റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങി മറിച്ച് വിറ്റ് ഇന്ത്യ ലാഭമുണ്ടാക്കുന്നു; പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങളുടെ മറവിലുള്ള ഈ വില്‍പ്പന അംഗീകരിക്കാനാവില്ല; വീണ്ടും ഇന്ത്യക്കെതിരെ യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്

ഇന്ത്യക്കെതിരെ വീണ്ടും യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്

Update: 2025-08-19 18:22 GMT

വാഷിംഗ്ടണ്‍: റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് അസംസ്‌കൃത എണ്ണ വാങ്ങി സംസ്‌കരിച്ച് മറിച്ചുവില്‍ക്കുന്നതിലൂടെ ഇന്ത്യ ലാഭം കൊയ്യുകയാണെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്. റഷ്യക്ക് മേലുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം ലംഘിച്ചുള്ള ഈ നടപടി അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിലും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ഇന്ത്യയുടെ റഷ്യന്‍ ഊര്‍ജ്ജ വ്യാപാരത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

'ഇത് അംഗീകരിക്കാനാവില്ല റഷ്യന്‍ എണ്ണ കുറഞ്ഞ വിലയ്ക്ക് വാങ്ങി, അതിനെ സംസ്‌കരിച്ച് ഉല്‍പ്പന്നങ്ങളാക്കി വീണ്ടും വില്‍ക്കുന്നത് ഈ യുദ്ധകാലത്ത് ഉടലെടുത്തതാണ്. ഇത് ശരിയായ രീതിയല്ല. അവര്‍ ലാഭം കൊയ്യുകയാണ്, വില്‍ക്കുകയാണ്,' ബെസെന്റ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ദേശീയ താല്പര്യത്തിന്റെ ഭാഗമായാണ് ഊര്‍ജ്ജ വ്യാപാരം നടത്തുന്നതെന്നാണ് ഇന്ത്യയുടെ നിലപാട്. റഷ്യന്‍ എണ്ണ ലഭ്യത രാജ്യത്തിന്റെ ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റാനും വിലക്കയറ്റത്തില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാനും സഹായിക്കുമെന്നും ഇന്ത്യ ചൂണ്ടിക്കാട്ടുന്നു.

ട്രംപിന്റെ ഭീഷണിയും ഇന്ത്യയുടെ പ്രതികരണവും

ഇത് ആദ്യമായല്ല ട്രഷറി സെക്രട്ടറി ഇന്ത്യയെ വിമര്‍ശിക്കുന്നത്. കഴിഞ്ഞയാഴ്ച ബ്ലൂംബെര്‍ഗ് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് നടത്തുന്ന ചര്‍ച്ചകള്‍ക്ക് ഫലം കാണുന്നില്ലെങ്കില്‍, ഇന്ത്യക്ക് മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയേക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. 'റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യക്ക് മേല്‍ ഞങ്ങള്‍ സെക്കന്‍ഡറി ടാരിഫുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാര്യങ്ങള്‍ ശരിയായില്ലെങ്കില്‍, ഉപരോധങ്ങളോ സെക്കന്‍ഡറി ടാരിഫുകളോ വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട്,' ബെസെന്റ് പറഞ്ഞിരുന്നു.

അതേസമയം, യൂറോപ്യന്‍ രാജ്യങ്ങളെയും ബെസെന്റ് വിമര്‍ശിച്ചു. റഷ്യന്‍ ക്രൂഡ് സംസ്‌കരിക്കുന്ന ഇന്ത്യന്‍ റിഫൈനറികളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇപ്പോഴും വാങ്ങുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. 'യൂറോപ്യന്‍ പങ്കാളികള്‍ ഇതില്‍ കൃത്യമായ നിലപാട് എടുക്കേണ്ട സമയമായിരിക്കുന്നു. ഒരുമിച്ചുള്ള മുന്നേറ്റം ലക്ഷ്യമിടുന്നുണ്ടെങ്കില്‍, പ്രസിഡന്റ് ട്രംപിന് പരമാവധി സ്വാധീനം ചെലുത്താന്‍ യൂറോപ്പും അവരുടെ പങ്ക് ചെയ്യണം,' അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Similar News