ഫ്രാന്‍സില്‍ കുടിയേറ്റ കലാപം; പോലീസിന് നേരെ കല്ലേറും റോഡില്‍ തീയിടലും; കലാപം പൊട്ടിപ്പുറപ്പെട്ടത് അഭയാര്‍ത്ഥികള്‍ അടങ്ങിയ ഒരു ചെറിയ ബോട്ട് പോലീസ് തടഞ്ഞതോടെ
ഫ്രാന്‍സില്‍ കുടിയേറ്റ കലാപം
പാരീസ്: ഇന്നലെ അതിരാവിലെ ഫ്രാന്‍സില്‍, കുടിയേറ്റക്കാരും റയട്ട് പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നു. പോലീസിനു നേരെ കല്ലേറുണ്ടായി. റോഡില്‍ തീയിടുകയും ചെയ്തു. ഇന്നലെ രാവിലെ ഉദ്യോഗസ്ഥര്‍ക്ക് നേരെ കുടിയേറ്റക്കാര്‍ കല്ലുകളെറിയുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഗ്രേവ്ലൈന്‍സിലെ ഒരു പാര്‍ക്കിന് സമീപം റോഡില്‍ ലഹളക്കാര്‍ തീയിടുകയും ചെയ്തു. ഇവിടത്തെ ഒരു കനാലില്‍നിന്നും ബ്രിട്ടനിലേക്ക് പുറപ്പെട്ടതാണെന്ന് കരുതപ്പെടുന്ന, അഭയാര്‍ത്ഥികള്‍ അടങ്ങിയ ഒരു ചെറിയ ബോട്ട് പോലീസ് തടഞ്ഞതോടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.
പോലീസുമായി ഏറ്റുമുട്ടിയവര്‍ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നതായി സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്ന വിവിധ മാധ്യമ റിപ്പോര്‍ട്ടര്‍മാര്‍ പറയുന്നു. ഏകദേശം 20 മിനിറ്റോളം കലാപം നീണ്ടുനിന്നു. അവസാനം പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചിട്ടാണ് ആള്‍ക്കൂട്ടത്തെ പിരിച്ചുവിട്ടത്. അതിനിടയില്‍, ഗ്രേവ്‌ലൈന്‍സിലെ തീരത്ത് ബോട്ടിലേക്ക് കയറാനായി ആളുകള്‍ തിരക്കു കൂട്ടുന്നതിന്റെ ദൃശ്യങ്ങളുമുണ്ട്. ഉള്‍ക്കൊള്ളാവുന്നതിലേറെ ആളുകള്‍ നിറഞ്ഞതിനാല്‍, ചില യുവാക്കള്‍, ബോട്ടില്‍ തൂങ്ങിക്കിടക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
ചെറു യാനങ്ങളില്‍ ചാനല്‍ കടന്ന് അനധികൃത അഭയാര്‍ത്ഥികള്‍ ബ്രിട്ടനിലെത്തുന്നത് തടയാന്‍ അടുത്തിടെയായി ഫ്രഞ്ച് പോലീസ് കര്‍ശന നടപടികല്‍ സ്വീകരിക്കുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു. കുടിയേറ്റക്കാര്‍ കയറിയ ഒരു റബ്ബര്‍ ബോട്ട് ഫ്രഞ്ച് പോലീസ് കുത്തി കീറുന്നതിന്റെ ദൃശ്യങ്ങള്‍ ഈ മാസം ആദ്യം പുറത്തു വന്നിരുന്നു. എന്നാല്‍, ഇന്നലെ പുറത്തുവന്ന മറ്റൊരു ദൃശ്യത്തില്‍ ഫ്രഞ്ച് തീരദേശ സൈനികര്‍ കുടിയേറ്റക്കാര്‍ക്ക് ലൈഫ് ജാക്കറ്റുകള്‍ നല്‍കുന്നത് കാണാമായിരുന്നു.