം. അതേസമയം, ഗതാഗതം തടസ്സപ്പെടുത്തുന്ന പരിപാടികള്‍ക്ക് അനുമതി നല്‍കരുതെന്ന് സര്‍ക്കുലര്‍ മുഖേന നിര്‍ദേശം നല്‍കിയിരുന്നുവെന്നും വഞ്ചിയൂരിലെ പരിപാടിക്ക് പൊലീസ് അനുമതി നല്‍കിയിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കി. വഞ്ചിയൂരിലെ സംഭവം അറിഞ്ഞയുടന്‍ കേസെടുത്തെന്നും ഡി.ജി.പി വ്യക്തമാക്കി.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, ജില്ല സെക്രട്ടറി വി. ജോയ് തുടങ്ങി വേദിയിലുണ്ടായിരുന്നവരുടെ പട്ടികയടങ്ങുന്ന റിപ്പോര്‍ട്ടാണ് വഞ്ചിയൂര്‍ എസ്.എച്ച്.ഒ ഷാനിഫ് ഹൈക്കോടതിയില്‍ നല്‍കിയിരുന്നത്.

വിജയരാഘവന്റെ കുന്നംകുളം പ്രസംഗത്തില്‍നിന്ന്:

'റോഡരികില്‍ ഒരു പൊതുയോഗം വെച്ചാല്‍ സഹിച്ചൂടാ! അയ്യോ! റോട്ടുവക്കില്‍ മാര്‍ക്കിസ്റ്റുകാര്‍ പൊതുയോഗം വെച്ചൂ, കാര്‍ പോകാത്ത റോട്ടില്‍ പൊതുയോഗം, കുടുങ്ങീലേ മനുഷ്യന്‍!. ഏതോ റോട്ടുവക്കില്‍ പൊതുയോഗം വെച്ചാല്‍ അങ്ങ് സുപ്രീം കോടതിയില്‍വരെ കേസ് നടത്തുന്നു. അങ്ങനെയൊക്കെയേ പബ്ലിസിറ്റി കിട്ടൂ. എന്തൊരു ട്രാഫിക് ജാം! അല്ലെങ്കില്‍ ഇവിടെ ട്രാഫിക് ജാം ഉണ്ടാവാറില്ലേ ഇന്ന് ഇവിടെ പരിപാടി ഉള്ളത് കൊണ്ട് ട്രാഫിക് ജാം ഉണ്ട്. അല്ലെങ്കില്‍ ഈ കേച്ചേരിയില്‍ ട്രാഫിക് ജാം ഇല്ലേ ഉണ്ട്. ഞാന്‍ ഇടക്ക് ഇതുവഴി പോകാറുണ്ട്. അപ്പോള്‍ കാണാറുണ്ട്.

10 മനുഷ്യന് പോകാന്‍ ഇത്ര സ്ഥലം പോരേ എന്നാല്‍, 10 കാറിന് പോകാന്‍ എത്ര സ്ഥലം വേണം എന്ന് നിങ്ങള്‍ ഒന്ന് ആലോചിച്ച് നോക്കൂ. ഇവരെല്ലാം ഈ കാറില്‍ പോകണോ നടന്ന് പോയാല്‍ പോരേ പണ്ടൊക്കെ നമ്മള്‍ നടന്നല്ലേ പോയത്. ഇത്ര കാറ് വേണോ ഇത്ര വലിയ കാറ് വേണോ ഒരു കുഞ്ഞിക്കാറില്‍ പോയാല്‍ പോരേ ഇവര്‍ ഏറ്റവും വലിയ കാറില്‍ പോകുമ്പോള്‍ അത്രേം സ്ഥലം പോകുകയല്ലേ 25 കാറ് ഇങ്ങനെ കിടക്കുമ്പോള്‍ ചിന്തിക്കേണ്ടത് 25 കാറ് കിടക്കുന്നു എന്നല്ല, 25 ആളേ ഉള്ളൂ എന്നാണ്. ആ കാറില്‍ ആരാ അമ്മായിയമ്മയെ കാണാന്‍ മെല്ലെ ഇങ്ങനെ ഉരുട്ടി ഉരുട്ടി പോകുന്നുണ്ടാകും.

ഞായറാഴ്ച തിരക്ക് കൂടുതലാ. കാറൊക്കെ എടുത്ത് അമ്മായിയമ്മയുടെ വീട്ടിലേക്ക് വര്‍ത്തമാനം പറഞ്ഞും സല്ലപിച്ചും ഇങ്ങനെ പോകുകയായിരിക്കും. ഞാന്‍ അതിന് എതിരൊന്നുമല്ല. കാറുള്ളവന്‍ കാറില്‍ പോയിക്കോട്ടെ. അതുപോലെ പാവങ്ങള്‍ക്ക് ഒരു ജാഥ നടത്താനുള്ള സ്വാതന്ത്രം അനുവദിച്ച് തരണം എന്ന് വളരെ വിനയപൂര്‍വം ഞാന്‍ അഭ്യര്‍ഥിക്കുകയാണ്.'

Tags:    

Similar News