മിന്നുന്ന തുടക്കമിട്ട് മാര്‍ഷും മര്‍ക്രവും; മുതലാക്കാതെ മധ്യനിര; വിക്കറ്റുകള്‍ വീണിട്ടും ഋഷഭ് പന്ത് ക്രീസിലെത്തിയത് അവസാന ഓവറില്‍; രണ്ടു പന്തു നേരിട്ട് പൂജ്യത്തിന് പുറത്ത്; ലക്‌നൗവിനെ എറിഞ്ഞൊതുക്കിയ ഡല്‍ഹിക്ക് 160 റണ്‍സ് വിജയലക്ഷ്യം
ലക്‌നൗവിനെ എറിഞ്ഞൊതുക്കിയ ഡല്‍ഹിക്ക് 160 റണ്‍സ് വിജയലക്ഷ്യം
ലക്‌നൗ: ഒരു ഘട്ടത്തില്‍ വിജയലക്ഷ്യം 200 റണ്‍സിലധികം കുറിക്കുമെന്ന് പ്രതീക്ഷ നല്‍കിയ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ 159 റണ്‍സില്‍ എറിഞ്ഞൊതുക്കി ഡല്‍ഹി ക്യാപ്പിറ്റല്‍സ്. ലക്‌നൗവിലെ അടല്‍ ബിഹാരി വാജ്‌പേയി സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ ആറഅ വിക്കറ്റ് നഷ്ടത്തിലാണ് 159 റണ്‍സ് എടുത്തത്. പവര്‍പ്ലേയില്‍ ഓപ്പണര്‍മാരായ എയ്ഡന്‍ മര്‍ക്രവും മിച്ചല്‍ മാര്‍ഷും ചേര്‍ന്നു നല്‍കിയ മിന്നുന്ന തുടക്കം മധ്യനിര ബാറ്റര്‍മാര്‍ വേണ്ടപോലെ മുതലാക്കാനാകാതെ പോയതോടെ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്വന്തം തട്ടകത്തില്‍ ഡല്‍ഹിക്കു മുന്നില്‍ ഉയര്‍ത്തിയത് 160 റണ്‍സ് വിജയലക്ഷ്യം മാത്രം.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ലക്‌നൗ, നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് 159 റണ്‍സെടുത്തത്. അവസാന ഓവറുകളില്‍ പ്രതീക്ഷിച്ച രീതിയില്‍ റണ്‍നിരക്കുയര്‍ത്താനാകാതായൊണ് ലക്‌നൗ 159 റണ്‍സില്‍ ഒതുങ്ങിയത്. അവസാന അബ്ദുല്‍ സമദിനു സ്ഥാനക്കയറ്റം നല്‍കിയും ആയുഷ് ബദോനിയെ ഇംപാക്ട് പ്ലേയറായി പരീക്ഷിച്ചും അവസാന ഓവറില്‍ മാത്രം ക്രീസിലെത്തിയ ക്യാപ്റ്റന്‍ ഋഷഭ് പന്ത്, അവസാന രണ്ടു പന്തു നേരിട്ട് റണ്ണൊന്നുമെടുക്കാതെ പുറത്തായതിലുണ്ട് ലക്‌നൗ ബാറ്റിങ്ങിന്റെ ദുര്‍ഗതി.
അര്‍ധസെഞ്ചറിയുമായി തിളങ്ങിയ എയ്ഡന്‍ മര്‍ക്രമാണ് അവരുടെ ടോപ് സ്‌കോറര്‍. 33 പന്തുകള്‍ നേരിട്ട മര്‍ക്രം, രണ്ടു ഫോറും മൂന്നു സിക്‌സും സഹിതം 52 റണ്‍സെടുത്ത് പുറത്തായി. സഹ ഓപ്പണര്‍ മിച്ചല്‍ മാര്‍ഷ് 36 പന്തില്‍ മൂന്നു ഫോറും ഒരു സിക്‌സും സഹിതം 45 റണ്‍സെടുത്തു. ഓപ്പണിങ് വിക്കറ്റില്‍ 10 ഓവര്‍ ക്രീസില്‍ നിന്ന ഇരുവരും അടിച്ചെടുത്തത് 87 റണ്‍സ്.
ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ സ്ഥാനങ്ങളിലുള്ള നിക്കോളാസ് പുരാന്‍ അഞ്ച് പന്തില്‍ രണ്ടു ഫോറുകള്‍ സഹിതം ഒന്‍പത് റണ്‍സെടുത്ത് പുറത്തായത് ലക്‌നൗവിന് തിരിച്ചടിയായി. സ്ഥാനക്കയറ്റം ലഭിച്ചെത്തിയ അബ്ദുല്‍ സമദും പൂര്‍ണമായും നിരാശപ്പെടുത്തി. സമദ് എട്ടു പന്തില് രണ്ടു റണ്‍സെടുത്ത് പുറത്തായി.
പിരിയാത്ത അഞ്ചാം വിക്കറ്റില്‍ അര്‍ധസെഞ്ചറി കൂട്ടുകെട്ടിന്റെ വക്കിലെത്തിയ ഡേവിഡ് മില്ലര്‍ ആയുഷ് ബദോനി സഖ്യമാണ് ലക്‌നൗ സ്‌കോര്‍ 160 കടത്തിയത്. ഇരുവരും ചേര്‍ന്ന് 34 പന്തില്‍ അടിച്ചുകൂട്ടിയത് 49 റണ്‍സ്. ഇംപാക്ട് പ്ലേയറായി ക്രീസിലെത്തിയ ബദോനി 21 പന്തില്‍ ആറു ഫോറുകളോടെ 36 റണ്‍സെടുത്ത് അവസാന ഓവറില്‍ പുറത്തായി.
ഡല്‍ഹി ബോളര്‍മാരുടെ മുറുക്കമാര്‍ന്ന ബോളിങ്ങിന്റെ സമ്മര്‍ദ്ദത്തെ അതിജീവിക്കാനാകാതെ പോയ ഡേവിഡ് മില്ലര്‍ 15 പന്തില്‍ ഒരു ഫോര്‍ സഹിതം 14 റണ്‍സുമായി പുറത്താകാതെ നിന്നു. അവസാന രണ്ടു പന്തുകള്‍ക്കായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ ഋഷഭ് പന്ത് റണ്ണൊന്നുമെടുക്കാതെ പുറത്തായി.
ഡല്‍ഹിക്കായി മുകേഷ് കുമാര്‍ നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക് നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങിയും സീസണിലാദ്യമായി അവസരം ലഭിച്ച ശ്രീലങ്കന്‍ താരം ദുഷ്മന്ത ചമീര മൂന്ന് ഓവറില്‍ 25 റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു.