യുഎഇയില്‍ ഈ വര്‍ഷം 405 വ്യാജ സ്വദേശിവല്‍ക്കരണ കേസ്; നിയമലംഘനത്തില്‍ പങ്കെടുത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി ആരംഭിച്ചു

യുഎഇയില്‍ ഈ വര്‍ഷം 405 വ്യാജ സ്വദേശിവല്‍ക്കരണ കേസ്

Update: 2025-08-24 11:47 GMT

ദുബായ്: ഇൗ വര്‍ഷം ആദ്യ ആറുമാസത്തില്‍ സ്വകാര്യ മേഖലയില്‍ 405 വ്യാജ സ്വദേശിവല്‍ക്കരണ കേസ് കണ്ടെത്തിയതായി യുഎഇ മാനവവിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം. നിയമലംഘനത്തില്‍ പങ്കെടുത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി ആരംഭിച്ചതായും മന്ത്രാലയം അറിയിച്ചു. ഫീല്‍ഡ് പരിശോധനകളും ഡിജിറ്റല്‍ നിരീക്ഷണ സംവിധാനവുമാണ് ക്രമക്കേടുകള്‍ കണ്ടെത്തുന്നതില്‍ നിര്‍ണായകമായത്. സ്വദേശിവല്‍ക്കരണ ലക്ഷ്യം മറികടക്കാന്‍ കമ്പനികള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഇളവില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

സ്വകാര്യ സ്ഥാപനങ്ങള്‍ എമിറാത്തി തൊഴിലാളികളുടെ പങ്കാളിത്തം വര്‍ഷംതോറും രണ്ടു ശതമാനംവീതം വര്‍ധിപ്പിച്ച് 2026 ഓടെ 10 ശതമാനം എത്തിക്കണമെന്നതാണ് സര്‍ക്കാര്‍ നിര്‍ദേശം. കഴിഞ്ഞ ജൂണ്‍ 30-ന് മുമ്പ് രാജ്യത്തെ 29,000ല്‍ അധികം സ്ഥാപനങ്ങളില്‍ 1.52 ലക്ഷം പൗരന്മാര്‍ നിയമിതരായതായി രേഖകള്‍ വ്യക്തമാക്കുന്നു. നിയമം പാലിക്കുന്നവര്‍ക്ക് നിരവധി പ്രോത്സാഹന പദ്ധതികളുണ്ട്.

'സ്വദേശിവല്‍ക്കരണ പങ്കാളിത്ത ക്ലബ്' അംഗത്വം, ഇടപാട് ഫീസില്‍ 80 ശതമാനം ഇളവ്, സര്‍ക്കാര്‍ ടെന്‍ഡറുകളില്‍ മുന്‍ഗണന തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിക്കും. കൂടാതെ നാഫിസ് പദ്ധതിയിലൂടെ വേതനസഹായം ഉള്‍പ്പെടെയുള്ള പിന്തുണകളുമുണ്ട്. കഴിഞ്ഞ വര്‍ഷം 113 പൗരന്മാരെ വ്യാജ ജോലികളില്‍ നിയമിച്ച സ്ഥാപനത്തിന് ഒരുകോടി ദിര്‍ഹം പിഴ ചുമത്തിയിരുന്നു.

Tags:    

Similar News