ഗാസയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ സാന്നിധ്യം തുടരും; മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടികയും കൈമാറി; ഇസ്രായേല്‍ ആവശ്യങ്ങള്‍ക്ക് പൂര്‍ണമായും വഴങ്ങി ഹമാസ്; ഗാസയില്‍ വെടിനിര്‍ത്തലിന് സമ്മതം; ട്രംപിന്റെ മുന്നറിയിപ്പില്‍ അതിവേഗ നടപടി; സിറിയയിലെ ഭരണമാറ്റത്തോടെ ഹിസ്ബുള്ളയും ഇറാനും സഹായിക്കാന്‍ ഇല്ലെന്ന് തിരിച്ചറിവില്‍ ഹമാസ്
ഗാസയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ സാന്നിധ്യം തുടരും
ടെല്‍അവീവ്: ഒടുവില്‍ ഹമാസ് തീവ്രവാദ സംഘടനയും ഹിസ്ബുള്ളയുടെ വഴിയിലേക്ക് എത്തുന്നു. ഖത്തറും ഈജിപ്തും മധ്യസ്ഥന്‍മാരായി നടത്തുന്ന വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങളോട് ഇപ്പോള്‍ അനുകൂല നിലപാടാണ് ഹമാസ് സ്വീകരിച്ചിരിക്കുന്നതെന്നാണ് അന്തര്‍ദേശീയ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രമുഖ നേതാക്കളെല്ലാം കൊല്ലപ്പെടുകയും എല്ലാ സഹായങ്ങളും നല്‍കിയിരുന്ന ഇറാന് കഷ്ടകാലം വരികയും ചെയ്തതോടെ ഹമാസിന് ഇപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.
ഇസ്രയേല്‍ മുന്നോട്ട് വെച്ച പ്രധാനപ്പെട്ട ആവശ്യങ്ങള്‍ എല്ലാം ഹമാസ് അംഗീകരിച്ചു എന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ പറയുന്നത്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നാലും ഗാസയില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ സാന്നിധ്യം തുടരും
എന്നതാണ്. ഈജിപ്ത് -ഗാസ അതിര്‍ത്തിയലുള്ള ഫിലാഡല്‍ഫി ഇടനാഴിയിലും മധ്യ ഗാസയിലുള്ള നത്സരിം ഇടനാഴിയിലുമായിരിക്കും ഇസ്രയേല്‍ സൈന്യം തുടരുക.
വെടിനിര്‍ത്തലിനെ തുടര്‍ന്ന് ഹമാസ് ഭീകര്‍ വീണ്ടും ശക്തി പ്രാപിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഇസ്രയേല്‍ ഈ കര്‍ശന നിലപാട്
സ്വീകരിച്ചിരിക്കുന്നതെന്നാണ് കരുതപ്പെടുന്നത്. ഈജിപ്ത്-ഗാസ അതിര്‍ത്തിയിലുള്ള റഫായില്‍ നിന്ന് ഹമാസ് പിന്‍വാങ്ങണം എന്ന ഇസ്രയേലിന്റെ ആവശ്യവും അംഗീകരിച്ചിട്ടുണ്ട്. കൂടാതെ തങ്ങളുടെ കൈവശമുള്ള ബന്ദികളുടെ പട്ടികയും ഹമാസ് ഈജിപ്ത് പ്രതിനിധികള്‍ക്ക് കൈമാറിയിട്ടുണ്ട്. എന്നാല്‍ ഈ പട്ടികയുടെ വിശദാംശങ്ങള്‍ ഇനിയും പുറത്തുവിട്ടിട്ടില്ല. പട്ടികയില്‍ ഹമാസ് തടവില്‍ കഴിയുന്ന അമേരിക്കന്‍ പൗരന്‍മാരുടെ പേരുകളും ഉണ്ടെന്നാണ് പറയപ്പെടുന്നത്.
ബന്ദികളെ ഹമാസ് വിട്ടയച്ചതിന് ശേഷം മാത്രമേ വെടിനിര്‍ത്തല്‍ കരാറിന് പ്രാബല്യം ഉണ്ടാകൂ എന്നതാണ് ഇസ്രയേലിന്റെ നിലപാട്. കൂടാതെ ഹമാസ് ആദ്യം വൃദ്ധരായവരേയും സ്ത്രീകളേയും കുട്ടികളേയും രോഗികളേയും വിട്ടയ്ക്കണം. ഇതിന് പകരം ഇസ്രയേലിന്റെ പക്കലുള്ള ഹമാസ് പ്രവര്‍ത്തകരെ വിട്ടയക്കാം എന്നാണ് ഇസ്രയേല്‍ പറയുന്നത്. എന്നാല്‍ എത്ര ഹമാസ് പ്രവര്‍ത്തകരെ വിട്ടയക്കും എന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിട്ടില്ല. ബന്ദികളെ വിട്ടയ്ക്കുന്ന മുറയ്ക്ക് ഗാസയിലെ ജനങ്ങള്‍ക്ക് നല്‍കുന്ന സഹായത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുമെന്നും ഇസ്രയേല്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
സമ്പൂര്‍ണമായ വെടിനിര്‍ത്തല്‍ അല്ല ഹിസ്ബുള്ളയെ പോലെ 60 ദിവസത്തെ വെടിനിര്‍ത്തലാണ് ഇസ്രയേല്‍ ഉദ്ദേശിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
പോരാട്ടം അവസാനിക്കുമ്പോള്‍ ഇസ്രയേല്‍ സേനയെ ഗാസയില്‍ താല്‍ക്കാലികമായി തുടരാന്‍ അനുവദിക്കുന്ന കരാറിന് ഹമാസ് സമ്മതം മൂളിയത് സംഘടന തീര്‍ത്തും ദുര്‍ബലമായതിന് തെളിവാണ്. വെടിനിര്‍ത്തല്‍ ഉടമ്പടി പ്രകാരം വിട്ടയക്കുന്ന അമേരിക്കന്‍ പൗരന്മാര്‍ ഉള്‍പ്പെടെയുള്ള ബന്ദികളുടെ പട്ടികയും ഹമാസ് കൈമാറി. കഴിഞ്ഞ വര്‍ഷത്തെ സംഘര്‍ഷത്തിലെ ആദ്യ വെടിനിര്‍ത്തലിന് ശേഷം ബന്ദികളുടെ പട്ടിക കൈമാറുകയോ ഒരാളെ പോലും മോചിപ്പിക്കുകയോ ചെയ്തിരുന്നില്ല.
കെയ്റോ നിര്‍ദ്ദേശിച്ചതും അമേരിക്കയുടെ പിന്തുണയുള്ളതുമായ പുതിയ പദ്ധതി, നവംബറില്‍ സുരക്ഷിതമാക്കിയ ലെബനനിലെ വെടിനിര്‍ത്തല്‍ സൃഷ്ടിച്ച വേഗത വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇസ്രയേലും ഹിസ്ബുള്ളയും അങ്ങിങ്ങായി പരസ്പരം വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ നടക്കുന്നതായി ആരോപിക്കുന്നുണ്ടെങ്കിലും മൊത്തത്തില്‍ ഏറ്റുമുട്ടലുകള്‍ ഒഴിവായിട്ടുണ്ട്. വെടിനിര്‍ത്തലിനുള്ള ഹമാസിന്റെ സമ്മതത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളോട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് പ്രതികരിക്കാന്‍ വിസമ്മതിച്ചു. വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ ചില സംഭവവികാസങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ ഒരു കരാര്‍ സാധ്യമാണോ എന്ന് പറയാറായിട്ടില്ലെന്നും നെതന്യാഹു പറഞ്ഞു.
അമേരിക്ക, ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിലാണ് മധ്യസ്ഥ ചര്‍ച്ചകള്‍ നടന്നത്. യു.എസ് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പശ്ചിമേഷ്യ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ ആല്‍ഥാനി എന്നിവരുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് വീണ്ടും ജീവന്‍ വെച്ചത്. താന്‍ അധികാരമേല്‍ക്കും മുമ്പ് ബന്ദികളെ മോചിപ്പിക്കണമെന്ന് ട്രംപ് കടുത്ത ഭാഷയില്‍ താക്കീത് നല്‍കിയിരുന്നു.