ജനുവരി 20 മുതല്‍ ഡൊണാള്‍ഡ് ട്രംപ് ആണ് അമേരിക്ക ഭരിക്കുന്നതെന്ന കാര്യം ഓര്‍ക്കുന്നത് നന്നായിരിക്കും; ഹമാസ് തീവ്രവാദികള്‍ക്ക് ജിവിച്ചിരിക്കണം എന്നാണ് ആഗ്രഹമെങ്കില്‍ അടിയന്തരമായി ബന്ദികളെ വിട്ടു നല്‍കണമെന്ന കര്‍ശന താക്കീത്; ട്രംപ് എത്തിയാല്‍ കളിമാറും; ഗാസയില്‍ അമേരിക്കയും ഓപ്പറേഷനെത്തുമോ?
വാഷിങ്ടണ്‍: അമേരിക്കയില്‍ ട്രംപ് ചുമതലയേറ്റാല്‍ കളി ആകെ മാറും. ഹമാസ് തീവ്രവാദികള്‍ക്ക് ജിവിച്ചിരിക്കണം എന്നാണ് ആഗ്രഹമെങ്കില്‍ അടിയന്തരമായി ബന്ദികളെ വിട്ടു നല്‍കണമെന്ന കര്‍ശന താക്കീതുമായി അമേരിക്കയുടെ നിയുക്ത ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പിക്ക് മൈക്ക് വാള്‍ട്സ്. അടുത്ത വര്‍ഷം ജനുവരി 20 ന് മുമ്പ് തന്നെ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് പിക്ക് മൈക്ക്് ഇക്കാര്യം വ്യക്തമാക്കിയത്.
നാല് അമേരിക്കന്‍ പൗരന്‍മാരാണ് ഹമാസിന്റെ ബന്ദികളായി ഇപ്പോള്‍ കഴിയുന്നതെന്ന കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നേരത്ത നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത് പോലെ ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ ഭീകര സംഘടനയെ നരകത്തില്‍ എത്തിക്കും എന്നും പിക്ക്മൈക്ക് പറഞ്ഞു. ബന്ദികളെ വിട്ടു നല്‍കിയില്ലെങ്കില്‍ ഭീകരരുടെ നെറ്റിയില്‍ വെടിയുണ്ട കയറുമെന്ന ഭീഷണിയും അദ്ദേഹം മുഴക്കി. അടുത്ത ജനുവരി 20 മുതല്‍ ഡൊണാള്‍ഡ് ട്രംപ് ആണ് അമേരിക്ക ഭരിക്കുന്നതെന്ന കാര്യം ഹമാസ് ഭീകരര്‍ ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും നിയുക്ത സുരകഷാ ഉപദേഷ്ടാവ് ഓര്‍മ്മിപ്പിച്ചു.
തീവ്രവാദികളെ നേരിടുന്ന കാര്യത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിനെ പിക്ക് മൈക്ക് അഭിനന്ദിച്ചു. ഹിസ്ബുള്ളയുടെ കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളും ഇറാന്റെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും എല്ലാം തകര്‍ത്തതിലൂടെ ഇസ്രയേല്‍ ഭീകരര്‍ക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹമാസ് ഭീകരര്‍ ഇപ്പോള്‍ മറ്റേത് കാലഘട്ടത്തിലേക്കാളും ഒറ്റപ്പെട്ടതായും പിക്ക് മൈക്ക് ചൂണ്ടിക്കാട്ടി.
രക്ഷപ്പെടാനുള്ള എല്ലാ വഴികളും അടഞ്ഞ ഹമാസ് നേതാക്കള്‍ ജീവിച്ചിരിക്കണമെന്ന ആഗ്രമഹമുണ്ടെങ്കില്‍ മാത്രം ബന്ദികളെ വിട്ടയയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2021 ല്‍ ഹൂത്തികളെ വിദേശ ഭീകരസംഘടനകളുടെ പട്ടികയില്‍ നിന്ന് മാറ്റിയ ബൈഡന്‍ ഭരണകൂടത്തിന്റെ നടപടി ട്രംപ് അധികാരത്തില്‍ എത്തിയാല്‍ പുനപരിശോധിക്കുമെന്നും പിക്ക് മൈക്ക് സൂചിപ്പിച്ചു. അമേരിക്കന്‍ ബന്ദികളും ഹമാസ് തടവിലാക്കിയവരിലുണ്ട്. ഈ സാഹചര്യത്തില്‍ ഗാസയില്‍ അമേരിക്കയും യുദ്ധം നടത്തുമോ എന്നതാണ് ഉയരുന്ന ചോദ്യം.
നേരത്തേ യെമനില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് അവശ്യ വസ്തുക്കള്‍ എത്തിക്കുന്നത് മുന്‍നിര്‍ത്തിയാണ് അമേരിക്ക ഹൂത്തികളെ വിദേശ ഭീകരരുടെ പട്ടികയില്‍ നിന്നും ഒഴിവാക്കിയത്. എന്നാല്‍ അവര്‍ ഇപ്പോഴും തീവ്രവാദികളെ പോലെ തന്നെ പെരുമാറുന്നു എന്ന് വ്യക്തമായ സാഹചര്യത്തിലാണ് അവരെ വീണ്ടും ഈ പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ആലോചിക്കുന്നതെന്നും പിക്ക് മൈക്ക് വ്യക്തമാക്കി.
യെമനിലെ സാധാരണക്കാരായ മനുഷ്യര്‍ ഇപ്പോഴും ദുരിതം അനുഭവിക്കുകയാണെന്നും എന്നാല്‍ ഹൂത്തികളുടെ പ്രവര്‍ത്തികള്‍ കാരണം അവര്‍ക്ക് ഇനിയങ്ങോട്ട് സഹായം എത്തിക്കാന്‍ കഴിയാത്ത സാഹചര്യം ആണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇക്കാര്യത്തില്‍ ബൈഡന്‍ ഭരണകൂടത്തിന് തെറ്റ് പറ്റിയെന്നും നിയുക്ത ഉപദേഷ്ടാവ് കുറ്റപ്പെടുത്തി. തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്നത് ഇറാന്‍ ആണെന്ന് ആവര്‍ത്തിച്ച പിക്ക് മൈക്ക് വാള്‍ട്സ് അവരെ എങ്ങനെ കൈകാര്യം ചെയ്യുമെന്നറിയാന്‍ കാത്തിരിക്കാന്‍ ആവശ്യപ്പെട്ടു.
ഇറാന്റെ ഓരോ നീക്കങ്ങളും തങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗദി അറേബ്യയുമായും ഇക്കാര്യം ചര്‍ച്ച ചെയ്തതായും ഗാസയെ തീവ്രവാദികളില്‍ നിന്ന്് മോചിപ്പിച്ചതിന് ശേഷം അതിനെ മികച്ച ഇടമാക്കി മാറ്റുമെന്നും പിക്ക് മൈക്ക് പ്രത്യാശ പ്രകടിപ്പിച്ചു.