ടെക്‌സസ് പ്രളയത്തില്‍ മരണസഖ്യ 120 കടന്നു; 170 പേരെ ഇപ്പോഴും കാണാനില്ല; മരിച്ചവരില്‍ മുപ്പതോളം പേര്‍ കുട്ടികള്‍
ടെക്‌സസ് പ്രളയത്തില്‍ മരണസഖ്യ 120 കടന്നു
ടെക്‌സസ്: ടെക്‌സസില്‍ നാശം വിതച്ച പ്രളയത്തില്‍ ഇതുവരെ 120ലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 170ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ടെക്‌സസില്‍ മിന്നല്‍ പ്രളയമുണ്ടായത്. മരണപ്പെട്ടവരില്‍ മുപ്പതിലധികം പേര്‍ കുട്ടികളാണ്. 84മരണങ്ങളും കെര്‍ കൗണ്ടിയിലാണ് സംഭവിച്ചത്.
ഗ്വാഡലൂപ് നദിക്കരയിലുള്ള ഹണ്ട് എന്ന ചെറുപട്ടണത്തിലാണ് പ്രളയം നാശം വിതച്ചത്. ഗ്വാഡലൂപ് നദി കരകവിഞ്ഞതാണ് മരണസംഖ്യ ഉയരാന്‍ കരാണം. ഈ നദീ തീരത്തായിരുന്നു പെണ്‍കുട്ടികള്‍ക്കായുള്ള സമ്മര്‍ ക്യാമ്പ് നടന്നിരുന്നത്. 750 പേരോളം കാമ്പില്‍ പങ്കെടുത്തിരുന്നു. ക്യാമ്പിലുണ്ടായിരുന്ന പെണ്‍കുട്ടികളെയടക്കം നിരവധി പേരെയാണ് കാണാതായത്.
അതീതീവ്രമഴയെത്തുടര്‍ന്ന് വെള്ളി പുലര്‍ച്ചെയാണ് വെള്ളപ്പൊക്കമുണ്ടായത്. ഭൂരിഭാഗം പേരും ഉറക്കത്തിലായ സമയത്ത് ജലനിരപ്പുയര്‍ന്നത് മരണസംഖ്യ കൂട്ടി. ഒരു മാസംകൊണ്ട് ലഭിക്കേണ്ട മഴ ഏതാനും മണിക്കൂറില്‍ ലഭിച്ചതോടെ നദികള്‍ കരകവിഞ്ഞു. ഗ്വാഡലൂപ് നദിയില്‍ 45 മിനിറ്റിനുള്ളില്‍ ജലനിരപ്പ് 26 അടി ഉയര്‍ന്നു. പ്രദേശത്തെ ജനങ്ങള്‍ക്ക് പ്രളയമുന്നറിയിപ്പ് നല്‍കാതിരുന്നത്ും അപകടത്തിന്റെ വ്യാപ്തി കൂട്ടി. മൂന്ന് മുതല്‍ ആറുവരെ ഇഞ്ച് മഴ പെയ്യുമെന്നായിരുന്നു കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. എന്നാല്‍ 10 ഇഞ്ച് (ഏകദേശം 254 മില്ലീമീറ്റര്‍) മഴയാണ് പെയ്തത്. ഹണ്ട് പട്ടണത്തില്‍ മൂന്നുമണിക്കൂറില്‍ പെയ്തത് ആറര ഇഞ്ച് മഴ. ഇവിടെ 100 വര്‍ഷത്തിനിടെ ലഭിക്കുന്ന ഏറ്റവും കൂടുതല്‍ മഴയാണിത്.
റിവര്‍ ടൂറിസം വ്യവസായത്തിന് പേരുകേട്ട സ്ഥലമാണ് ഹണ്ട്. ഇവിടെ നടക്കുന്ന വേനല്‍ക്കാല ക്യാമ്പുകള്‍ പ്രശസ്തമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ധാരാളം കുട്ടികള്‍ എത്തുന്ന സ്ഥലമാണിതെന്ന് കമ്മ്യൂണിറ്റി ഫൗണ്ടേഷന്‍ ഓഫ് ടെക്‌സസ് ഹില്‍ കണ്‍ട്രി സിഇഒ ഓസ്റ്റിന്‍ ഡിക്‌സണ്‍ പറഞ്ഞു.