'കൊല്ലത്ത് മുകേഷിന് സീറ്റില്ല? പകരം വരുന്നത് ജയമോഹനന്‍! ടേം വ്യവസ്ഥ കാറ്റില്‍ പറത്തി സ്ഥാനാര്‍ഥിത്വത്തിന് സിപിഐ; എക്കാലവും ഇടതിന് മേല്‍ക്കൈ ഉണ്ടാക്കിയ ജില്ലയില്‍ ഇക്കുറി ശക്തമായ പോരാട്ടത്തിന് യുഡിഎഫ്; ഐഷ പോറ്റിയുടെ വരവ് കെ എന്‍ ബാലഗോപാലിന് പരീക്ഷണമാകും; വിഷ്ണുനാഥും സി ആര്‍ മഹേഷും വീണ്ടും അങ്കത്തിന്; കൊല്ലം ഇക്കുറി എങ്ങോട്ട്?

കൊല്ലം ഇക്കുറി എങ്ങോട്ട്?

Update: 2026-01-19 08:54 GMT

കൊല്ലം: ചരിത്രത്തില്‍ ഇടതുപക്ഷത്തെ നെഞ്ചോട് ചേര്‍ത്ത പാരമ്പര്യമാണ് കൊല്ലത്തിന് പറയാനുള്ളത്.പക്ഷെ ഇക്കഴിഞ്ഞ തദ്ദശേത്തിലെ ഫലങ്ങള്‍ മറ്റ് രണ്ട് മുന്നണികള്‍ക്കും നല്‍കുന്ന പ്രതീക്ഷ ചെറുതല്ല.അതിനാല്‍ തന്നെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനാവും നിയമസഭ തെരഞ്ഞെടുപ്പില്‍ കൊല്ലം ജില്ല സാക്ഷ്യം വഹിക്കുക എന്നതില്‍ തര്‍ക്കമില്ല.സംസ്ഥാന തലത്തില്‍ യു ഡി എഫ് തരംഗം ഉണ്ടായ വര്‍ഷങ്ങളില്‍ പോലും ഇടതുപക്ഷത്തെ വിടാതെ ചേര്‍ത്ത് പിടിച്ചിട്ടുണ്ട് കൊല്ലം.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 11 സീറ്റില്‍ 9 ഉം എല്‍ ഡി എഫിനായിരുന്നു. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ 5 മണ്ഡലത്തില്‍ യു ഡി എഫ് കരുത്തുകാട്ടി.അതിനാല്‍ തന്നെ നിയമസഭ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് സി പി എം - സി പി ഐ നേതാക്കള്‍ ഇതിനോടകം തന്നെ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു.രണ്ട് ടേം നിബന്ധന ഒഴിവാക്കിയതോടെ വിജയ സാധ്യതയുള്ളവര്‍ വീണ്ടും രംഗത്തിറങ്ങാനും സാധ്യതയുണ്ട്. മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍ കൊട്ടാരക്കരയിലും, ജെ ചിഞ്ചുറാണി ചടയമംഗലത്തും,കെ ബി ഗണേഷ് കുമാര്‍ പത്തനാപുരത്തും വീണ്ടും മത്സരിച്ചേക്കും.

ഇരവിപുരത്ത് എം നൗഷാദിനും, ചവറയില്‍ ഡോ.സുജിത്ത് വിജയന്‍ പിള്ളയ്ക്കും സി പി എം വീണ്ടും അവസരം നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.എന്നാല്‍ കൊല്ലത്ത് മുകേഷ് മാറിയേക്കും.പകരം ആക്ടിങ്ങ് ജില്ല സെക്രട്ടറി എസ് ജയമോഹനെ കളത്തിലിറക്കാനും നീക്കമുണ്ട്.കെ എസ് എഫ് ഇ ചെയര്‍മാന്‍ വരദരാജന്റെ പേരും പരിഗണനയിലുണ്ട്.കഴിഞ്ഞ തവണ നഷ്ടമായ കുണ്ടറയും കരുനാഗപ്പള്ളിയും പിടിക്കാന്‍ ഇത്തവണ പുതുമുഖങ്ങളെയാവും പരീക്ഷിക്കുക. കുണ്ടറയില്‍ സി പി എം സ്ഥാനാര്‍ത്ഥിയും കരുനാഗപ്പള്ളിയില്‍ സി പി ഐ സ്ഥാനാര്‍ത്ഥിയുമാണ് മത്സര രംഗത്തുണ്ടാവുക.

പുനലൂരില്‍ പി എസ് സുപാലിനും ചാത്തന്നൂരില്‍ ജി എസ് ജയലാലിനും ടേം വ്യവസ്ഥയില്‍ ഇളവ് നല്‍കി മത്സര രംഗത്ത് ഇറക്കാനും സി പി ഐ ആലോചിക്കുന്നുണ്ട്.

തദ്ദേശത്തിലെ കാഴ്ച്ചകള്‍ ഇങ്ങനെ

തദ്ദേശത്തില്‍ യു ഡി എഫ് മിന്നും പ്രകടനം കാഴ്ച്ചവച്ചതോടെ അതിന്റെ പ്രതിഫലനം കൊല്ലത്തും പ്രകടമായി. മണ്ഡലാടിസ്ഥാനത്തില്‍ തദ്ദേശ ഫലത്തെ നിരീക്ഷിക്കുമ്പോള്‍ മിക്കയിടത്തും ഇഞ്ചോടിഞ്ചാണ് പോരാട്ടം.പല നിയമസഭാ സ്ഥാപനങ്ങളുടെയും സ്വഭാവത്തില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഗ്രാമപ്പഞ്ചായത്തുകളിലെ നേരിയ ഭൂരിപക്ഷവും നഗരസഭകളിലെ മുന്നേറ്റവുമാണ് എല്‍ഡിഎഫിന് തുണയായതെങ്കില്‍ ഗ്രാമപ്പഞ്ചായത്തുകളിലും കോര്‍പറേഷനിലും ഉണ്ടാക്കിയ മുന്നേറ്റം യുഡിഎഫിന് കരുത്തായി.കൊല്ലം നിയമസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഡിവിഷനുകളില്‍ 12 ഡിവിഷനുകളില്‍ യുഡിഎഫ് മുന്നിലെത്തി. 5 ഡിവിഷനുകളില്‍ എല്‍ഡിഎഫും 4 ഡിവിഷനുകളില്‍ ബിജെപിയുമാണ് മുന്നില്‍. മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തൃക്കരുവ യുഡിഎഫിനെ തുണച്ചപ്പോള്‍ പനയം എല്‍ഡിഎഫിന്റെ കൂടെ നിന്നു.

ഇരവിപുരം നിയമസഭാ മണ്ഡലത്തിലെ ഡിവിഷനുകളില്‍ 11 ഇടങ്ങളിലാണ് യുഡിഎഫ് മുന്നേറ്റം. കൊല്ലത്തെ അപേക്ഷിച്ചു ഭേദപ്പെട്ട പ്രകടനം എല്‍ഡിഎഫ് കാഴ്ച വച്ചെങ്കിലും 8 സീറ്റുകളില്‍ ഒതുങ്ങി. ബിജെപി 5 ഡിവിഷനുകള്‍ പിടിച്ചപ്പോള്‍ എസ്ഡിപിഐ ഒരു ഡിവിഷനില്‍ ജയിച്ചു. കോര്‍പറേഷന്‍ ഭാഗത്തിന് പുറമേ മണ്ഡലത്തില്‍ വരുന്ന മയ്യനാട് പഞ്ചായത്തില്‍ യുഡിഎഫ് അട്ടിമറി വിജയം നേടി.

ചവറ നിയമസഭാ മണ്ഡലത്തില്‍ വരുന്ന 5 പഞ്ചായത്തുകളില്‍ നാലും നേടിയാണ് യുഡിഎഫ് കുതിപ്പ്. ചവറ, നീണ്ടകര, പന്മന, തേവലക്കര എന്നീ പഞ്ചായത്തുകളാണ് യുഡിഎഫ് നേടിയത്. എല്‍ഡിഎഫിന്റെ വിജയം തെക്കുംഭാഗം പഞ്ചായത്തില്‍ ഒതുങ്ങി. അതേ സമയം കോര്‍പറേഷന്‍ ഡിവിഷനുകളില്‍ മുന്നണികള്‍ തുല്യനിലയിലാണ്. 3 ഡിവിഷനുകള്‍ യുഡിഎഫും എല്‍ഡിഎഫും നേടിയപ്പോള്‍ 2 ഡിവിഷനുകള്‍ സ്വന്തമാക്കി ബിജെപി കരുത്തു കാട്ടി.

കരുനാഗപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ വരുന്ന 6 പഞ്ചായത്തുകളില്‍ 3 വീതം പഞ്ചായത്തുകള്‍ യുഡിഎഫും എല്‍ഡിഎഫും സ്വന്തമാക്കി. ക്ലാപ്പന, കുലശേഖരപുരം, ഓച്ചിറ എന്നിവ യുഡിഎഫിനൊപ്പം നിന്നപ്പോള്‍ തഴവ, ആലപ്പാട്, തൊടിയൂര്‍ എന്നിവ എല്‍ഡിഎഫിനെ തുണച്ചു. എന്നാല്‍ 10 വര്‍ഷത്തിന് ശേഷം കരുനാഗപ്പള്ളി നഗരസഭയില്‍ ഭരണം പിടിക്കാന്‍ സാധിച്ചത് മണ്ഡലത്തില്‍ യുഡിഎഫിന് മുന്‍തൂക്കം നല്‍കുന്നു.

കുന്നത്തൂര്‍ നിയമസഭാ മണ്ഡലത്തിലെ 10 ഗ്രാമപ്പഞ്ചായത്തുകളില്‍ 6 ഗ്രാമപ്പഞ്ചായത്തുകള്‍ നേടി കുന്നത്തൂര്‍ ഇടതുപക്ഷത്തിനൊപ്പം നിന്നു. വെസ്റ്റ് കല്ലട, മണ്‍റോതുരുത്ത്, കുന്നത്തൂര്‍, മൈനാഗപ്പള്ളി, പോരുവഴി, ശാസ്താംകോട്ട എന്നീ പഞ്ചായത്തുകളിലാണ് എല്‍ഡിഎഫ് ജയിച്ചത്.ശൂരനാട് നോര്‍ത്ത്, ശൂരനാട് സൗത്ത്, ഈസ്റ്റ് കല്ലട, പവിത്രേശ്വരം പഞ്ചായത്തുകളില്‍ യുഡിഎഫ് വിജയിച്ചു.

യുഡിഎഫ് തരംഗത്തിനിടയില്‍ എല്‍ഡിഎഫ് വലിയ മുന്നേറ്റം കാണിച്ചത് കൊട്ടാരക്കര മണ്ഡലത്തിലാണ്. കൊട്ടാരക്കര നഗരസഭയ്ക്കു പുറമേ കരീപ്ര, കുളക്കട, മൈലം, വെളിയം എന്നീ പഞ്ചായത്തുകളും കൂട്ടി 5 തദ്ദേശ സ്ഥാപനങ്ങള്‍ എല്‍ഡിഎഫ് സ്വന്തമാക്കി. എഴുകോണ്‍ പഞ്ചായത്ത് മാത്രമാണ് യുഡിഎഫിന് ലഭിച്ചത്. എന്‍ഡിഎ നെടുവത്തൂര്‍ പഞ്ചായത്തില്‍ ജയിച്ചു. ഉമ്മന്നൂര്‍ പഞ്ചായത്തില്‍ യുഡിഎഫും എല്‍ഡിഎഫും തുല്യനിലയിലാണ്.

പത്തനാപുരം നിയമസഭാ മണ്ഡലത്തിലെ 8 തദ്ദേശ സ്ഥാപനങ്ങളില്‍ ആറിടത്തും യുഡിഎഫ് വിജയം നേടി. പത്തനാപുരം, പട്ടാഴി, പട്ടാഴി വടക്കേക്കര, പിറവന്തൂര്‍, തലവൂര്‍, മേലില എന്നീ പഞ്ചായത്തുകളിലാണ് വിജയിച്ചത്. വിളക്കുടി, വെട്ടിക്കവല എന്നീ 2 പഞ്ചായത്തുകളിലേക്ക് എല്‍ഡിഎഫ് നേട്ടം ഒതുങ്ങി.

പുനലൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫിന് തന്നെ മുന്നേറ്റം. പുനലൂര്‍ നഗരസഭ, അഞ്ചല്‍, ആര്യങ്കാവ്, ഏരൂര്‍, കരവാളൂര്‍, തെന്മല എന്നീ പഞ്ചായത്തുകളും എല്‍ഡിഎഫ് സ്വന്തമാക്കി. യുഡിഎഫ് വിജയം ഇടമുളയ്ക്കല്‍, കുളത്തൂപ്പുഴ എന്നീ പഞ്ചായത്തുകളിലൊതുങ്ങി.

കുണ്ടറ നിയമസഭാ മണ്ഡലത്തിലെ 7 ഗ്രാമപ്പഞ്ചായത്തുകളില്‍ 4 പഞ്ചായത്തുകള്‍ യുഡിഎഫും 3 പഞ്ചായത്തുകള്‍ എല്‍ഡിഎഫും വിജയിച്ചു. ഇളമ്പള്ളൂര്‍, കുണ്ടറ, നെടുമ്പന, തൃക്കോവില്‍വട്ടം എന്നിവ യുഡിഎഫിനെ തുണച്ചപ്പോള്‍ കൊറ്റങ്കര, പേരയം, പെരിനാട് എന്നിവ എല്‍ഡിഎഫിനെ ജയിപ്പിച്ചു.

ചാത്തന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ വലിയ മുന്‍തൂക്കവുമായി എല്‍ഡിഎഫ്. പരവൂര്‍ നഗരസഭ പിടിച്ചെടുക്കുകയും ചാത്തന്നൂര്‍, ആദിച്ചനല്ലൂര്‍, പൂതക്കുളം, കല്ലുവാതുക്കല്‍ എന്നീ 4 ഗ്രാമപ്പഞ്ചായത്തുകളില്‍ വിജയിക്കുകയും ചെയ്തു. യുഡിഎഫിന്റെ വിജയം പൂയപ്പള്ളി പഞ്ചായത്തില്‍ ഒതുങ്ങി. ചിറക്കരയില്‍ എന്‍ഡിഎ വിജയിച്ചു.

എല്‍ഡിഎഫ് കോട്ടയായ ചടയമംഗലം നിയമസഭാ മണ്ഡലത്തില്‍ തുല്യനിലയില്‍ എല്‍ഡിഎഫും യുഡിഎഫും. 8 ഗ്രാമപ്പഞ്ചായത്തുകളില്‍ 4 വീതമാണ് ഇരുമുന്നണികളും നേടിയത്.അലയമണ്‍, ചിതറ, ഇളമാട്, നിലമേല്‍ എന്നിവ യുഡിഎഫ് നേടിയപ്പോള്‍ എല്‍ഡിഎഫ് ചടയമംഗലം, ഇട്ടിവ, കടയ്ക്കല്‍, വെളിനല്ലൂര്‍ എന്നിവയും നേടി.

യുഡിഎഫ്- ബിജെപി കണക്കുകൂട്ടല്‍ ഇങ്ങനെ

ത്രിതല തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തിലെ ജില്ലയിലെ ഏറ്റവും മികച്ച വിജയവുമായി യുഡിഎഫ് നേട്ടം കൊയ്തപ്പോള്‍ പല നിയമസഭാ സ്ഥാപനങ്ങളുടെയും സ്വഭാവത്തില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ട്.അതിനാല്‍ തന്നെ ചരിത്രം തിരുത്താനാണ് ഇക്കുറി യു ഡി എഫിന്റെ പടപ്പുറപ്പാട്.യു ഡി എഫിന്റെ സിറ്റിങ്ങ് എം എല്‍ എ മാരായ പി സി വിഷ്ണുനാഥ് കുണ്ടറയിലും സി ആര്‍ മഹേഷ് കരുനാഗപ്പളളിയിലും വീണ്ടും ജനവിധി തേടും.ചവറയില്‍ ഷിബു ബേബി ജോണിനെയും കുന്നത്തൂരില്‍ ഉല്ലാസ് കോവൂരിനെയും വീണ്ടും രംഗത്തിറക്കാനാണ് ആര്‍ എസ് പി യുടെ നീക്കം.

കൊല്ലത്ത് ബിന്ദു കൃഷ്ണയും പത്താനാപുരത്ത് ജ്യോതി കുമാര്‍ ചാമക്കാലയും ചടയമംഗലത്ത് എം എം നസീറും വീണ്ടും മത്സരിക്കാനാണ് സാധ്യത.

ബി ജെ പി യിലേക്ക് വന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലങ്ങള്‍ നല്‍കുന്നത് ശുഭപ്രതീക്ഷ തന്നെയാണ്. നിലവിലെ ട്രന്‍ഡ് വെച്ച് കഴിഞ്ഞ രണ്ട് തവണ രണ്ടാം സ്ഥാനത്തെത്തിയ ചാത്തന്നൂരില്‍ ഇക്കുറി അക്കൗണ്ട് തുറക്കാനാകുമെന്ന് നേതൃത്വം കണക്ക് കൂട്ടുന്നു.ബി ജെ പി ദക്ഷിണ മേഖല പ്രസിഡന്റ് ബി ബി ഗോപകുമാറിന് തന്നെയാണ് മൂന്നാം തവണയും ഇവിടെ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.കൊല്ലത്ത് സംസ്ഥാന വക്താവ് കേണല്‍ എസ് ഡിന്നിയും പരിഗണനയിലുണ്ട്.

2021 ലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇങ്ങനെ

എല്‍ ഡി എഫ്

1.ഡോ.സുജിത്ത് വിജയന്‍ പിള്ള - ചവറ - 1906

2.കോവൂര്‍ കുഞ്ഞുമോന്‍ -കുന്നത്തൂര്‍ - 2790

3.കെ എന്‍ ബാലഗോപാല്‍ - കൊട്ടാരക്കര - 10814

4.കെ ബി ഗണേഷ് കുമാര്‍ - പത്തനാപുരം - 14336

5.പി എസ് സുപാല്‍ -പുനലൂര്‍ -37057

6.ജെ ചിഞ്ചുറാണി -ചടയമംഗലം -13678

7.എം മുകേഷ് -കൊല്ലം -2072

8.എം നൗഷാദ് - ഇരവിപുരം -28121

9.ജി എസ് ജയലാല്‍-ചാത്തന്നൂര്‍ -17206

യു ഡി എഫ്

1.സി ആര്‍ മഹേഷ് -കരുനാഗപ്പള്ളി - 29208

2.പി സി വിഷ്ണുനാഥ് -കുണ്ടറ- 4523

നാളെ ആലപ്പുഴ

Tags:    

Similar News