കൊളംബിയയില്‍ വിമാനം തകര്‍ന്നുവീണു; ജനപ്രതിനിധിയടക്കം 15 പേര്‍ക്ക് ദാരുണാന്ത്യം
കൊളംബിയയില്‍ വിമാനം തകര്‍ന്നുവീണു; ജനപ്രതിനിധിയടക്കം 15 പേര്‍ക്ക് ദാരുണാന്ത്യം
ഒകാന: വടക്കുകിഴക്കന്‍ കൊളംബിയയില്‍ ചെറുവിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് ദാരുണാന്ത്യം. വെനസ്വേല അതിര്‍ത്തിക്കു സമീപമാണ് വിമാനം തകര്‍ന്നുവീണത്. കൊളംബിയന്‍ നിയമസഭാംഗമായ ഡയോജെനസ് ക്വിന്ററോ, അദ്ദേഹത്തിന്റെ പേഴ്‌സനല്‍ സ്റ്റാഫ്, മാര്‍ച്ചിലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിരുന്ന കാര്‍ലോസ് സല്‍സെഡോ എന്നിവരുള്‍പ്പെടെയാണ് മരിച്ചത്. കൊളംബിയന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനിയായ സറ്റേനയും വ്യോമയാന അധികൃതരും അപകടം സ്ഥിരീകരിച്ചു. 13 യാത്രികരും രണ്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
കൊളംബിയയുടെ അതിര്‍ത്തി നഗരമായ കുകൂട്ടയില്‍നിന്ന് പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ 11.42ന് പുറപ്പെട്ട വിമാനം ഉച്ചയോയെ സമീപത്തെ ഒകാനയില്‍ ഇറങ്ങേണ്ടതായിരുന്നു. എന്നാല്‍, ലാന്‍ഡിങ്ങിന് മുന്‍പായി ടവറുമായുള്ള ബന്ധം നഷ്ടപ്പെട്ടു. കുകൂട്ട പ്രദേശം വനനിബിഡമാണ്. ഇവിടെ കാലാവസ്ഥ അതിവേഗം മാറുകയും ചെയ്യും. കൊളംബിയയിലെ ഏറ്റവും വലിയ ഗറില്ല വിഭാഗമായ നാഷണല്‍ ലിബറേഷന്‍ ആര്‍മിയുടെ നിയന്ത്രണത്തിലുള്ള മേഖലയാണിത്.
വെനിസ്വേലന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ദുര്‍ഘടമായ കാറ്ററ്റുംബോ മലനിരകളില്‍ നടത്തിയ തിരച്ചിലിനൊടുവില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. വിമാനം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.