ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യത്തില്‍ വാവര്‍ക്കും സ്ഥാനമുണ്ട്; ഇത് ആര്‍എസ്എസ് അംഗീകരിക്കുന്നില്ല; ഒരു മുസ്ലീമിന് എങ്ങനെ അയ്യപ്പന്റെ കഥയില്‍ സ്വാധീനം കിട്ടുമെന്ന് സംഘപരിവാര്‍ ചിന്തിക്കുന്നു; ബിജെപിക്ക് നല്‍കുന്ന ഓരോ വോട്ടും കേരളത്തിന്റെ തനിമയെ തകര്‍ക്കാനെന്ന് പിണറായി വിജയന്‍

ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യത്തില്‍ വാവര്‍ക്കും സ്ഥാനമുണ്ട്

Update: 2025-10-20 12:54 GMT

കണ്ണൂര്‍: ശബരിമലയെ വലിയ വിവാദമാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യത്തില്‍ വാവര്‍ക്കും പ്രധാന സ്ഥാനമുണ്ട്. ഇത് ആര്‍എസ്എസ് അംഗീകരിക്കുന്നില്ല. ഒരു മുസ്ലീമിന് എങ്ങനെ അയ്യപ്പന്റെ കഥയില്‍ സ്വാധീനം കിട്ടുമെന്ന് സംഘപരിവാര്‍ ചിന്തിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അമിത് ഷാ പറയുന്നത് പോലെ ബിജെപിക്ക് നല്‍കുന്ന ഓരോ വോട്ടും കേരളത്തിന്റെ തനിമയെ തകര്‍ക്കാനാണ് ഉപകരിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ നടന്ന മലയാള മനോരമയുടെ പരിപാടിയില്‍ അമിത് ഷാ ചിലകാര്യങ്ങള്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ 25% വോട്ട് നേടുമെന്നും നിയമസഭയില്‍ ഭൂരിപക്ഷം നേടുമെന്നും ആയിരുന്നു അത്. അമിത് ഷായുടെ പ്രസ്താവന കേരളം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

നമ്മുടെ സമൂഹത്തിന് നമ്മുടേതായ പ്രത്യേകതകളുണ്ട്. ആര്‍എസ്എസിന്റെ തത്വശാസ്ത്രം മേധാവിത്വം വഹിച്ചാല്‍ നമ്മുടെ സമൂഹത്തിന് ഇങ്ങനെ നില്‍ക്കാനാവില്ല. ആര്‍എസ്എസിന് മേധാവിത്തം കിട്ടിയാല്‍ ഓണത്തിന് മഹാബലിയെ നഷ്ടമാകും. വാമനനെ ആണവര്‍ക്ക് വേണ്ടതെന്നും പിണറായി പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് നമ്മുടെ കേരളത്തില്‍ ഏറ്റവും അധികം വേട്ടയാടപ്പെട്ട പാര്‍ട്ടിയെന്ന് പറഞ്ഞു. സിപിഎം എന്ന നിലക്ക് പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍, ആ പ്രവര്‍ത്തനത്തിന് ഫലപ്രദമായ നേതൃത്വം ഏറ്റെടുത്ത് കേരളത്തിലാകെ സംഘടനാ കാര്യങ്ങളില്‍ നോക്കിയിരുന്നത് സഖാവ് സിഎച്ച്, സഖാവ് അഴീക്കോടന്‍ എന്നിവരായിരുന്നു. പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിനുവേണ്ടി പാര്‍ട്ടി നിര്‍ദ്ദേശമനുസരിച്ച് ഇരുവരും ഓടിനടക്കുന്ന ഭാരവാഹികളായിരുന്നു.

എന്നാല്‍, സിപിഎമ്മിനെ തകര്‍ക്കുക എന്നത് തന്നെയായിരുന്നു ചിലരുടെ വ്യക്തമായ ലക്ഷ്യം. അഴീക്കോടെ നിഷ്പാസനം ചെയ്യുന്നതിലൂടെ കേരളത്തിലെ സിപിഎമ്മിന്റെ പ്രവര്‍ത്തനം തീര്‍ത്തും താളം തെറ്റി പുറകോട്ട് പോകാന്‍ സാധിക്കുമെന്ന് കരുതിയവരുണ്ടായിരുന്നു. ഇത്തരത്തില്‍ അനേകം ആക്രമണങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നതും, അതുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയും നേതൃത്വം വഹിക്കുകയും ചെയ്ത ഒരു മന്ദിരമാണ് അഴീക്കോട് സ്മാരകം.

ഈ മന്ദിരത്തില്‍ പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുത്ത് പ്രവര്‍ത്തിച്ച ഒട്ടേറെ സഖാക്കള്‍ ഇപ്പോള്‍ നമ്മുടെ കൂടെയില്ല. എന്നാല്‍ അവരെല്ലാവരും അനുഭവിക്കേണ്ടി വന്ന ത്യാഗം വലുതാണ്. ഈ ത്യാഗവും അനുഭവങ്ങളും കാരണം, കമ്മ്യൂണിസ്റ്റ് സൈന്യത്തിന്റെ ഭാഗമായ ആ സഖാക്കളെല്ലാം ഒരുതരത്തിലുള്ള ആത്മവീര്യവും ചോരാതെ എല്ലാ പ്രതിസന്ധികളെയും പാഠങ്ങളായി നേരിടാന്‍ തീര്‍ത്തുനില്‍ക്കാനും ധീരമായ നേതൃത്വങ്ങള്‍ക്ക് പിന്നില്‍ അണിനിരക്കാനും ധൈര്യം സംഭരിച്ചു എന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News