ചുമതല ഏല്‍ക്കാനിരിക്കെ ജര്‍മനിയില്‍ നിയുക്ത മേയറിന് കുത്തേറ്റു; ഗുരുതരമായി പരിക്കേറ്റ 57കാരി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍: പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതം
ജര്‍മനിയില്‍ നിയുക്ത മേയറിന് കുത്തേറ്റു
ബര്‍ലിന്‍: ചുമതല ഏല്‍ക്കാനിരിക്കെ ജര്‍മനിയില്‍ നിയുക്ത മേയറിന് കുത്തേറ്റു. പടിഞ്ഞാറന്‍ ജര്‍മനിയിലെ ഹെര്‍ദെക്കെ നഗരത്തിലെ നിയുക്ത മേയര്‍ ഐറിസ് സ്സാള്‍സറിന് (57) ആണ് കുത്തേറ്റത്. കഴുത്തിലും വയറിലുമാണ് കുത്തേറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുരുതരമായി പരുക്കേറ്റ ഐറിസ് തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്.
ഐറിസ് നവംബര്‍ ഒന്നിന് ആണ് ചുമതലയേല്‍ക്കാനിരിക്കേയാണ് ആക്രമണം. സ്വന്തം വീടിന് സമീപത്ത് വെച്ചാണ് ഐറിസ് ആക്രമിക്കപ്പെട്ടത്. വീടിന് സമീപത്ത് നില്‍ക്കെ ഒരു സംഘം ആളുകളുടെ കുത്തേറ്റു നിലത്തുവീണ ഐറിസ് സ്സാള്‍സര്‍ ഇഴഞ്ഞ് വീട്ടില്‍ അഭയം തേടുകയായിരുന്നുവെന്ന് മകന്‍ മൊഴി നല്‍കിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല.
ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസം 28നാണ് മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. ജര്‍മന്‍ സര്‍ക്കാരില്‍ കൂട്ടുകക്ഷിയായ സോഷ്യല്‍ ഡെമോക്രാറ്റ് പാര്‍ട്ടിയുടെ നേതാവാണ്.