റഷ്യന്‍ എണ്ണക്കമ്പനികള്‍ക്ക് നേരെ ഉപരോധമേര്‍പ്പെടുത്തിയ യു.എസ് നടപടി യുദ്ധത്തിനുള്ള ആഹ്വാനം; പാശ്ചാത്യ നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതിരോധശേഷി വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും റഷ്യ; ആണവ പോര്‍മുനകള്‍ പരീക്ഷിച്ച് റഷ്യയുടെ മുന്നറിപ്പും
റഷ്യന്‍ എണ്ണക്കമ്പനികള്‍ക്ക് നേരെ ഉപരോധമേര്‍പ്പെടുത്തിയ യു.എസ്
മോസ്‌കോ: റഷ്യന്‍ എണ്ണക്കമ്പനികള്‍ക്ക് നേരെ ഉപരോധമേര്‍പ്പെടുത്തിയ യുഎസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി റഷ്യ രംഗത്ത്. യു.എസ് നടപടി യുദ്ധത്തിനുള്ള ആഹ്വാനമായി കണക്കാക്കപ്പെടുമെന്ന് റഷ്യ പ്രതികരിച്ചു. യൂറോപ്പിന്റെ യുക്തിരാഹിത്യത്തിനൊപ്പം സ്വയം കക്ഷിചേരുകയാണ് യു.എസ് ചെയ്തിരിക്കുന്നതെന്നും റഷ്യന്‍ സുരക്ഷ കൗണ്‍സില്‍ ചെയര്‍മാന്‍ ദിമിത്രി മെദ്വദേവ് പറഞ്ഞു.
യു.എസിനെ റഷ്യയുടെ പ്രതിയോഗിയെന്ന് വിശേഷിപ്പിച്ച മെദ്വദേവ് 'സമാധാന സൃഷ്ടാവായ' ട്രംപ് റഷ്യയുമായി യുദ്ധത്തിന്റെ പാതയിലാണെന്നും പറഞ്ഞു. 'യു.എസ് റഷ്യയുടെ പ്രതിയോഗിയാണ്, അവരുടെ വാചാലനായ 'സമാധാന സൃഷ്ടാവ്' ഇപ്പോള്‍ റഷ്യയുമായുള്ള യുദ്ധത്തിന്റെ പാതയിലാണ്,' മെദ്വദേവ് ടെലിഗ്രാമില്‍ കുറിച്ചു.
യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയില്‍ സമ്മര്‍ദ്ദം ശക്തമാക്കി യു.എസ് പ്രഖ്യാപിച്ച ഉപരോധം അങ്ങേയറ്റം വിപരീതഫലമാണുണ്ടാക്കിയതെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരണത്തില്‍ പറഞ്ഞു. റഷ്യയും യുക്രെയ്നും തമ്മിലുള്ള സംഘര്‍ഷത്തിന്റെ അടിസ്ഥാന കാരണങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. യുക്രെയ്നിലെ റഷ്യയുടെ ലക്ഷ്യങ്ങള്‍ മാറ്റമില്ലാതെ തുടരുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖാരോവ മോസ്‌കോയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പാശ്ചാത്യ നിയന്ത്രണങ്ങള്‍ക്കെതിരെ റഷ്യ ശക്തമായ പ്രതിരോധശേഷി വികസിപ്പിച്ചെടുത്തിട്ടുണ്ട്, ഊര്‍ജ്ജ സാധ്യതകള്‍ ഉള്‍പ്പെടെ സാമ്പത്തിക സാധ്യതകള്‍ ആത്മവിശ്വാസത്തോടെ വികസിപ്പിക്കുന്നത് തുടരും. റഷ്യക്കെതിരെ സ്വന്തം ഉപരോധങ്ങള്‍ പരാജയപ്പെട്ടത് യൂറോപ്യന്‍ യൂണിയന്‍ നേതൃത്വത്തിന് അംഗീകരിക്കാനായിട്ടില്ലെന്നും മരിയ സഖാരോവ കൂട്ടിച്ചേര്‍ത്തു.
യുക്രെയ്‌നിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ റോസ്‌നെഫ്റ്റ്, ലുക്കോയില്‍ തുടങ്ങിയ പ്രധാന റഷ്യന്‍ ഊര്‍ജ്ജ സ്ഥാപനങ്ങള്‍ക്ക് നേരെ കഴിഞ്ഞ ദിവസം യു.എസും സഖ്യകക്ഷികളും അധിക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. അതിന് മുമ്പ്, യൂറോപ്യന്‍ രാജ്യങ്ങള്‍ ബുധനാഴ്ച മോസ്‌കോയ്ക്കെതിരായ 19-ാമത് ഉപരോധ പാക്കേജിന് അംഗീകാരം നല്‍കുകയും ചെയ്തിരുന്നു.
അതിനിടെ യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ദ്ദിഷ്ട കൂടിക്കാഴ്ച റദ്ദാക്കി ട്രംപ് നിലപാടെടുത്ത് മണിക്കുറുകള്‍ക്ക് പിന്നാലെ രാജ്യത്തെ സായുധ സേനകളുടെ സംയുക്ത സൈനീകാഭ്യാസത്തിന് പുടിന്‍ ഉത്തരവിട്ടിരുന്നു. ആണവ പോര്‍മുന സജ്ജീകരിച്ച, കരയില്‍ നിന്ന് വിക്ഷേപിക്കാവുന്നതും അന്തര്‍വാഹിനികളില്‍ നിന്ന് വിക്ഷേപിക്കാവുന്നതുമായ രണ്ട് മിസൈലുകളുടെ പരീക്ഷണവും കഴിഞ്ഞ ദിവസം റഷ്യ നടത്തി.
ഇതിനിടെ അമേരിക്കന്‍ സമ്മര്‍ദ്ദഫലമായി റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്താന്‍ റിലയന്‍സ് തീരുമനിച്ചുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. റഷ്യയില്‍ നിന്ന് പ്രതിദിനം 500,000 ബാരല്‍ എണ്ണയാണ് റിലയന്‍സ് ഇറക്കുമതി ചെയ്യുന്നത്. സ്വകാര്യ കമ്പനിയായ റോസ്‌നെഫ്റ്റില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഒഴിവാക്കാനാണ് റിലയന്‍സ് ഒരുങ്ങുന്നത്. റഷ്യയില്‍ ക്രൂഡോയില്‍ വാങ്ങുന്ന പ്രമുഖ കമ്പനികളിലൊന്നാണ് റിലയന്‍സ്. റഷ്യന്‍ എണ്ണ കമ്പനികള്‍ക്ക് യു.എസ് ഉപരോധമേര്‍പ്പെടുത്തിയതിന് പിന്നാലെ റിലയന്‍സിന്റെ ഓഹരിവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 1.12 ശതമാനത്തിന്റെ ഇടിവാണ് റിലയന്‍സ് ഓഹരികള്‍ക്കുണ്ടായത്.
യു.എസിന്റെ റഷ്യന്‍ ഉപരോധത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിക്കുകയാണ്. ബ്രെന്റ് ക്രൂഡിന്റെ ഫ്യൂച്ചര്‍ നിരക്കുകളില്‍ 4.3 ശതമാനം വര്‍ധനയുണ്ടായി. 65.30 ഡോളറായാണ് ബ്രെന്റ് ക്രൂഡിന്റെ വില ഉയര്‍ന്നത്. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ വില 4.4 ശതമാന ഉയര്‍ന്ന് 61.06 ഡോളറിലെത്തി.
റഷ്യയുടെ രണ്ട് പ്രധാന എണ്ണക്കമ്പനികള്‍ക്ക് നേരത്തെ ഡോണള്‍ഡ് ട്രംപ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. യു.എസ്. റോസ്‌നെഫ്റ്റ്, ലുക്ഓയില്‍ തുടങ്ങിയ റഷ്യയുടെ ഏറ്റവും വലിയ കമ്പനികള്‍ക്കെതിരെയാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉപരോധമേര്‍പ്പെടുത്തിയത്. യു.എസ് ട്രഷറി സെക്രട്ടറി ചീഫ് സ്‌കോട്ട് ബെസന്റാണ് ഉപരോധ തീരുമാനം ബുധനാഴ്ച പ്രഖ്യാപിച്ചത്. യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന് ആത്മാര്‍ത്ഥതയില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഹംഗറിയിലെ ബുഡപെസ്റ്റില്‍ നടത്താനിരുന്ന ട്രംപ്-പുടിന്‍ ചര്‍ച്ച റദ്ദാക്കിയതിന് പിന്നാലെയാണ് ഉപരോധം.