ജനാലക്കരികില്‍ സ്ത്രീകളെ കാണരുത്..! താലിബാന്‍ ഭരണകൂടത്തിന്റെ വിചിത്ര ഉത്തരവില്‍ നട്ടം തിരിഞ്ഞ് അഫ്ഗാന്‍ ജനത; സ്ത്രീകള്‍ അടുക്കളയിലും മുറ്റത്തും ജോലി ചെയ്യുന്നതും മാറ്റാരും കാണരുത്; കണ്ടാല്‍ അത് അശ്ലീലമാകും; ഒരു വിധത്തിലും ജീവിക്കാന്‍ കഴിയാത്ത അവസ്ഥയെന്ന് ജനങ്ങള്‍

Update: 2024-12-31 05:30 GMT

കാബൂള്‍: കെട്ടിടങ്ങളുടെ ജനാലകളിലൂടെ സ്ത്രീകളെ കാണാന്‍ ഇടയാവരുതെന്ന താലിബാന്‍ ഭരണകൂടത്തിന്റെ വിചിത്ര ഉത്തരവില്‍ നട്ടം തിരിഞ്ഞ് അഫ്ഗാന്‍ ജനത. പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ സമീപത്ത് താമസിക്കുന്ന സ്ത്രീകളെ കാണുന്ന തരത്തില്‍ ജനാലകള്‍ ഉണ്ടാവരുത്. സ്ത്രീകളെ അയല്‍ക്കാര്‍ കാണാത്ത തരത്തില്‍ എല്ലാ വീടുകള്‍ക്കും മതില്‍ വേണമെന്നും ഉത്തരവില്‍ പറയുന്നു. സമീപത്തെ വീടുകളുടെ മുറ്റം, അടുക്കള, കിണറിന്റെ പരിസരം എന്നിങ്ങനെ സ്ത്രീകള്‍ ഉപയോഗിക്കുന്ന സ്ഥലങ്ങള്‍ കാണാന്‍ കഴിയുന്ന വിധത്തിലുള്ള ജനാലകള്‍ പുതിയ കെട്ടിടങ്ങളില്‍ പാടില്ല എന്നാണ് താലിബാന്‍ സര്‍ക്കാര്‍ വക്താവ് അറിയിച്ചത്.

സ്ത്രീകള്‍ അടുക്കളയിലും മുറ്റത്തും ജോലി ചെയ്യുന്നതും കിണറില്‍ നിന്ന് വെള്ളം കോരുന്നതും കാണുന്നത് അശ്ലീല പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാകുമെന്നാണ് സര്‍ക്കാര്‍ വക്താവ് സബിഹുല്ല മുജാഹിദ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പോസ്റ്റ് ചെയ്ത ഉത്തരവില്‍ പറയുന്നത്. സമീപത്തെ വീടുകള്‍ കാണാത്ത വിധമാണ് കെട്ടിടങ്ങളുടെ നിര്‍മാണമെന്ന് മുനിസിപ്പല്‍ അധികാരികളും ബന്ധപ്പെട്ട വകുപ്പുകളും ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

നിലവിലുള്ള വീടുകള്‍ക്ക് ഇത്തരം ജാലകങ്ങള്‍ ഉണ്ടെങ്കില്‍ കാഴ്ച മറയും വിധം മതില്‍ പണിയണമെന്നും ഉത്തരവില്‍ പറയുന്നു. 2021 ഓഗസ്റ്റില്‍ താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയതു മുതല്‍, പൊതു ഇടങ്ങളില്‍ നിന്ന് സ്ത്രീകളെ അകറ്റിനിര്‍ത്തുകയാണ്. ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെ ഈ ലിംഗ വിവേചനത്തിനെതിരെ രംഗത്തെത്തി. താലിബാന്‍ അധികൃതര്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശം നിയന്ത്രിക്കുകയും തൊഴില്‍ ചെയ്യാനുള്ള അവകാശം പരിമിതപ്പെടുത്തുകയും പാര്‍ക്കുകളിലേക്കും മറ്റ് പൊതു സ്ഥലങ്ങളിലേക്കുമുള്ള പ്രവേശനം തടയുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് ജനാലകള്‍ സംബന്ധിച്ച ഉത്തരവ്. മുനിസിപ്പല്‍ അധികാരികളും മറ്റ് ബന്ധപ്പെട്ട വകുപ്പുകളും അയല്‍വാസികളുടെ വീടുകള്‍ കാണുന്നത് സാധ്യമല്ലെന്ന് ഉറപ്പാക്കാന്‍ നിര്‍മ്മാണ സൈറ്റുകള്‍ നിരീക്ഷിക്കണം. അത്തരം ജനാലകള്‍ നിലവിലുണ്ടെങ്കില്‍, 'അയല്‍ക്കാര്‍ക്ക് ഉണ്ടാകുന്ന ശല്യങ്ങള്‍ ഒഴിവാക്കാന്‍' ഒരു മതില്‍ പണിയുന്നതിനോ അല്ലെങ്കില്‍ കാഴ്ച തടസ്സപ്പെടുത്തുന്നതിനോ ഉടമകളെ പ്രോത്സാഹിപ്പിക്കുമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുന്നു.

2021 ഓഗസ്റ്റില്‍ താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയത് മുതല്‍, പൊതു ഇടങ്ങളില്‍ നിന്ന് സ്ത്രീകളെ ക്രമേണ ഇല്ലാതാക്കുകയാണ്. താലിബാന്‍ ഗവണ്‍മെന്റിന്റെ ഇസ്ലാമിക നിയമത്തിന്റെ കര്‍ശനമായ പ്രയോഗത്തിന് കീഴില്‍ സ്ത്രീകള്‍ പൊതുസ്ഥലത്ത് പാടുകയോ കവിതകള്‍ വായിക്കുകയോ ചെയ്യുന്നത് പോലും അടുത്തിടെ പുറത്തിറങ്ങിയ ഒരു നിയമം വിലക്കുന്നു. ചില പ്രാദേശിക റേഡിയോ, ടെലിവിഷന്‍ സ്റ്റേഷനുകളും സ്ത്രീ ശബ്ദങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നത് നിര്‍ത്തി.

അഫ്ഗാന്‍ സ്ത്രീകളുടെയും പുരുഷന്മാരുടെയും അവകാശങ്ങള്‍ ഇസ്ലാമിക നിയമം ഉറപ്പാക്കുന്നു എന്നാണ് താലിബാന്‍ ഭരണകൂടം അവകാശപ്പെടുന്നത്. പെണ്‍കുട്ടികളെ പ്രൈമറി വിദ്യാഭ്യാസത്തോടെ അവരുടെ പഠനം അവസാനിപ്പിക്കാനും താലിബന്‍ ഉത്തരവിട്ടിരുന്നു. സ്ത്രീകള്‍ ഉറക്കെ സംസാരിക്കുന്നതിനും ഇപ്പോള്‍ കര്‍ശന വിലക്കാണ് ഉള്ളത്. ഈ നിയമങ്ങള്‍ ലംഘിക്കുന്ന സ്ത്രീകളെ അടിയന്തരമായി അറസ്റ്റ്് ചെയ്യുകയും തുടര്‍ന്ന് അവരെ ജയിലിലേക്ക് അയയ്ക്കുകയും ചെയ്യും. തന്റെയോ ഭര്‍ത്താവിന്റെയോ ബന്ധുക്കള്‍ അല്ലാത്ത പുരുഷന്‍മാരോട് സ്ത്രീകള്‍ സംസാരിക്കുന്നതിനും വിലക്കുണ്ട്.

Tags:    

Similar News