അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ കുറക്കുമെന്ന് ആര്‍ക്കും ഉറപ്പ് കൊടുത്തിട്ടില്ല; ട്രംപിന് മറുപടിയുമായി ഇന്ത്യ; സെപ്തംബര്‍ വരെ ഇന്ത്യ സമയം ചോദിച്ചതായി റിപ്പോര്‍ട്ട്; തീരുവ സംബന്ധിച്ച ധാരണയ്ക്ക് പുറമെ മോദി ലക്ഷ്യമിടുന്നത് ദ്വീര്‍ഘകാലത്തേക്കുള്ള ഉഭയകക്ഷി വ്യാപാര കരാറും

അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ കുറക്കുമെന്ന് ആര്‍ക്കും ഉറപ്പ് കൊടുത്തിട്ടില്ല

Update: 2025-03-11 11:01 GMT

ന്യൂഡല്‍ഹി: അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ ഉയര്‍ന്ന തീരുവ ചുമത്തുന്നുവെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദത്തിന് മറുപടി നല്‍കി ഇന്ത്യ. അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് തീരുവ കുറയ്ക്കുമെന്ന് യാതൊരു ഉറപ്പും നല്‍കിയിട്ടില്ലെന്നാണ് ഇന്ത്യ വ്യക്തമാക്കിയത്. ഇന്ത്യ ഉയര്‍ന്ന തീരുവയാണ് ഈടാക്കുന്നതെന്നും ഇത് കുറയ്ക്കുമെന്ന് പ്രധാനമന്ത്രി മോദി അറിയിച്ചിട്ടുണ്ടെന്നുമാണ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത്. ട്രംപിന്റെ അവകാശ വാദങ്ങളെ തള്ളുകയാണ് ഇന്ത്യ ചെയ്തത്.

വൈറ്റ്ഹൗസിലേക്ക് തിരിച്ചെത്തിയ ശേഷം ഡൊണാള്‍ഡ് ട്രംപ് ഏറ്റവുമധികം ശ്രദ്ധ കേന്ദ്രീകരിച്ച മേഖലകളില്‍ ഒന്ന് ഇറക്കുമതി തീരുവയാണ്. ഭൂരിഭാഗം ലോകരാജ്യങ്ങളും അമേരിക്കയില്‍നിന്ന് അന്യായമായ തീരുവയാണ് ഈടാക്കുന്നതെന്നാണ് ട്രംപ് കുറ്റപ്പെടുത്തുന്നത്. ഏപ്രില്‍ രണ്ടാം തീയതി മുതല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്ന് പകരത്തിന് പകരം തീരുവ ഈടാക്കുമെന്നാണ് ട്രംപ് ഭീഷണിപ്പെടുത്തിയത്.

ഇന്ത്യ നമ്മളില്‍ നിന്ന് വന്‍തോതിലാണ് തീരുവ ഈടക്കുന്നത്. വളരെ ഭീമമായത്. ഇന്ത്യയില്‍ ഒന്നും വില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് കഴിഞ്ഞ ദിവസവും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. ഈ സാഹചര്യം ബോധ്യപ്പെട്ടിട്ടുള്ളതിനാല്‍ തീരുവ കുറയ്ക്കാന്‍ അവര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ട്രംപിന്റെ തുടര്‍ച്ചയായ കുറ്റപ്പെടുത്തലുകള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

എന്നാല്‍, ഇറക്കുമതി തീരുവ കുറയ്ക്കുന്നത് സംബന്ധിച്ച് ഇന്ത്യ യാതൊരു ഉറപ്പും ആര്‍ക്കും നല്‍കിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ പാര്‍ലമെന്ററി പാനലിനെ അറിയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ട്രംപ് ആവര്‍ത്തിച്ച് ഉന്നയിക്കുന്ന ഈ പ്രശ്നം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ സെപ്റ്റംബര്‍ മാസം വരെ സമയം ചോദിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇരുരാജ്യങ്ങള്‍ക്കും നേട്ടമാകുമെന്ന് പ്രതീക്ഷിക്കുന്ന ഉഭയകക്ഷി വ്യാപാര കരാര്‍ ഒരുക്കുന്നതിനുള്ള നീക്കത്തിലാണ് ഇന്ത്യയും അമേരിക്കയുമെന്നാണ് ഇന്ത്യയുടെ വാണിജ്യ സെക്രട്ടറിയായ സുനില്‍ ബര്‍ത്ത്വാള്‍ അഭിപ്രായപ്പെട്ടത്. തീരുവ സംബന്ധിച്ച ധാരണയ്ക്ക് പുറമെ, ദീര്‍ഘകാലത്തേക്കുള്ള വ്യാപാരബന്ധമാണ് ഈ കരാറിലൂടെ രാജ്യം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

മറ്റ് രാജ്യങ്ങള്‍ അമേരിക്കയോട് അന്യായമായി തീരുവ ഈടാക്കുന്നുവെന്ന് യു.എസ്. കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത സംസാരിക്കവെ ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. പതിറ്റാണ്ടുകളായി മറ്റ് രാജ്യങ്ങള്‍ നമുക്കെതിരേ തീരുവ ചുമത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ആ രാജ്യങ്ങള്‍ക്കെതിരേ നമ്മളും പകരത്തിന് പകരം എന്ന നിലയില്‍ തീരുവ ചുമത്താന്‍ തുടങ്ങുകയാണെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു.

ചില രാജ്യങ്ങള്‍ യു.എസിന് ചുമത്തുന്ന തീരുവ വളരെ കൂടുതലാണ്. യൂറോപ്യന്‍ രാജ്യങ്ങള്‍, ഇന്ത്യ, ചൈന, ബ്രസീല്‍ എന്നിവരെല്ലാം കൂടുതല്‍ തീരുവയാണ് ചുമത്തുന്നത്. ഇന്ത്യ 100% ആണ് തീരുവ ചുമത്തുന്നത്. ഇത് അനീതിയാണ്. അംഗീകരിക്കാനാവില്ല. ഇനി യു.എസും തീരുവ ചുമത്തും. ഏപ്രില്‍ രണ്ട് മുതല്‍ പകരത്തിന് പകരം തീരുവ തുടങ്ങും. ഏപ്രില്‍ ഒന്നിന് തുടങ്ങണമെന്നായിരുന്നു ആഗ്രഹമെന്നും അന്ന് വിഡ്ഢി ദിനമായതിനാല്‍ മാറ്റിവെയ്ക്കുകയായിരുന്നുവെന്നും ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അതേസമയം ട്രംപിന്റെ പുതിയ താരിഫ് ഭീഷണികള്‍ ഇന്ത്യയ്ക്ക് മുകളിലും നിലനില്‍ക്കുന്നുണ്ട്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് ചുമത്തുന്ന 3 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ നികുതി നിരക്ക് 9.50 ശതമാനമാണ്. യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ ചുമത്തുന്ന അതേ താരിഫ് യുഎസ് ചുമത്തിയാല്‍ ഇന്ത്യയിലെ ഓട്ടോ മുതല്‍ അഗ്രി സെക്ടറുകള്‍ക്ക് ഇത് തിരിച്ചടിയാകും. സിറ്റി റിസര്‍ച്ചിന്റെ വിലയിരുത്തല്‍ പ്രകാരം വര്‍ഷത്തില്‍ നഷ്ടം 700 കോടി ഡോളറാണെന്നാണ് വിലയിരുത്തല്‍.

ഏറ്റവും കൂടുതല്‍ തിരിച്ചടിക്ക് സാധ്യതയുള്ളത് രാസവസ്തുക്കള്‍, ലോഹ ഉല്‍പ്പന്നങ്ങള്‍, ആഭരണങ്ങള്‍ എന്നിവയ്ക്കാണെന്ന് സിറ്റി ഗ്രൂപ്പിന്റെ നിരീക്ഷണം. ഓട്ടോമൊബൈല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ എന്നിവയും തിരിച്ചടിയുടെ കൂട്ടത്തിലുണ്ട്. 2024-ലെ ഇന്ത്യയുടെ 74 ബില്യണ്‍ ഡോളറിന്റെ യുഎസ് വ്യാപാര കയറ്റുമതിയില്‍ 8.5 ബില്യണ്‍ ഡോളര്‍ മുത്തുകള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.

നാല് ബില്യണ്‍ ഡോളറിന്റെ മരുന്നുകള്‍, നാല് ബില്യണ്‍ ഡോളറിന്റെ പെട്രോകെമിക്കല്‍സ് എന്നിവയാണ് മറ്റു പ്രധാന കയറ്റുമതി. മൊത്തത്തില്‍, 2023-ല്‍ ഇന്ത്യ ഏകദേശം 11 ശതമാനം താരിഫ് ഈടാക്കി. ഇത് യുഎസ് താരിഫുകളേക്കാള്‍ 8.2 ശതമാനം കൂടുതലാണെന്നും സിറ്റി പറയുന്നു.

അപകടസാധ്യതകള്‍ നിലനില്‍ക്കുമ്പോഴും ഇന്ത്യയുടെ അനുരഞ്ജന സമീപനം വ്യാപാര നയതന്ത്രത്തില്‍ ഇന്ത്യയെ വേറിട്ടുനിര്‍ത്തുന്നുണ്ട്. ഇത് ഇന്ത്യ അമേരിക്ക സാമ്പത്തിക പങ്കാളിത്തത്തിന് ശക്തമായ അടിത്തറയിടുന്നുവെന്ന് യെസ് സെക്യൂരിറ്റീസ് പറയുന്നു. യുഎസ് ഇറക്കുമതിയില്‍ സ്റ്റീലിനുള്ള നികുതി കുറയ്ക്കുകയോ യുഎസ് കമ്പനിയായ ടെസ്‌ലയ്ക്ക് ഇന്ത്യയിലേക്കുള്ള പ്രവേശനത്തിന് വഴി സുഖമാക്കുകയോ ചെയ്യുന്നതോടെ ഇന്ത്യയുഎസ് വ്യാപാര ആശങ്കയെ ലഘൂകരിക്കുമെന്നുമാണ് പൊതുവിലുള്ള വിലയിരുത്തല്‍.

ഈ സംഭവവികാസങ്ങള്‍ക്കിടയില്‍ ഇന്ത്യ യുഎസ് ഉഭയകക്ഷി വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ മുന്നോട്ട് പോകുന്നതാണ് ആശ്വാസമായ കാര്യം. ചരക്ക് സേവന മേഖലയിലെ ഇന്ത്യ-യുഎസ് വ്യാപാരം ശക്തിപ്പെടുത്തുക, വിപണി പ്രവേശനം വര്‍ധിപ്പിക്കുക, താരിഫ്, നോണ്‍-താരിഫ് തടസ്സങ്ങള്‍ കുറയ്ക്കുക, ഇരു രാജ്യങ്ങളും തമ്മിലുള്ള വിതരണ ശൃംഖല ആഴത്തിലാക്കുക എന്നിവയാണ് കരാര്‍ ലക്ഷ്യമിടുന്നത്. വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ വാഷിംഗ്ടണില്‍ വ്യാപാര ചര്‍ച്ചകള്‍ നടത്തുന്നതിനാല്‍ വരും ആഴ്ചകളില്‍ ചര്‍ച്ചകളുടെ കാര്യത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കും.

Tags:    

Similar News