ഭര്‍ത്താവിന് പരസ്ത്രീ ബന്ധം: രണ്ട് മക്കള്‍ക്ക് വിഷം കൊടുത്ത് ആത്മഹത്യക്ക് ശ്രമിച്ച നഴ്സിന് 16 വര്‍ഷം തടവ്

ആത്മഹത്യക്ക് ശ്രമിച്ച നഴ്സിന് 16 വര്‍ഷം തടവ്

Update: 2025-02-13 06:53 GMT

ലണ്ടന്‍: ഭര്‍ത്താവിന് പരസ്ത്രീ ബന്ധം ഉണ്ടെന്ന് തെളിഞ്ഞതോടെ തന്റെ രണ്ട് മക്കള്‍ക്ക് വിഷം നല്‍കിയതിന് ശേഷം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച നഴ്സിന് 16 വര്‍ഷത്തെ ജയില്‍ ശിക്ഷ കോടതി വിധിച്ചു. നിയമപരമായ കാരണങ്ങളാള്‍ പേര് വെളിപ്പെടുത്താന്‍ കഴിയാത്ത 39 കാരി ഈസ്റ്റ് സസ്സെക്സിലെ അക്ക്ഫീല്‍ഡിലുള്ള വീട്ടില്‍ വെച്ചായിരുന്നു ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഭര്‍ത്താവ് അയാളുടെ കാമുകിക്കൊപ്പം താമസം ആരംഭിച്ചതിനെ തുടര്‍ന്നായിരുന്നു അവര്‍ ഈ കടുംകൈക്ക് മുതിര്‍ന്നത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ കുട്ടികളെ കട്ടിലില്‍ കെട്ടിയിട്ടതിനു ശേഷം ഇവര്‍ സ്വയം കട്ടിലില്‍ ബന്ധിതയായി. പിന്നീട് വീര്യം കൂടിയ ഗുളികകള്‍ കുട്ടികള്‍ക്ക് നല്‍കി ഓരോന്നായി കഴിക്കുവാന്‍ അവരോട് ആവശ്യപ്പെടുകയായിരുന്നു. ശക്തിയേറിയ വേദന സംഹാരികളും, ആന്റി ഡിപ്രസന്റുകളും ഉറക്ക ഗുളികകളുമൊക്കെ ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. അതിനു ശേഷം തന്റെ സഹോദരന് ഇവര്‍ ഒരു ശബ്ദ സന്ദേശം അയയ്ക്കുകയും ചെയ്തു. അയാളാണ് സംഭവത്തെ കുറിച്ച് പോലീസിന് വിവരം നല്‍കിയത്.

ഉടനടി സംഭവ സ്ഥലത്തെത്തിയ പോലീസും പാരാമെഡിക്സും 10 വയസ്സുള്ള ആണ്‍കുട്ടിയെയും പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയേയും അബോധാവസ്ഥയില്‍ കണ്ടെത്തി. അവരുടെ അമ്മയ്ക്ക് ബോധം നശിച്ചിരിന്നില്ലെങ്കിലും, സംസാരിക്കുമ്പോള്‍ നാവ് കുഴയുന്നുണ്ടായിരുന്നു. കൃത്യസമയത്ത് പോലീസിന്റെയും പാരാമെഡിക്സിന്റെയും ഇടപെടല്‍ ഉണ്ടായതിനാല്‍ മൂന്ന് പേരും മരണത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.

Tags:    

Similar News