പാലക്കാട് ബി.ജെ.പി - സി.പി.എം. ഡീലിന് സാധ്യത; എന്ത് ഡീല്‍ നടന്നാലും യു.ഡി.എഫ്. ജയിക്കും; തൃശ്ശൂര്‍ പൂരം കലക്കല്‍ മുതല്‍ എ.ഡി.എമ്മിന്റെ ആത്മഹത്യ വരെ ചര്‍ച്ചയാകുമെന്ന് കെ മുരളീധരന്‍
ഈ തിരഞ്ഞെടുപ്പിനെ ഒരു പൊളിറ്റിക്കല്‍ ഫൈറ്റ് ആയിട്ടാണ് കാണുന്നത്
കോഴിക്കോട്: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി - സി.പി.എം. ഡീലിന് സാധ്യതയുണ്ടെന്നും എന്നാല്‍ യു.ഡി.എഫിന് വിജയം ഉറപ്പാണെന്നും ആവര്‍ത്തിച്ച് മുന്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായ കെ.മുരളീധരന്‍. എന്തൊക്കെ ഡീല്‍ നടന്നാലും പാലക്കാട് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തന്നെ ജയിക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു. തൃശ്ശൂര്‍ പൂരം കലക്കല്‍ മുതല്‍ എ.ഡി.എമ്മിന്റെ ആത്മഹത്യ വരെ ഈ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.
പാലക്കാട് ഞങ്ങള്‍ക്ക് നല്ല ഉറപ്പുള്ള സീറ്റാണ്. ഞങ്ങള്‍ ജയിക്കും. ഇവിടെ ഡീല്‍ നടക്കാനുള്ള സാധ്യതയുള്ളത് ബി.ജെ.പിയും സി.പി.എമ്മും തമ്മിലാണ്. എന്നാല്‍, എന്ത് ഡീല്‍ നടന്നാലും പാലക്കാട് യു.ഡി.എഫ്. ജയിക്കുകയും ചെയ്യും. പൊളിറ്റിക്കലായുള്ള ചര്‍ച്ചയാണ് ഞങ്ങള്‍ ഉദേശിക്കുന്നത്. തൃശ്ശൂര്‍ പൂരം കലക്കിയത്, ആര്‍.എസ്.എസ്. നേതാവും അജിത് കുമാറും തമ്മിലുള്ള കൂടിക്കാഴ്ച, അജിത് കുമാറിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത്, പി.പി. ദിവ്യയുടെ അതിക്രമിച്ചുള്ള കടന്നുകയറ്റം എന്നിവ ചര്‍ച്ചയാകുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ജില്ലയിലെ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് (എ.ഡി.എം.) മരിച്ചിട്ട് ഒരു അനുശോചനം രേഖപ്പെടുത്താന്‍ പോലും അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. ആ വീട് സന്ദര്‍ശിക്കാനോ ഒരു അനുശോചനം പറയാനോ പോലും തയാറായിട്ടുമില്ല. ഇതൊക്കെയാണ് ഞങ്ങള്‍ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുന്നത്. അല്ലാതെ പാര്‍ട്ടിയില്‍ നിന്ന് ആരൊക്കെ പോയി, ആരൊക്കെ വന്നു എന്നുള്ളതൊന്നും ഒരു വിഷയമേയല്ലെന്നും മുരളീധരന്‍ പറഞ്ഞു.
ഈ തിരഞ്ഞെടുപ്പിനെ ഒരു പൊളിറ്റിക്കല്‍ ഫൈറ്റ് ആയിട്ടാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് മണ്ഡലത്തിലേക്കും സ്ഥാനാര്‍ഥികളായി. വയനാട്ടില്‍ ഞങ്ങളുടെ ലക്ഷ്യം ഭൂരിപക്ഷം വര്‍ധിപ്പിക്കുക എന്നതാണ്. ചേലക്കര പിടിച്ചെടുക്കണം. പാലക്കാട് നല്ല ഭൂരിപക്ഷത്തില്‍ നിലനിര്‍ത്തണം. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടക്കുന്നുണ്ടെന്നും പാര്‍ട്ടി ഒരു യുദ്ധമുഖത്ത് നില്‍ക്കുമ്പോള്‍ മറ്റ് വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ടില്‍ അല്ല നോട്ടിലാണ് താല്‍പര്യമെന്നും കെ മുരളീധരന്‍ പരിഹസിച്ചു. പാലക്കാട്ടേത് രാഷ്ട്രീയ മത്സരമാണ്. അവിടെ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാദ്ധ്യതയുണ്ടെന്ന് ബിജെപിക്കാര്‍ തന്നെ പറയുന്നു. പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി ഡോ പി സരിന്റെ റോഡ് ഷോയിലെ ജനപങ്കാളിത്തം വോട്ടായി മാറില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.
കോര്‍പറേഷന്‍ നോക്കാന്‍ അറിയാത്ത ആളെയാണ് വയനാട്ടില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയതെന്നും കെ മുരളീധരന്‍ പരിഹസിച്ചു. നേതൃത്വത്തിന്റെ വീഴ്ചകള്‍ പറയേണ്ടത് പാര്‍ട്ടി പോര്‍മുഖത്ത് നില്‍ക്കുമ്പോഴല്ലെന്നും അദ്ദേഹം പ്രതികരിച്ചു. വിഡി സതീശന്റെ ശൈലിക്കെതിരായ വിമര്‍ശനത്തോടായിരുന്നു ഈ നിലയില്‍ മുരളീധരന്‍ പ്രതികരിച്ചത്. പാര്‍ട്ടിയില്‍ നേതൃസ്ഥാനത്ത് തലമുറ മാറുമ്പോള്‍ ശൈലിയും മാറും. അത് സ്വാഭാവികമാണ്. ഇത് പാര്‍ട്ടി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള സമയമല്ല. സംഘടനാ വീഴ്ചകളും വിമര്‍ശനങ്ങളും തിരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ച ചെയ്യാമെന്നും കെ മുരളീധരന്‍ പറഞ്ഞു.