പ്രഥമദൃഷ്ട്യാ കൊലപാതകം രാഷ്ട്രീയ പ്രേരിതമാണെന്ന് തോന്നുന്നു; ഹാദിയെ വെടിവെച്ചത് ആരാണ്? കണ്ടെത്താനായില്ലെന്ന് ബംഗ്ലാദേശ് പൊലീസ്

Update: 2025-12-22 05:59 GMT

ധാക്ക: ബംഗ്ലാദേശില്‍ രാഷ്ട്രീയ കൊലപാതകങ്ങളെത്തുടര്‍ന്നുള്ള സംഘര്‍ഷം അനിയന്ത്രിതമായി തുടരുന്നു. ഇങ്ക്വിലാബ് മഞ്ച പാര്‍ട്ടി നേതാവായ ഷരീഫ് ഉസ്മാന്‍ ഹാദിയുടെ കൊലപാതകത്തിലെ മുഖ്യപ്രതിയെക്കുറിച്ച് സൂചനകളൊന്നുമില്ലെന്ന് പോലീസ് സമ്മതിച്ചു. പ്രതികളെ പിടികൂടാന്‍ സര്‍ക്കാരിന് പാര്‍ട്ടി നല്‍കിയ 24 മണിക്കൂര്‍ അന്ത്യശാസനം അവസാനിക്കാനിരിക്കെയാണ് പോലീസിന്റെ ഈ കുറ്റസമ്മതം. ഹാദിയുടെ മരണത്തിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷങ്ങള്‍ ഇപ്പോഴും അടങ്ങിയിട്ടില്ല.

ഫെബ്രുവരി 12-ന് നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ എട്ട് മണ്ഡലങ്ങളില്‍ മത്സരിക്കാനിരുന്ന ഹാദിയെ ലക്ഷ്യമിട്ട് നടത്തിയ രാഷ്ട്രീയ കൊലപാതകമാണിതെന്ന് പോലീസ് ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്. വെടിവെച്ചത് ഫൈസല്‍ കരീം മസൂദ് എന്നയാളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇയാള്‍ എവിടെയാണെന്ന കാര്യത്തില്‍ അഡീഷണല്‍ ഐജിപി ഖന്ദേക്കര്‍ റഫീഖുല്‍ ഇസ്ലാമിന് ഉത്തരമില്ല. വ്യക്തിപരമായ കാരണങ്ങളല്ല, മറിച്ച് കൃത്യമായ രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഡിസംബര്‍ 12-ന് ധാക്കയിലെ ബിജോയ്‌നഗറില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെയാണ് മുഖംമൂടി ധരിച്ചെത്തിയ സംഘം 32-കാരനായ ഹാദിയുടെ തലയ്ക്ക് വെടിവെച്ചത്. സിംഗപ്പൂരില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ വ്യാഴാഴ്ചയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. ഷെയ്ഖ് ഹസീന സര്‍ക്കാരിനെ പുറത്താക്കിയ ചരിത്രപ്രധാനമായ പ്രതിഷേധങ്ങളിലെ മുന്‍നിര പോരാളിയായിരുന്നു ഹാദി. ഈ കൊലപാതകം വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ഇപ്പോള്‍ ബംഗ്ലാദേശ് ജനത.

Tags:    

Similar News