ആത്മകഥാ വിവാദത്തെ ഒന്നിലേറെ തവണ തള്ളിപ്പറഞ്ഞിട്ടും സംശയങ്ങള്‍ ബാക്കി..! ഉപതിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ തല്‍ക്കാലം കണ്ടില്ലെന്ന് നടക്കാന്‍ പാര്‍ട്ടി; സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുത്ത് വിശദീകരണം നല്‍കാന്‍ ഇ പി ജയരാജന്‍; പാര്‍ട്ടിയുടെ രഹസ്യാന്വേഷണവും നിര്‍ണായകം

ആത്മകഥാ വിവാദത്തെ ഒന്നിലേറെ തവണ തള്ളിപ്പറഞ്ഞിട്ടും സംശയങ്ങള്‍ ബാക്കി..!

Update: 2024-11-15 01:20 GMT

തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവ് ഇ പി ജയരാജന്‍ പാര്‍ട്ടിക്ക് നിരന്തരം തലവേദന ഉണ്ടാക്കുകയാണ്. തെരഞ്ഞെടുപ്പു ദിനത്തില്‍ പൊട്ടിയ ആത്മകഥാ ബോംബിന്റെ പശ്ചാത്തലത്തിലാണ് ഇ പി വീണ്ടും വിവാദത്തില്‍ ചാടിയത്. എത്രകണ്ട് വിശദീകരിച്ചിട്ടും ഇപിക്ക് മേലുള്ള സംശയം ആര്‍ക്കും തീരുന്നുമില്ല. ഇതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തല്‍ നേരിട്ടു പങ്കെടുത്തു വിശദീകരണം നല്‍കാനാണ് ഇപിയുടെ ശ്രമം.

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം ഇതാദ്യമായാണ് ഇ.പി.ജയരാജന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തെത്തുന്നത്. സെക്രട്ടറിയേറ്റ് ഇ.പിയുടെ ആത്മകഥാ വിവാദം ചര്‍ച്ച ചെയ്യാനാണ് സാധ്യത. ആത്മകഥയിലെ പുറത്തുവന്ന ഉള്ളടക്കത്തെ ഇ.പി ഒന്നിലേറെ തവണ തള്ളിയെങ്കിലും പാര്‍ട്ടി യോഗത്തില്‍ ഇ.പിക്ക് ഇക്കാര്യം വിശദീകരിക്കേണ്ടിവരും.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് വിശദീകരണം തേടിയാല്‍ ഉടനടി ഇക്കാര്യം വിശദീകരിക്കാന്‍ തന്നെയാണ് ഇ.പിയുടെ നീക്കം. ആത്മകഥയിലെ എല്ലാ ഭാഗവും താനെഴുതിയതല്ലെന്ന ഇ.പിയുടെ ന്യായം പാര്‍ട്ടി അംഗീകരിക്കുക വിശദമായ പരിശോധനക്ക് ശേഷമാവും. ഇ.പിയുടെ നിലപാട് പാര്‍ട്ടി അംഗീകരിച്ചില്ലെങ്കിലും പാലക്കാട് ഉപതിരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടി മറ്റ് തീരുമാനങ്ങളെടുത്തേക്കില്ല.

അതേസമയം ഇപി ജയരാജന്റെ വിവാദ ആത്മകഥയിലെ പ്രസക്ത ഭാഗങ്ങള്‍ പുറത്തുവന്ന വിഷയത്തില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം രഹസ്യമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടി സമ്മേളനങ്ങള്‍ ഇനിയും നടക്കാനിരിക്കേ ഇവിടങ്ങളില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് ഇ പി മറുപടി നല്‍കേണ്ടി വരും. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം ജില്ലാ നേതൃത്വമാണ് ഇക്കാര്യത്തില്‍ അന്വേഷണമാരംഭിച്ചത്. ഇപി ജയരാജന്‍ തന്റെ ആത്മകഥ എഴുതാന്‍ ചുമതലപ്പെടുത്തിയത് കണ്ണൂരിലെ ദേശാഭിമാനി ബ്യുറോയുടെ ചുമതലയുള്ള എം.രഘുനാഥനെയാണെന്ന് നേരത്തെ സോഷ്യല്‍ മീഡിയയില്‍ ആരോപണമുയര്‍ന്നിരുന്നു.

കണ്ണൂരിലെ വിരമിച്ച ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകനാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലുടെ വെളിപ്പെടുത്തിയത്. തനിക്ക് ഏറെ വിശ്വസ്തനായ ഒരു പത്രപ്രവര്‍ത്തകനെയാണ് ആത്മകഥ കേട്ടെഴുതാന്‍ ഏല്‍പ്പിച്ചതെന്ന് ഇ.പി ജയരാജനും വെളിപ്പെടുത്തിയിരുന്നു. ഇദ്ദേഹത്തെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നായിരുന്നു ഇ.പി ജയരാജന്‍ വ്യക്തമാക്കിയത്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെ തന്നെയാണോയെന്ന് ഉറപ്പുവരുത്തുന്നതിനാണ് പാര്‍ട്ടി അന്വേഷണം നടത്തിവരുന്നത്. എന്നാല്‍ തനിക്കെതിരെ നടത്തുന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണെന്നാണ് രഘുനാഥിന്റെ നിലപാട്. ഈ കാര്യത്തില്‍ പാര്‍ട്ടി യാതൊരു വിശദീകരണവും ചോദിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

പാര്‍ട്ടി പത്രത്തിലെ സീനിയര്‍ റിപ്പോര്‍ട്ടറായ ഇദ്ദേഹം ഏറെക്കാലമായി കണ്ണൂരില്‍ ജോലി ചെയ്തു വരികയാണ്. ഇനി ഏതാനും മാസങ്ങള്‍ മാത്രമേ വിരമിക്കാന്‍ ബാക്കിയുള്ളുവെന്നാണ് വിവരം. തന്റെ അതീവ വിശ്വസ്തനായ ഇദ്ദേഹത്തെയാണ് ഇ പി ജയരാജന്‍ ആത്മകഥ കേട്ടെഴുതാന്‍ നിയോഗിച്ചത്. പയ്യന്നൂര്‍ സ്വദേശിയായ ഇദ്ദേഹം പി.കെ ശ്രീമതി ആരോഗ്യ മന്ത്രിയായിരുന്ന കാലത്ത് അവരുടെ പേഴ്സനല്‍ സ്റ്റാഫില്‍ അംഗമായിരുന്നു. ആത്മകഥ പ്രസിദ്ധീകരിക്കുന്നതിന് താനുമായി ഡി.സി ബുക്സ് യാതൊരു കരാറും ഉണ്ടാക്കിയിരുന്നില്ല എന്നാണ് ഇ പി പറയുനന്നത്.

എഗ്രിമെന്റില്ലാതെ പുസ്തകത്തിന് പേര്‍ നല്‍കുകയും അതിന്റെ കവര്‍ അവര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതാണ് ഇപി ജയരാജനെ പ്രകോപിപ്പിച്ചത്. പുസ്തകം മാതൃഭുമി ബുക്ക്സിന് നല്‍കാനായിരുന്നു ഇപി ജയരാജന് താല്‍പര്യം. മാത്രമല്ല ഇ.പി. ജയരാജനെ അധിക്ഷേപിക്കാന്‍ വലതുപക്ഷ മാധ്യമങ്ങള്‍ നിരന്തരം ഉപയോഗിക്കുന്ന അദ്ദേഹത്തിന്റെ പ്രസംഗത്തിലെ മുന്‍ പ്രയോഗമായ 'കട്ടന്‍ ചായയും പരിപ്പുവട'യുമെന്ന പ്രയോഗമാണ് പുസ്തകത്തിന് ടൈറ്റിലായി നല്‍കിയിരിക്കുന്നത്.

തന്റെ ആത്മകഥയ്ക്ക് ഈ ടൈറ്റില്‍ നല്‍കിയത് ബോധപൂര്‍വ്വം അധിക്ഷേപിക്കാനാണെന്ന് ഡി.സി ബുക്ക് സിന് അയച്ച വക്കീല്‍ നോട്ടിസില്‍ ജയരാജന്‍ ആരോപിക്കുന്നുണ്ട്. കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവിന്റെയും ആത്മകഥയ്ക്ക് ഇങ്ങനെയൊരു അധിക്ഷേപകരമായ തലക്കെട്ട് നല്‍കിയിട്ടില്ലെന്ന് അദ്ദേഹം ആരോപിക്കുന്നു. രണ്ട് മാസം മുന്‍പ് ആത്മകഥയുടെ പി.ഡി.എഫ് ദേശാഭിമാനി ലേഖകന്‍ ഡി.സി ബുക്്സിന് പി.ഡി എഫായി അയച്ചു കൊടുത്തിരുന്നു. അതില്‍ വിവാദ പരാമര്‍ശങ്ങളുള്ള അധ്യായങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. എന്നാല്‍ അതിനു ശേഷം അയച്ച ഭാഗങ്ങളാണ് ഇപ്പോള്‍ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുന്നത്. പുസ്തകത്തിന് വില്‍പ്പന കൂട്ടാന്‍ വിവാദ പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് കോട്ടയത്ത് ജോലി ചെയ്യുന്ന ഒരു ജീവനക്കാരനാണെന്ന വിവരം പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം പുസ്തകം പ്രസിദ്ധികരിക്കുമെന്ന് സോഷ്യല്‍ മീഡിയയിലൂടെ അറിയിപ്പ് നല്‍കിയതും ഈ ജീവനക്കാരനാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പ് ദിവസം ഇക്കാര്യം മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കി ആഘോഷിച്ചതോടെ സി.പി.എം പ്രതിരോധത്തിലാവുകയും ചെയ്തു. പുസ്തകത്തിലൂടെ പുറത്തുവന്ന വിവാദ പരാമര്‍ശങ്ങള്‍ ഇ.പി ജയരാജന്‍ നിഷേധിച്ചതിനാല്‍ സി.പി.എം നേതൃത്വം നിലവില്‍ അദ്ദേഹത്തിനാപ്പമാണ്. എന്നാല്‍ സംഭവത്തില്‍ സമഗ്രമായ അന്വേഷണം ജയരാജന്‍ ഡി.ജിപിക്ക് പരാതി നല്‍കിയതിനാല്‍ പൊലിസ് നടത്തിയേക്കും. ഇതിനിടെയാണ് പാര്‍ട്ടി പത്രത്തിലെ മുതിര്‍ന്ന പത്ര പ്രവര്‍ത്തകന് ഇതില്‍ പങ്കുണ്ടെന്ന ആരോപണം ഉയരുന്നത്. സി.പി.എം ജില്ലാ കമ്മിറ്റിയുടെ അന്വേഷണം കഴിഞ്ഞാല്‍ മാത്രമേ ഈ കാര്യത്തില്‍ നടപടിയുണ്ടാവുകയുള്ളു.

Tags:    

Similar News