മുത്തശ്ശിയെ ഐസിയുവിൽ കയറ്റിയെന്ന് ഫോൺ കോൾ; ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന് മുട്ടൻ പണി; വൈറലായി പോസ്റ്റ്

Update: 2025-12-05 13:48 GMT

കുടുംബപരമായ ഒരടിയന്തര സാഹചര്യത്തിൽ ജോലിക്കിടയിൽ ആശുപത്രിയിലേക്ക് പോകേണ്ടിവന്ന ഒരു ജീവനക്കാരന്, ഒരു ദിവസത്തെ മുഴുവൻ ശമ്പളവും നഷ്ടപ്പെട്ട ദാരുണമായ അനുഭവം റെഡ്ഡിറ്റ് പ്ലാറ്റ്‌ഫോമിൽ വൈറലായി. ഒരു ഇന്ത്യൻ കമ്പനിയിലെ ജീവനക്കാരനാണ് തന്റെ ദുരിതാനുഭവം ലോകവുമായി പങ്കുവെച്ചത്. ജീവനക്കാരൻ്റെ പോസ്റ്റ് പുറത്തുവന്നതോടെ രാജ്യത്തെ തൊഴിൽ സംസ്കാരം, മാനുഷിക മൂല്യങ്ങൾ, സഹാനുഭൂതി എന്നിവയെക്കുറിച്ചുള്ള വ്യാപകമായ ചർച്ചകൾക്ക് സോഷ്യൽ മീഡിയയിൽ തുടക്കമായി.

ജോലിക്കായി ഓഫീസിൽ എത്തിയതിന് പിന്നാലെയാണ് ജീവനക്കാരന് മുത്തശ്ശിയെ ഐസിയുവിൽ പ്രവേശിപ്പിച്ച വിവരം ലഭിക്കുന്നത്. വിവരമറിഞ്ഞ ഉടൻതന്നെ ആശുപത്രിയിലേക്ക് പോകേണ്ട അടിയന്തര സാഹചര്യം ഉണ്ടായി. ആശുപത്രിയിലേക്ക് പോയതിന് ശേഷം, രാത്രി 9 മണിക്ക് നിശ്ചയിച്ചിരുന്ന ഒരു ക്ലയന്റ് മീറ്റിംഗിൽ ഇദ്ദേഹത്തിന് പങ്കെടുക്കാൻ കഴിഞ്ഞില്ല.

ഈ വിഷയം ഡയറക്ടറുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ക്ലയന്റ് മീറ്റിംഗിൽ പങ്കെടുക്കാൻ കഴിയാതിരുന്നതിൻ്റെ പേരിൽ, ഒരു ദിവസത്തെ മുഴുവൻ ശമ്പളവും വെട്ടിക്കുറയ്ക്കാൻ ഡയറക്ടർ കമ്പനിയിലെ എച്ച്ആർ വിഭാഗത്തോട് ആവശ്യപ്പെട്ടതായി ജീവനക്കാരൻ റെഡ്ഡിറ്റ് പോസ്റ്റിൽ പറയുന്നു.

Tags:    

Similar News