ഇവനൊന്നും പാട്ട് പാടാന്‍ വേറെ സ്ഥലമില്ലേ? അമ്പലത്തിലെ ഗാനമേളയില്‍ ഭക്തരോടാണോ പുഷ്പനെ അറിയാമോ എന്ന് ചോദിക്കുന്നത്? ബിജെപിക്ക് ഇടം ഉണ്ടാക്കിക്കൊടുക്കുകയാണോ അവരുടെ ലക്ഷ്യം? കടയ്ക്കല്‍ ക്ഷേത്ര വിവാദത്തില്‍ വിമര്‍ശനവുമായി വി ഡി സതീശന്‍

കടയ്ക്കല്‍ ക്ഷേത്ര വിവാദത്തില്‍ വിമര്‍ശനവുമായി വി ഡി സതീശന്‍

Update: 2025-03-15 10:19 GMT

കൊച്ചി: കടയ്ക്കല്‍ ക്ഷേത്ര ഉത്സവ ഗാനമേളയ്ക്കിടെ വിപ്ലവ ഗാനങ്ങള്‍ ആലപിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷേത്രത്തിലെ ഉത്സവാഘോഷത്തില്‍ പാര്‍ട്ടി ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിച്ച് സിപിഎം, ഡിവൈഎഫ്ഐ പ്രചാരണ ഗാനങ്ങള്‍ പാടിയതാണ് വിവാദമായത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുളള ക്ഷേത്രത്തില്‍ ഗായകന്‍ അലോഷി അവതരിപ്പിച്ച സംഗീത പരിപാടിയാണ് വിവാദത്തില്‍പ്പെട്ടിരിക്കുന്നത്.

അവിടെ ഒരു സംഘര്‍ഷമുണ്ടാക്കി ബിജെപിക്ക് ഇടം ഉണ്ടാക്കിക്കൊടുക്കുകയാണോ അവരുടെ ലക്ഷ്യമെന്ന് വി ഡി സതീശന്‍ ചോദിച്ചു. കടയ്ക്കല്‍ ക്ഷേത്രത്തില്‍ പുഷ്പനെ അറിയാമോ എന്ന ഗാനമേള നടത്തി. എന്നിട്ട് പിന്നിലുള്ള വീഡിയോ വാളില്‍ അരിവാള്‍ ചുറ്റിക നക്ഷത്രവും ഡിവൈഎഫ്ഐയും സിപിഎമ്മുമൊക്ക തെളിയുന്നു. നാണംകെട്ട പാര്‍ട്ടിയാണിത്. അവിടെ ഒരു സംഘര്‍ഷമുണ്ടാക്കി ബിജെപിക്ക് ഇടം ഉണ്ടാക്കിക്കൊടുക്കുക എന്നതാണോ ഇവരുടെ ലക്ഷ്യം?

ഇവനൊന്നും പാട്ട് പാടാന്‍ വേറെ സ്ഥലമില്ലേ? അമ്പലത്തിലെ ഗാനമേളയില്‍ ഭക്തരോടാണോ പുഷ്പനെ അറിയാമോ എന്ന് ചോദിക്കുന്നത്? ഇവരോടൊക്കെ വേറെ പണി നോക്കാന്‍ പറയണം. ഇവര്‍ ഏത് ലോകത്താണ് ജീവിക്കുന്നത്? അധികാരത്തിന്റെ അഹങ്കാരം തലയ്ക്ക് പിടിച്ചതാണ് പ്രശ്‌നം'- വി ഡി സതീശന്‍ പറഞ്ഞു.

കടയ്ക്കല്‍ ക്ഷേത്ര ഉത്സവ ഗാനമേളയ്ക്കിടെ വിപ്ലവ ഗാനങ്ങള്‍ ആലപിച്ച സംഭവത്തില്‍ ദേവസ്വം വിജിലന്‍സ് അന്വേഷണം നടത്താന്‍ ഒരുങ്ങുകയാണ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് ആണ് ഇക്കാര്യം അറിയിച്ചത്. റിപ്പോര്‍ട്ട് ലഭിച്ചാല്‍ ആര്‍ക്കെതിരെ ആയാലും അന്വേഷണം ഉണ്ടാകുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

Tags:    

Similar News