സിറിയയിൽ എന്തും സംഭവിക്കാം..; സൈന്യവും വിമതരും തമ്മിലുള്ള സംഘർഷം അതിരുകടക്കുന്നു; നേരത്തെ ലഭിക്കുന്ന വിമാനങ്ങളിൽ പെട്ടെന്ന് രാജ്യം വിടണം; ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം; പേടിയോടെ ജനങ്ങൾ; അതീവ ജാഗ്രത!
ഡമസ്കസ്: സർക്കാർ സൈന്യവും വിമതരും തമ്മിലുള്ള സംഘർഷം അതിരുകടക്കുന്നതായി റിപ്പോർട്ടുകൾ. ജനങ്ങളെല്ലാം അതീവ ജാഗ്രതയില്ലെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.അതേസമയം, പോരാട്ടം അതിരൂക്ഷമായി തുടരുന്ന സിറിയയിൽ നിന്ന് എത്രയും പെട്ടെന്ന് പുറത്തു പോകണമെന്ന് ഇന്ത്യ പൗരന്മാർക്ക് നിർദേശം നൽകി. വെള്ളിയാഴ്ചയാണ് വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ എക്സിലൂടെ മുന്നറിയിപ്പ് നൽകി.
സിറിയൻ പ്രസിഡന്റ് ബഷർ അൽ അസദിന്റെ സർക്കാർ സേനക്കെതിരെ വിമത ഗ്രൂപ്പായ ഹൈഅത് തഹ്‌രീർ അശ്ശാം നടത്തിയ ആക്രമണത്തിനു പിന്നാലെ സിറിയയിൽ സ്ഥിതിഗതികൾ കൂടുതൽ വഷളായിട്ടുണ്ട്. ‘ഏറ്റവും നേരത്തെ ലഭിക്കുന്ന വിമാനങ്ങളിൽ പുറപ്പെടാൻ ഇന്ത്യൻ അധികൃതർ നിർദേശിക്കുകയും ചെയ്തു.
സുരക്ഷയെക്കുറിച്ച് മുൻകരുതൽ എടുക്കാനും പുറത്തിറങ്ങുന്നത് കുറക്കാനും വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. സിറിയൻ തലസ്ഥാനമായ ഡമസ്കസിലെ ഇന്ത്യൻ എംബസിയുമായി സമ്പർക്കം പുലർത്താൻ ഇന്ത്യൻ പൗരന്മാരോട് നിർദേശിച്ച മന്ത്രാലയം അടിയന്തര നമ്പറും ഇ-മെയിൽ വിലാസവും പരസ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
അത്യാഹിത നമ്പർ +963 993385973, അടിയന്തര ഇ-മെയിൽ വിലാസം [email protected] എന്നിവയാണ് അധികൃതർ പുറത്തുവിട്ടത്. വിവിധ യു.എൻ സംഘടനകളിൽ പ്രവർത്തിക്കുന്ന 14 പേർ ഉൾപ്പെടെ 90ഓളം ഇന്ത്യൻ പൗരന്മാർ സിറിയയിലുണ്ടെന്ന് ജയ്‌സ്വാൾ കൂട്ടിച്ചേർത്തു.