'വിശപ്പാണ് സാറെ ഇവന്റെ മെയിൻ..!; രക്ഷിച്ചതിന് നന്ദി വാക്കുകൾ ഇല്ല; പോലീസിനെ കടിച്ചും മാന്തിയും പൂച്ച സെർ; സഹികെട്ട് കുഞ്ഞനെ അറസ്റ്റ് ചെയ്തപ്പോൾ സംഭവിച്ചത്!

Update: 2025-05-25 13:26 GMT

ബാങ്കോക്ക്: പോലീസിനെ കടിച്ച പൂച്ചയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. തായ്‌ലൻഡിലെ ബാങ്കോക്കിലാണ് രസകരമായ സംഭവം നടന്നത്. അമേരിക്കൻ ഷോർട്ട്ഹെയർ ഇനത്തില്‍പ്പെട്ട പൂച്ചയാണ് പോലീസിന് തലവേദന സൃഷ്ടിച്ചത്. ബാങ്കോക്ക് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഡാ പരിന്‍ഡ പകീസുക് ആണ് സോഷ്യൽ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട പോസ്റ്റ് പങ്കുവെച്ചത്. ഉടമയില്‍ നിന്ന് നഷ്ടപ്പെട്ട പൂച്ചയെ ഒരാള്‍ക്ക് ലഭിക്കുകയും ഇതിനെ ഇയാള്‍ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയുമായിരുന്നു.

ഉടമയെ കണ്ടെത്തുന്നതിനായാണ് പൂച്ചയെ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചത്. പിങ്ക് നിറത്തിലുള്ള ഹാര്‍നെസ് (ഒരു തരം വസ്ത്രം) ധരിച്ച് സ്റ്റേഷനിലെത്തിയ പൂച്ചയെ പൊലീസ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു. എന്നാല്‍ 'നന്ദി പ്രകടിപ്പിക്കാതെ പൂച്ച, അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരെ മാന്തുകയും കടിക്കുകയുമാണ് ചെയ്തതെ'ന്ന് പോസ്റ്റില്‍ പറയുന്നു.

ഉടനെ തന്നെ പൂച്ചയെ കസ്റ്റഡിയിലെടുത്തു. ഈ പോസ്റ്റ് ഇതിന്‍റെ ഉടമയിലേക്ക് എത്തിക്കണമെന്നും ഉടമ എത്തിയാല്‍ ജാമ്യത്തില്‍ വിടാമെന്നും പകീസുക് കുറിച്ചു. പകീസുകിന്‍റെ കുറിപ്പും ഒപ്പമുള്ള പൂച്ചയുടെ ചിത്രവും വളരെ വേഗം സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റി. നിരവധി പേര്‍ ഇതിന് കമന്‍റുകളുമായെത്തി. ഭക്ഷണവും കളിപ്പാട്ടങ്ങളുമായി വീട് പോലെ തോന്നിക്കുന്ന അന്തരീക്ഷം തങ്ങള്‍ ഒരുക്കിയിരുന്നെന്നും പകീസുക് കുറിച്ചു. അവൾ അവളുടെ ഏറ്റവും മികച്ച ജീവിതമാണ് നയിക്കുന്നത്, പൊലീസ് ഉദ്യോഗസ്ഥരാണ് യഥാർത്ഥ ഇരകൾ- അദ്ദേഹം കുറിച്ചു.

'നുബ് താങ്' എന്നാണ് പൂച്ചയുടെ പേര്. നുബ് താങ്ങിനെ ഏറ്റുവാങ്ങാൻ ഉടമ സ്റ്റേഷനിലെത്തിയതോടെ എല്ലാം ശുഭമമായി അവസാനിച്ചു. തുടര്‍ന്ന് പൂച്ചക്ക് അനുകൂലമായി പൊലീസ് റിപ്പോര്‍ട്ടില്‍ ഇങ്ങനെ കുറിച്ചു- 'എനിക്ക് വളരെയേറെ വിശന്നിരുന്നു, ആരെയും കടിക്കാൻ ഉദ്ദേശിച്ചിരുന്നില്ല'! പൂച്ചയുടെ ആക്രമണവും തിരികെ ഉടമയുടെ അടുത്തെത്തിയതും സമൂഹ മാധ്യമങ്ങളിൽ വൈറലുമായി.

Tags:    

Similar News