'ബംഗാള്‍ മോഡലിലേക്ക്' അധികദൂരമില്ല..! തുടര്‍ഭരണത്തില്‍ പാര്‍ട്ടിയും നേതാക്കളും ജനങ്ങളില്‍ നിന്നകന്നു; ഇങ്ങനെ പോയാല്‍ ശരിയാകില്ലെന്ന് സിപിഐ; മുഖ്യമന്ത്രിക്കെതിരായ ആക്ഷേപങ്ങള്‍ ഗൗരവതരം
തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന നിര്‍വാഹക സമിതി യോഗത്തിലാണ് വിഷയം ചര്‍ച്ചയായത്.
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാറിന്റെ മുന്നോട്ടു പോക്കില്‍ ആശങ്കപ്പെട്ട് സിപിഐ നേതൃത്വം. ഇങ്ങനെ എങ്ങനെ മുന്നോട്ടു പോകുമെന്ന വികാരമാണ് പാര്‍ട്ടിക്കുള്ളില്‍ ശക്തമായി ഉയരുന്നത്. ഇപ്പോഴത്തെ അവസ്ഥയില്‍ തിരുത്തല്‍ നടപടികള്‍ ഇല്ലാതെ മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്നും അല്ലാത്ത പക്ഷം ബംഗാളിലേക്ക് അധികദൂരമില്ലെന്നമാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന നിര്‍വാഹക സമിതി യോഗത്തില്‍ ചര്‍ച്ചയായ വിഷയം. എന്നാല്‍, ഇതൊക്കെയാണെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും ധൈര്യമില്ലെന്നതാണ് വസ്തുത.
ഇടത് മുന്നണിക്ക് ബംഗാളില്‍ സംഭവിച്ചതാണോ കേരളത്തിലും കാത്തിരിക്കുന്നതെന്നാണ് ഒരു വിഭാഗം സിപിഐ നേതാക്കള്‍ ആശങ്കയോടെ ഉയര്‍ത്തുന്ന കാര്യം. തുടര്‍ഭരണത്തില്‍ പാര്‍ട്ടിയും നേതാക്കളും ജനങ്ങളില്‍ നിന്നകന്നത് മുന്നണിയുടെ അടിത്തറ തകര്‍ത്തെന്ന് സി.പി.ഐയില്‍ ഒരുവിഭാഗം വിലയിരുത്തുന്നു. രാജ്യസഭാംഗം പി. സന്തോഷ് കുമാറിന്റെ അഭിപ്രായപ്രകടനത്തെ തുടര്‍ന്നായിരുന്നു ഇതിലേക്ക് ചര്‍ച്ച തിരിച്ചത്. മുഖ്യമന്ത്രി പിറണായി വിജയന്‍ അടക്കം രണ്ടാമൂഴത്തില്‍ നിരാശപ്പെടുത്തിയെന്നാണ് വിലയിരുത്തല്‍.
കേരളത്തില്‍ ഇടത് മുന്നണിക്ക് നേതൃത്വം നല്‍കുന്ന സി.പി.എം നേരിടുന്ന ദൗര്‍ബല്യങ്ങളെക്കുറിച്ചാണ് സന്തോഷ് ചൂണ്ടിക്കാട്ടിയത്. സി.പി.എമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആവര്‍ത്തിച്ചുയരുന്ന ആക്ഷേപങ്ങള്‍ ഗൗരവതരമാണ്. ഭരണവും പാര്‍ട്ടിയും നേതാക്കളും ജനങ്ങളില്‍ നിന്നകന്നു. പാര്‍ട്ടിയുടെ അടിസ്ഥാന വോട്ട് ബാങ്കിലുണ്ടായ ചോര്‍ച്ച ഇതാണ് കാണിക്കുന്നത്. ഈ നില തുടര്‍ന്നാല്‍ കേരളത്തിലെ മുന്നണി സംവിധാനം അധികകാലം തുടരണമെന്നില്ല. ആ കാലത്തെക്കുറിച്ച് കൂടി സി.പി.ഐ ആലോചിക്കണം. എന്നിങ്ങനെ പോയി അഭിപ്രായങ്ങള്‍.
തുടര്‍ന്ന് സംസാരിച്ച പലരും സി.പി.എമ്മിന്റെയും സര്‍ക്കാറിന്റെയും അപചയം മുന്നണിയെ ബാധിക്കുന്നതാണെന്ന് അഭിപ്രായപ്പെട്ടു. ചര്‍ച്ച മുന്നണി മാറ്റമെന്ന നിലയിലേക്ക് വളര്‍ന്നില്ല. എന്നാല്‍, അങ്ങനെയൊരു സാഹചര്യമുണ്ടെന്ന സൂചനകള്‍ ഇവരുടെ വാക്കുകള്‍ക്കിടയിലുണ്ട്. തൃശൂര്‍ വിജയത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ബി.ജെ.പി സ്വാധീനമുറപ്പിക്കുന്ന സാഹചര്യവും ദേശീയ രാഷ്ട്രീയത്തിലെ സി.പി.ഐയും സി.പി.എമ്മും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്‍ഡ്യ മുന്നണിയിലാണെന്നതും പരാമര്‍ശിക്കപ്പെട്ടു. സി.പി.ഐയുടെ ചില ജില്ല കമ്മിറ്റികളില്‍ മുന്നണി മാറ്റം ചര്‍ച്ചയായിരുന്നു. എന്നാല്‍ അത്തരം ചര്‍ച്ചകള്‍ക്ക് സംസ്ഥാന സമതി പ്രോത്സാഹനം ല്‍കിയില്ല.
ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്തലിനിടെയാണ് അത്തരമൊരു അഭിപ്രായമുയര്‍ന്നത്. സി.പി.എമ്മിനെതിരായ വികാരം സി.പി.ഐയും ബാധിക്കുന്നുവെന്നാണ് ജില്ലകളിലുയര്‍ന്ന അഭിപ്രായം. നേരത്തേ കോണ്‍ഗ്രസ് മുന്നണിയുടെ ഭാഗമായിരുന്ന പാര്‍ട്ടിയാണ് സി.പി.ഐ. തെരഞ്ഞെടുപ്പ് സമയത്ത് ഇന്‍ഡ്യ മുന്നണിയുമായുള്ള സഹകരണത്തില്‍ സി.പി.എം പിന്‍വലിഞ്ഞുനിന്ന ഘട്ടങ്ങളില്‍ സി.പി.ഐ സജീവമായിരുന്നു. അതുകൊണ്ടുതന്നെ, സി.പി.എമ്മിന്റെ അപചയം മുന്‍നിര്‍ത്തി, കേരളത്തില്‍ ഇടതുമുന്നണി ഭാവിയില്‍ ഇതേനിലയില്‍ തുടരണമെന്നില്ലെന്ന അഭിപ്രായം സി.പി.ഐ നേതൃയോഗത്തിലുയരുന്നത് മുന്നണിമാറ്റ ചിന്തയുടെ നാന്ദിയായാണ് വിലയിരുത്തപ്പെടുന്നത്.
സി.പി.ഐയുടെ മുന്നണി മാറ്റ ആലോചനയായി വിലയിരുത്തുന്നത് അധികവായനയാണെന്ന് രാജ്യസഭാംഗം പി.സന്തോഷ് കുമാര്‍ പിന്നീട് വ്യക്തമാക്കുകയും ചെയ്തു. കേരളത്തിലെയും ദേശീയ തലത്തിലെയും പൊതുവായ രാഷ്ട്രീയം വിലയിരുത്താറുണ്ട്. പാര്‍ട്ടിയുടെയും മുന്നണിയുടെയും ശക്തി ദൗര്‍ബല്യങ്ങളും മുന്നോട്ടുള്ള പോക്കുമെല്ലാം ചര്‍ച്ചയില്‍ ഉയര്‍ന്നുവരിക സാധാരണമാണ്. അത് മുന്നണി മാറ്റ ചര്‍ച്ചയായി വിലയിരുത്തേണ്ടെന്ന് അദ്ദേഹം പറഞ്ഞു.