100 സീറ്റില്‍ വിജയിക്കാന്‍ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിച്ചു വി ഡി സതീശനും കൂട്ടരും; തദ്ദേശ തിരച്ചടി മറന്ന് വികസനം ആയുധമാക്കി 'മിഷന്‍ 110' പ്രഖ്യാപിച്ചു പിണറായീ തന്ത്രം; മിഷന്‍ -40യുമായി രാജീവ് ചന്ദ്രശേഖറും; ടേം - പ്രായ നിബന്ധനകളെല്ലാം ഇക്കുറി കാറ്റില്‍പ്പറക്കും; ശബരിമല സ്വര്‍ണ്ണക്കൊള്ള അടക്കമുള്ള വിവാദങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സ്വാധീന ഘടകമാകും; ഇക്കുറി രാഷ്ട്രീയ കേരളം എങ്ങോട്ട് നീങ്ങും?

ഇക്കുറി രാഷ്ട്രീയ കേരളം എങ്ങോട്ട് നീങ്ങും?

Update: 2026-01-12 11:07 GMT

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിന് പിന്നാലെ രാഷ്്ട്രീയ കേരളം നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്കെത്തുകയാണ്. കഴിഞ്ഞ തവണത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ നിന്ന് ബഹുദൂരം കേരളം മുന്നോട്ട് പോയതിനാല്‍ ഏവരും ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പായി മാറുകയാണ് ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ വരാനിരിക്കുന്നത്. കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരം നടന്നേക്കുമെന്ന് വിവരം. ഒറ്റഘട്ടമായി കേരളത്തില്‍ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് സൂചന. കേരളത്തിന് പുറമെ അസം, പശ്ചിമ ബംഗാള്‍, തമിഴ്നാട്, പുതുച്ചേരി തുടങ്ങിയ നിയമസഭകളിലേക്കും ഇക്കുറി തെരഞ്ഞെടുപ്പ് നടക്കും.

കേരളമടക്കം നാലു സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും ഈ വര്‍ഷം മേയ്, ജൂണ്‍ മാസങ്ങളിലായി തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കേണ്ടതുണ്ട്. മാര്‍ച്ചില്‍ റംസാന്‍ വ്രതവും ചെറിയ പെരുന്നാളും കഴിഞ്ഞാല്‍ ഉടന്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകും. 2021ല്‍ ഏപ്രില്‍ ആറിനായിരുന്നു കേരളത്തില്‍ തെരഞ്ഞെടുപ്പ്. മെയ് 2നായിരുന്നു വോട്ടെണ്ണല്‍. ഇടതുമുന്നണിക്ക് രണ്ടാമൂഴം നല്‍കുന്നതായിരുന്നു 2021ലെ ജനവിധി.നിയമസഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും എന്‍ഡിഎയും തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. മൂന്നാംമൂഴം എങ്ങനെയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സിപിഐഎം തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തില്‍ ഭരണവിരുദ്ധ വികാരവും ശബരിമല സ്വര്‍ണ്ണക്കൊള്ളയും പ്രതിഫലിച്ചു എന്ന വിലയിരുത്തലിനിടെ ജനങ്ങളെ നേരില്‍ കണ്ട് കാര്യങ്ങള്‍ മനസ്സിലാക്കുകയും വിശദീകരിക്കുകയും ചെയ്യുമെന്ന നിലപാടിലാണ് സിപിഐഎം.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കര്‍ശനമാക്കിയ രണ്ട് ടേം പരിധിയില്‍ വിജയസാധ്യത പരിഗണിച്ച് ഇത്തവണ ഇളവ് നല്‍കാനും സിപിഐഎം ആലോചിക്കുന്നുണ്ട്.തദ്ദേശ തെരഞ്ഞെടുപ്പില്‍ നേടിയ മുന്നേറ്റത്തിന്റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. തെരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ ഭാഗമായി കെപിസിസി നേതൃയോഗം ചേര്‍ന്നിരുന്നു.ഫെബ്രുവരി ആദ്യവാരം തന്നെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് തെരഞ്ഞെടുപ്പ് രംഗത്തിറങ്ങാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. സ്വര്‍ണ്ണക്കൊള്ള അടക്കം സര്‍ക്കാരിനെതിരായ വിഷയങ്ങള്‍ ചര്‍ച്ചയില്‍ നിര്‍ത്താനുള്ള തന്ത്രങ്ങള്‍ക്കാണ് യുഡിഎഫ് നീക്കം. മുസ്ലിം ലീഗും തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഉള്‍പ്പടെയുള്ള വിജയം നല്‍കിയ ആത്മവിശ്വാസത്തില്‍ വിജയസാധ്യതയുള്ള മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി.തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഉണ്ടാക്കിയ മുന്നേറ്റം നിയമസഭാ തെരഞ്ഞെടുപ്പിലും ഉണ്ടാക്കാനാണ് ബിജെപി നീക്കം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ നേടിയ വിജയം ആവര്‍ത്തിക്കാനുള്ള നീക്കങ്ങളും ബിജെപി നേതൃത്വം നടത്തുന്നുണ്ട്.സെമിഫൈനലെന്ന് വിശേഷിപ്പിച്ചാണ് തദ്ദേശതെരഞ്ഞെടുപ്പിനെ മൂന്ന് മുന്നണികളും നേരിട്ടത്.അതിനാല്‍ തന്നെ ഫൈനലിലെ ഫലം എന്താകുമെന്ന കാത്തിരിപ്പിലാണ് ജനങ്ങളും.

തുടഭരണം ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ 'മിഷന്‍ 110' കൂടി പ്രഖ്യാപിച്ചതോടെ കേരളം തിരഞ്ഞെടുപ്പ് ഗോദയിലേക്ക് എത്തി നില്‍ക്കുകയാണ്.തുടര്‍ഭരണം ലക്ഷ്യമിട്ടാണ് മിഷന്‍ 110 മായി മുഖ്യമന്ത്രി പിണറായി വിജയന്റെ മാര്‍ഗരേഖ. സിറ്റിങ് സീറ്റുകള്‍ക്കൊപ്പം കുറഞ്ഞ വോട്ടിന് തോറ്റ സീറ്റുകള്‍ കൂടി പിടിച്ചെടുക്കുകയെന്നതാണ് സുപ്രധാന ലക്ഷ്യം. എല്‍ഡിഎഫ് 110 സീറ്റുകള്‍ ലക്ഷ്യമിടുമ്പോള്‍, ഭരണം തിരിച്ചുപിടിക്കാന്‍ 100 സീറ്റുകളുമായി യുഡിഎഫും 'കിങ് മേക്കര്‍' പദവി ലക്ഷ്യമിട്ട് ബിജെപിയും കളം നിറയുകയാണ്.

പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളും..വികസനം ഇന്ധനമാക്കി കുതിക്കാന്‍ എല്‍ഡിഎഫ്

തദ്ദേശതെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് വികസനം തന്നെ ഇന്ധനമാക്കി മുന്നോട്ട് കുതിക്കാനാണ് എല്‍ഡിഎഫിന്റെ ശ്രമം.തുടര്‍ഭരണം ഉറപ്പാക്കാന്‍ 110 സീറ്റുകള്‍ എന്ന ലക്ഷ്യവുമായാണ് മുഖ്യമന്ത്രിയുടെ മാര്‍ഗ്ഗരേഖ.സിറ്റിങ് സീറ്റുകള്‍ സംരക്ഷിക്കുന്നതിനൊപ്പം കഴിഞ്ഞ തവണ നേരിയ വോട്ടിന് നഷ്ടമായ സീറ്റുകള്‍ പിടിച്ചെടുക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.തിരുവനന്തപുരത്ത് നടന്ന മന്ത്രിമാരുടെ പ്രത്യേക യോഗത്തില്‍ മുഖ്യമന്ത്രി ഈ പദ്ധതി അവതരിപ്പിച്ചു.വിവാദങ്ങളില്‍ നിന്ന് സര്‍ക്കാരിനെ മാറ്റിയെടുക്കാന്‍ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടാനാണ് എല്‍ഡിഎഫ് തീരുമാനം.ആരോപണങ്ങളെ വികസന നേട്ടങ്ങള്‍ കൊണ്ട് പ്രതിരോധിക്കുകയെന്നതാകും സിപിഎം നയിക്കുന്ന എല്‍ഡിഎഫ് മുന്നണി കണക്കുകൂട്ടുന്നത്.


 



ഭരണം മാത്രം ലക്ഷ്യമിട്ട് ജയസാധ്യതയുള്ള നേതാക്കള്‍ക്ക് രണ്ട് ടേം നിബന്ധന ഇളവ് ചെയ്യാനും പാര്‍്ട്ടിയില്‍ ധാരണയുണ്ട്.ഒപ്പം പ്രതീക്ഷയുള്ള യുവനേതാക്കളെയും മത്സരരംഗത്തിറക്കും.വിജയ സാധ്യത കണക്കില്‍ എടുത്തു ടേം വ്യവസ്ഥ മാറ്റാനാണ് തീരുമാനം.മണ്ഡലം കൈവിട്ടുപോകാതിരിക്കാന്‍ പരിചയ സമ്പതയുള്ള നേതാക്കളെ മത്സരരം?ഗത്തേക്കിറക്കാനും മൂന്നാം തവണയും ഭരണത്തില്‍ തുടരുകയെന്നതാണ് സിപിഐഎം ലക്ഷ്യമിടുന്നത്.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഐഎം തവണ വ്യവസ്ഥ കാരണം മുതിര്‍ന്ന നേതാക്കള്‍ മാറി നില്‍ക്കേണ്ടി വന്നിരുന്നു.ഇത്തവണ ഓരോ മണ്ഡലം സാഹചര്യം വിലയിരുത്തി തീരുമാനം എടുക്കാനാണ് ചര്‍ച്ചകള്‍.തവണ വ്യവസ്ഥയില്‍ മാറ്റം വരുത്താതെ മണ്ഡലങ്ങള്‍ നിലനിര്‍ത്താന്‍ ആകില്ലെന്നു വിലയിരുത്തല്‍.

ഭരണ തുടര്‍ച്ച ലക്ഷ്യമിടുന്ന സിപിഐഎം തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി മറികടന്ന് വിജയം കൈവരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടേം വ്യവസ്ഥ ഒഴിവാക്കി പ്രധാനപ്പെട്ട നേതാക്കള്‍ക്ക് വീണ്ടും മത്സരിക്കാന്‍ അവസരം ഒരുക്കുന്നത്.വിവിധ ജില്ലാ കമ്മിറ്റികള്‍ ചേര്‍ന്നതിന് ശേഷം ബ്രാഞ്ച് സെക്രട്ടറി തലത്തിലേക്കുള്ള റിപ്പോര്‍ട്ടിങ്ങിലേക്ക് സിപിഐഎം കടക്കുകയാണ്. ഇതിന് ശേഷമാകും സംസ്ഥാന കമ്മിറ്റിയിലേക്ക് ടേം വ്യവസ്ഥ മാറ്റുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളിലേക്ക് പാര്‍ട്ടി കടക്കുക.

സതീശന്‍ എഫക്ടില്‍ കുതിക്കാന്‍ യുഡിഎഫ്.. ലക്ഷ്യം മിഷന്‍ 100

വയനാട്ടില്‍ നടന്ന 'ലക്ഷ്യ 2026' ക്യാമ്പിലാണ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പദ്ധതികള്‍ക്ക് യുഡിഎഫ് രൂപം നല്‍കിയത്.100ലധികം സീറ്റുകള്‍ നേടി കഴിഞ്ഞ 2 തവണ കൈവിട്ട ഭരണം പിടിച്ചെടുക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിന്റെ നീക്കം.85 മണ്ഡലങ്ങളില്‍ നിലവില്‍ മുന്‍തൂക്കമുണ്ടെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഗ്രൂപ്പിന് പകരം വിജയസാധ്യതയ്ക്ക് മാത്രം മുന്‍ഗണന നല്‍കാനാണ് പാര്‍ട്ടിയുടെ തീരുമാനം.ശരിയായ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലൂടെ ജനപിന്തുണ ഉറപ്പാക്കുകയെന്നതിലാണ് പ്രധാനമായും യുഡിഎഫ് ശ്രദ്ധ വെക്കുന്നത്.

തെരഞ്ഞെടുപ്പിന് വേഗത്തിലൊരുങ്ങാനാണ് കോണ്‍ഗ്രസ് തീരുമാനം.സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി വേഗത്തില്‍ പ്രചാരണത്തിലേക്ക് കടക്കാനാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം.സിറ്റിങ് സീറ്റുകളിലും തര്‍ക്കമില്ലാത്ത ഇടങ്ങളിലും ആദ്യം സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കും.ആദ്യ പട്ടിക ജനുവരി അവസാനത്തോടെ പുറത്തു വിടാനാണ് ആലോചന.ഫെബ്രുവരി പകുതിയോടെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളേയും പ്രഖ്യാപിക്കും.യുവത്വവും അനുഭവസമ്പത്തുമായിരിക്കും മാനദണ്ഡങ്ങളെന്ന് എഐസിസി വ്യക്തമാക്കി കഴിഞ്ഞു. സ്‌ക്രീനിങ് കമ്മിറ്റിക്ക് മൂന്ന് സിറ്റിങ്ങെങ്കിലും നടത്തേണ്ടി വരും. കമ്മിറ്റിയിലുള്ളത് ദേശീയ നേതാക്കളായതിനാല്‍ ഡല്‍ഹി ഇടപെടല്‍ കാര്യമായി പ്രതീക്ഷിക്കാം.നിരീക്ഷകരായ സച്ചിന്‍ പൈലറ്റ്, കനയ്യ കുമാര്‍, ഇമ്രാന്‍ പ്രതാപ് ഗഡി, കര്‍ണ്ണാടക ഊര്‍ജ്ജമന്ത്രി കെ ജെ ജോര്‍ജ് തുടങ്ങിയവരും രണ്ടാഴ്ചക്കുള്ളില്‍ കേരളത്തിലെത്തുമെന്നാണ് വിവരം.


 



നൂറിലധികം സീറ്റുകള്‍ യുഡിഎഫ് ലക്ഷ്യമിടുമ്പോള്‍ 75വരെ സീറ്റ് കിട്ടാമെന്നാണ് കനഗോലുവിന്റേതടക്കം എഐസിസിക്ക് മുന്‍പിലുള്ള സര്‍വേകള്‍ പ്രവചിക്കുന്നത്.ഘടകകക്ഷികളില്‍ ലീഗിന്റെ സ്ട്രൈക്ക് റേറ്റ് ഉയരാമെന്നും സര്‍വേകള്‍ ചൂണ്ടിക്കാട്ടുന്നു.പിന്നാലെ തൃക്കരിപ്പൂരിലടക്കം സീറ്റ് ഇത്തവണ മുസ്ലീംലീഗ് ആവശ്യപ്പെടുന്നതായും വിവരമുണ്ട്.ദേശീയ നേതാക്കളുടെ നിരയും കേരളത്തിലേക്കെത്തും.രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുമടക്കമുള്ള നേതാക്കളും പ്രചാരണത്തില്‍ സജീവമാകും. പരമാവധി മണ്ഡലങ്ങളില്‍ നേതാക്കളെ എത്തിക്കാനാണ് നീക്കം.

തദ്ദേശം ആവര്‍ത്തിക്കാന്‍ ബിജെപി..ലക്ഷ്യം മികച്ച അടിത്തറ

40 മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മത്സരിക്കാനാണ് ബിജെപി (എന്‍ഡിഎ) തയ്യാറെടുക്കുന്നത്. ഇതില്‍ കുറഞ്ഞത് 15 സീറ്റുകള്‍ എങ്കിലും വിജയിച്ച്, ഒരു തൂക്കുസഭ വന്നാല്‍ ഭരണത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന 'കറുത്ത കുതിര'യാവുക എന്നതാണ് ബിജെപിയുടെ സ്വപ്നം. തിരുവനന്തപുരം കോര്‍പ്പറേഷനിലുണ്ടായ മുന്നേറ്റം നിയമസഭയിലും ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി.ജനുവരി അവസാനത്തോടെ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി 'മിഷന്‍ 2026' പ്രഖ്യാപിക്കും.നിയമസഭാ തിരഞ്ഞെടുപ്പില്‍ നേതാക്കള്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്ന സീറ്റുകളില്‍ കൂടുതല്‍ ശ്രദ്ധയോടെ കേന്ദ്രീകരിക്കാനും നിര്‍ദേശം നല്‍കി.

ഉടന്‍ തന്നെ പ്രധാനപ്പെട്ട സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേക്ക് കടക്കും.നേമത്ത് രാജീവ് ചന്ദ്രശേഖര്‍,കഴക്കൂട്ടത്ത് വി മുരളീധരന്‍, വട്ടിയൂര്‍ക്കാവില്‍ ആര്‍ ശ്രീലേഖ എന്നിവര്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും.തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രകടനം മണ്ഡലതലത്തില്‍ പരിശോധിച്ചാല്‍ ഏഴ് മണ്ഡലങ്ങളില്‍ 40000 ന് മുകളില്‍ വോട്ട് നേടി. നേമം, കാട്ടാക്കട, കഴക്കൂട്ടം, ചെങ്ങന്നൂര്‍, മലമ്പുഴ, കാസര്‍ഗോഡ്, മഞ്ചേശ്വരം മണ്ഡലങ്ങളിലാണ് 40,000ത്തിനു മുകളില്‍ വോട്ട് ബിജെപി നേടിയത്. നേമം, കാട്ടാക്കട, മലമ്പുഴ, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ 45000 ന് മുകളില്‍ വോട്ട് നേടിയിരുന്നു. 



വട്ടിയൂര്‍ക്കാവ്, ചിറയിന്‍കീഴ് തിരുവനന്തപുരം, ചാത്തന്നൂര്‍, കൊട്ടാരക്കര, മാവേലിക്കര അരൂര്‍, പുതുക്കാട്, നാട്ടിക, കൊടുങ്ങല്ലൂര്‍, ഒറ്റപ്പാലം, പാലക്കാട് എന്നിങ്ങനെ 12 മണ്ഡലങ്ങളില്‍ 35000നും നാല്‍പതിനായിരത്തിനും ഇടയിലാണ് ബിജെപിയുടെ വോട്ട്.അതേസമയം കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചുമതല അമിത് ഷാ ഏറ്റെടുക്കുമെന്ന് സൂചന.കേരളത്തോടൊപ്പം ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാള്‍, അസം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രഭാരിമാരെ പ്രഖ്യാപിച്ചെങ്കിലും കേരളത്തിന്റെ ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല.ഇതോടെയാണ് അമിത് ഷാ നേരിട്ട് ഏറ്റെടുക്കാന്‍ സാധ്യതയേറിയത്.

മുന്നണികള്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങുമ്പോള്‍ ഒരോ മണ്ഡലങ്ങളിലെയും സാധ്യതകളും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ പ്രകടനവും പരിശോധിക്കുകയാണ്.പരമ്പരയിലൂടെ നാളെ തിരുവനന്തപുരം..

Tags:    

Similar News