ഡ്രൈവർ തെറ്റായ യൂ-ടേൺ എടുത്തു; പിന്നാലെ വന്ന വാൻ ട്രക്കിൽ ഇടിച്ചുകയറി; വാഹനാപകടത്തിൽ മൂന്നു മരണം; ഇന്ത്യൻ വംശജനായ ഡ്രൈവർക്കെതിരെ വ്യാപക വംശീയാധിക്ഷേപം

Update: 2025-08-18 15:31 GMT

വാഷിംഗ്ടൺ: ഇന്ത്യൻ വംശജനായ ഡ്രൈവർ ഓടിച്ചിരുന്ന സെമി ട്രക്ക് നിയമവിരുദ്ധമായി യൂ-ടേൺ എടുത്തതിനെ തുടർന്നുണ്ടായ വാഹനാപകടത്തിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. ഫ്ലോറിഡ ടേൺപൈക്കിലാണ് സംഭവം. അപകടത്തിന് പിന്നാലെ ഡ്രൈവർക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായ വംശീയാധിക്ഷേപം ഉയർന്നു. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

സെന്റ് ലൂസി കൗണ്ടിയിൽ ടേൺപൈക്കിന്റെ വടക്കോട്ട് പോകുന്ന പാതയിലാണ് അപകടമുണ്ടായത്. വലതുവശത്തെ ലെയ്‌നിലൂടെ സഞ്ചരിക്കുകയായിരുന്ന സെമി ട്രക്ക്, ഔദ്യോഗിക വാഹനങ്ങൾക്ക് മാത്രം യൂ-ടേൺ എടുക്കാൻ അനുവാദമുള്ള ഭാഗത്തുവെച്ച് പെട്ടെന്ന് തിരിയാൻ ശ്രമിക്കുകയായിരുന്നു. ഈ സമയം, പിന്നാലെ വന്ന ക്രിസ്‌ലർ ടൗൺ ആൻഡ് കൺട്രി വാൻ ട്രെയ്‌ലറിൽ ഇടിച്ചുകയറുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.

അപകടവിവരം ലഭിച്ചയുടൻ സെന്റ് ലൂസി ഫയർ റെസ്‌ക്യൂ വിഭാഗം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും വാനിലുണ്ടായിരുന്ന മൂന്നുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഫ്ലോറിഡ സിറ്റി സ്വദേശിയായ 30-കാരൻ, പോംപാനോ ബീച്ചിൽ നിന്നുള്ള 37-കാരി, മിയാമിയിൽ നിന്നുള്ള 54-കാരൻ എന്നിവരാണ് മരിച്ചത്. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഡ്രൈവറുടെ ഇന്ത്യൻ പശ്ചാത്തലം ചൂണ്ടിക്കാട്ടി വംശീയ ആക്രമണം രൂക്ഷമായത്.

ഡൊണാൾഡ് ട്രംപ് അനുകൂലികളടക്കം നിരവധി പേർ ഇയാളെ 'അനധികൃത കുടിയേറ്റക്കാരൻ' എന്ന് വിശേഷിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. അപകടത്തിന് കാരണക്കാരനായ ട്രക്ക് ഡ്രൈവറുടെ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. അപകടത്തെ തുടർന്ന് ടേൺപൈക്കിലെ വടക്കോട്ടുള്ള എല്ലാ പാതകളും മണിക്കൂറുകളോളം അടച്ചിടേണ്ടി വന്നതായി സെന്റ് ലൂസി കൗണ്ടി ഷെരീഫിന്റെ ഓഫീസ് അറിയിച്ചു.

Tags:    

Similar News