മുഹമ്മദ് റിയാസിന് കേന്ദ്ര കമ്മറ്റിയില്‍ ഇടമില്ല; സിപിഎം കേന്ദ്ര കമ്മിറ്റിയിലേക്ക് കേരളത്തില്‍നിന്ന് പുതുതായി മൂന്നുപേര്‍; പുത്തലത്ത് ദിനേശനും ടി പി രാമകൃഷ്ണും കെ എസ് സലീഖയും ഇടംപിടിച്ചു; പി കെ ശ്രീമതിക്കും യൂസഫ് താരിഗാമിക്കും പ്രായപരിധിയില്‍ ഇളവ്; പിബിയില്‍ നിന്നും ഒഴിവാക്കപ്പെട്ട കാരാട്ട് അടക്കമുള്ളവര്‍ കേന്ദ്ര കമ്മറ്റിയിലെ ക്ഷണിതാക്കള്‍
മുഹമ്മദ് റിയാസിന് കേന്ദ്ര കമ്മറ്റിയില്‍ ഇടമില്ല
മധുര: സിപിഎം കേന്ദ്ര കമ്മറ്റിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകന്‍ മുഹമ്മദ് റിയാസിന് ഇടമില്ല. കേരളത്തില്‍നിന്ന് പുതുതായി മൂന്നുപേര്‍ സിപിഎം കേന്ദ്രകമ്മിറ്റി (സിസി) യിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫ് കണ്‍വീനര്‍ കൂടിയായ ടിപി രാമകൃഷ്ണന്‍, പുത്തലത്ത് ദിനേശന്‍, കെ.എസ്.സലീഖ എന്നിവരാണ് കേന്ദ്ര കമ്മിറ്റിയിലേക്ക് നിര്‍ദേശിക്കപ്പെട്ട പുതിയ മൂന്നു മലയാളികള്‍. പുതിയ കേന്ദ്രകമ്മിറ്റി പാനല്‍ സിസിയില്‍ വച്ചപ്പോള്‍ യു.പി ഘടകം മത്സരം ആവശ്യപ്പെട്ടു. അതിനാല്‍ ഇതിന് ശേഷമേ കേന്ദ്ര കമ്മിറ്റി അംഗങ്ങളെ ഔദ്യോഗികമായി പ്രഖ്യാപിക്കൂ.
വനിതാ പ്രാതിനിധ്യം കൂടി കണക്കിലെടുത്താണ് കെ. സലീഖയെ കേന്ദ്ര കമ്മിറ്റിയിലേക്ക് പരിഗണിച്ചതെന്നാണ് വിവരം. മുന്‍ ഷൊര്‍ണുര്‍ എംഎല്‍എയാണ് കെ എസ് സലീഖ. കേന്ദ്രകമ്മിറ്റിയിലേക്ക് പുതുതായി എത്തുന്ന പുത്തലത്ത് ദിനേശന്‍ നിലവില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമാണ്. പിബിയില്‍നിന്ന് ഇത്തവണ ഒഴിവാകുന്ന മണിക് സര്‍ക്കാര്‍, പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, സുഭാഷിണി അലി, എസ്. രാമചന്ദ്രന്‍ പിള്ള, ബിമന്‍ ബസു, ഹനന്‍ മൊള്ള എന്നിവര്‍ കേന്ദ്രകമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാക്കളായി തുടരും.
ഇത്തവണ പി.കെ. ശ്രീമതി, യൂസഫ് തിരിഗാമി എന്നിവര്‍ക്കു മാത്രമാണ് കേന്ദ്ര കമ്മിറ്റിയില്‍ പ്രായപരിധിയില്‍ ഇളവ് നല്‍കിയിരിക്കുന്നത്. എസ്.രാമചന്ദ്രന്‍ പിള്ള, ഹനന്‍ മൊള്ള, ബിമന്‍ ബസു എന്നിവര്‍ കഴിഞ്ഞതവണ തന്നെ പ്രായപരിധി മാനദണ്ഡത്തില്‍ ഒഴിവാക്കപ്പെട്ടിരുന്നു. ഇവര്‍ ഇത്തവണയും ക്ഷണിതാക്കളാണ്.
85 അംഗ കേന്ദ്ര കമ്മിറ്റിയില്‍ 15 വനിതകളാണുള്ളത്. ഇതിന് പുറമെ ഏഴുപേര്‍ പ്രത്യേക ക്ഷണിതാക്കളാണ്. കശ്മീരിലെ സാഹചര്യം പരിഗണിച്ചാണ് തരിഗാമിക്ക് ഇളവ് നല്‍കിയത്. മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് എന്നത് പരിഗണിച്ചാണ് പി.കെ. ശ്രീമതിയ്ക്ക് ഇളവ് നല്‍കിയത്. കേന്ദ്ര കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. 85 അംഗ കേന്ദ്ര കമ്മിറ്റിയാണ് ഇത്തവണ രൂപീകരിച്ചത്. 30 പുതിയ അംഗങ്ങളെയാണ് ഇത്തവണ പരിഗണിച്ചത്. കേന്ദ്ര കമ്മിറ്റിയിലെ കേരളത്തില്‍ നിന്നുള്ള അംഗങ്ങളുടെ എണ്ണം 17 ആയി ഉയര്‍ന്നു.
അനുരാഗ് സെക്സേന, എച്ച് ഐ ഭട്ട്, പ്രേം ചന്ദ്, സഞ്ജയ് ചൗഹാന്‍, കെ പ്രകാശ്, അജിത് നവാലെ, വിനോദ് നിക്കോലെ (മഹാരാഷ്ട്രയിലെ ദഹാനു മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ), സുരേഷ് പനിഗ്രാഫി, കിഷന്‍ പരീക്, എന്‍ ഗുണശേഖരന്‍, ജോണ്‍ വെസ്ലേ, എസ് വീരയ്യ, ദെബാബ്രത ഘോഷ്, സയ്യിദ് ഹുസൈന്‍, കൊണ്ണൊയ്ക ഘോഷ്, മീനാക്ഷി മുഖര്‍ജി എന്നിവരാണ് കേന്ദ്ര കമ്മിറ്റിയിലെ മറ്റ് പുതുമുഖങ്ങള്‍.