മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്‍കൂട്ടി പ്രഖ്യാപിക്കുന്ന പതിവ് കോണ്‍ഗ്രസിനില്ല; തിരഞ്ഞെടുപ്പിന് ശേഷം എഐസിസി ചട്ടപ്രകാരം മുഖ്യമന്ത്രിയെ തീരുമാനിക്കും; നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ തലമുറമാറ്റം; 50 ശതമാനം സീറ്റുകള്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും: വിഡി സതീശന്‍ നയം പറയുമ്പോള്‍
തിരുവനന്തപുരം: 2026-ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ വലിയ തലമുറമാറ്റം ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പകുതിയോളം സീറ്റുകള്‍ യുവാക്കള്‍ക്കും വനിതകള്‍ക്കുമായി മാറ്റിവെക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളെക്കുറിച്ച് മനസ് തുറന്നത്. കോണ്‍ഗ്രസിന്റെ നയമാണ് ഇതോടെ പുറത്തേക്ക് വരുന്നത്.
അടുത്തിടെ നടന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് ഫലം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ദിശാസൂചികയാണെന്ന് സതീശന്‍ പറഞ്ഞു. 14 ജില്ലാ പഞ്ചായത്തുകളില്‍ കഴിഞ്ഞ തവണ മൂന്നെണ്ണം മാത്രം ജയിച്ച യുഡിഎഫ് ഇത്തവണ ഏഴെണ്ണത്തില്‍ വിജയിച്ചു. ഇത് എല്‍ഡിഎഫിനെതിരായ ജനവികാരത്തിന്റെ തെളിവാണ്. ലക്ഷ്യം 100 സീറ്റുകള്‍: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 140-ല്‍ 100 സീറ്റുകള്‍ നേടി അധികാരം പിടിക്കാനാണ് യുഡിഎഫിന്റെ ലക്ഷ്യം. പിണറായി വിജയന്‍ സര്‍ക്കാരിനെതിരായ വിരുദ്ധ വികാരം തിരഞ്ഞെടുപ്പ് വേളയില്‍ കൂടുതല്‍ ശക്തമാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
പരിചയസമ്പന്നരായ മുഖങ്ങള്‍ക്കൊപ്പം തന്നെ പുതിയ തലമുറയെയും ഉള്‍പ്പെടുത്തി സ്ഥാനാര്‍ത്ഥി പട്ടിക പുതുക്കും. 50 ശതമാനം സീറ്റുകളിലും പുതിയ മുഖങ്ങളെ കൊണ്ടുവരാനാണ് ശ്രമം. ഇതിനായി രണ്ടാം നിരയിലും മൂന്നാം നിരയിലും മികച്ച യുവനേതാക്കള്‍ പാര്‍ട്ടിക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുന്നണി നേതൃത്വം: യുഡിഎഫിന് കൂട്ടുത്തരവാദിത്തമാണുള്ളത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്‍കൂട്ടി പ്രഖ്യാപിക്കുന്ന പതിവ് കോണ്‍ഗ്രസിനില്ല. തിരഞ്ഞെടുപ്പിന് ശേഷം എഐസിസി ചട്ടപ്രകാരം മുഖ്യമന്ത്രിയെ തീരുമാനിക്കും.
ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുമെന്ന വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചില്ല. പ്രളയസാധ്യതകളും പരിസ്ഥിതി പ്രശ്‌നങ്ങളും പരിഗണിക്കാതെ കെ-റെയില്‍ പോലുള്ള പദ്ധതികളുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ വികസനത്തിന് കോണ്‍ഗ്രസ് എതിരല്ലെന്നും അശാസ്ത്രീയ പദ്ധതികളെയാണ് എതിര്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിയുടെ വോട്ട് വിഹിതത്തില്‍ കുറവുണ്ടായിട്ടുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അവര്‍ക്കുണ്ടായ വിജയം എല്‍ഡിഎഫിന്റെ പരാജയമാണെന്നും ഇതില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്നും സതീശന്‍ ആരോപിച്ചു.
