- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവാക്കള്‍ക്കിടയിലും നായര്‍-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയിലും തരൂരിനുള്ള ജനപ്രീതി വോട്ടാക്കണം; യുഡിഎഫിന്റെ അടിത്തറ തകണം; കോണ്‍ഗ്രസിനെ ഞെട്ടിച്ച് തരൂരിന്റെ 'ദുബായ് നീക്കം'; പ്രവാസിയുമായുളള തരൂരിന്റെ ആദ്യ ചര്‍ച്ചയില്‍ സിപിഎമ്മിന് പ്രതീക്ഷ; പിണറായിയുടെ വാഗ്ദാനം തരൂര്‍ ഏറ്റെടുക്കുമോ?

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിന്റെ ഗതി മാറ്റുന്ന വമ്പന്‍ ചുവടുമാറ്റത്തിന് ശശി തരൂര്‍ എം.പി ഒരുങ്ങുന്നതായി സൂചന. കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന തരൂരിനെ എല്‍.ഡി.എഫ് പാളയത്തിലെത്തിക്കാന്‍ സി.പി.എം തിരശീലയ്ക്ക് പിന്നില്‍ കരുനീക്കങ്ങള്‍ സജീവമാക്കി. ഇതിന്റെ ഭാഗമായി ദുബായില്‍ നടന്ന അതീവ രഹസ്യമായ ചര്‍ച്ചകള്‍ വിജയകരമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. പ്രവാസി വ്യവസായിയാണ് ഈ നീക്കം നടത്തുന്നതെന്നാണ് സൂചന. കൊച്ചിയില്‍ നടന്ന മഹാപഞ്ചായത്തില്‍ മഹാ നാണക്കേട് നേരിട്ടുവെന്ന വിലയിരുത്തലിലാണ് തരൂര്‍. ഇതാണ് പാര്‍ട്ടി മാറ്റത്തിന് പ്രേരിപ്പിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക ദൂതന്‍ ദുബായിലെത്തി തരൂരുമായി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കാനാണ് സി.പി.എം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇത്തരത്തില്‍ രൂപീകരിക്കുന്ന പാര്‍ട്ടിയെ എല്‍.ഡി.എഫില്‍ ഉള്‍പ്പെടുത്തി വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 15 സീറ്റുകള്‍ നല്‍കാമെന്നാണ് വാഗ്ദാനം. മുന്നണിയിലെ പ്രമുഖ കക്ഷികള്‍ക്ക് ലഭിക്കുന്ന എല്ലാ പരിഗണനയും പദവികളും പുതിയ പാര്‍ട്ടിക്കും ഉറപ്പുനല്‍കിയിട്ടുണ്ട്. തരൂരുമായി സംസാരിച്ച വ്യവസായി കാര്യങ്ങള്‍ മുഖ്യമന്ത്രിയേയും ധരിപ്പിച്ചിട്ടുണ്ട്. തരൂരിന്റെ നിലപാടില്‍ പിണറായി എടുക്കുന്ന തീരുമാനം നിര്‍ണ്ണായകമാകും. കോണ്‍ഗ്രസിനെ അടിമുടി തകര്‍ക്കുകയാണ് പിണറായിയുടെ ലക്ഷ്യം.
യുവാക്കള്‍ക്കിടയിലും നായര്‍-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയിലും തരൂരിനുള്ള ജനപ്രീതി വോട്ടാക്കി യു.ഡി.എഫിന്റെ അടിത്തറ തകര്‍ക്കാനാണ് ഇടത് തന്ത്രം. ദുബായില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം വിശ്വസ്തരുമായി ചര്‍ച്ച നടത്തി തരൂര്‍ അന്തിമ തീരുമാനമെടുക്കും. അതേസമയം, തരൂരിന്റെ നീക്കത്തില്‍ ആശങ്കയിലായ കോണ്‍ഗ്രസ് നേതൃത്വം അനുനയ ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. പ്രിയങ്കാ ഗാന്ധി നേരിട്ട് തരൂരുമായി സംസാരിക്കുമെന്നാണ് വിവരം. ഇന്ന് രാത്രി കേരളത്തില്‍ തിരിച്ചെത്തുന്ന തരൂര്‍ നാളത്തെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
അതിനിടെ താന്‍ കോണ്‍ഗ്രസ് വിടുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ നിലപാട് വ്യക്തമാക്കാതെ ശശി തരൂര്‍ എം.പി ഒഴിഞ്ഞു മാറുകയും ചെയ്തു. പാര്‍ട്ടി മാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് 'ഇപ്പോള്‍ ഒന്നും പറയാനില്ല' എന്നായിരുന്നു തരൂരിന്റെ മറുപടി. വിദേശമണ്ണില്‍ വെച്ച് രാഷ്ട്രീയപരമായ പ്രതികരണങ്ങള്‍ക്കോ വിവാദങ്ങള്‍ക്കോ താനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടെ തരൂരിന്റെ രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ചുള്ള ദുരൂഹത ഏറുകയാണ്.
ദുബായില്‍ മുഖ്യമന്ത്രിയുടെ പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തകളും, പുതിയ പാര്‍ട്ടി രൂപീകരിച്ച് എല്‍.ഡി.എഫുമായി സഹകരിക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാകുന്നതിനിടെയാണ് തരൂരിന്റെ ഈ പ്രതികരണം. വാര്‍ത്തകള്‍ പാടെ തള്ളിക്കളയാന്‍ അദ്ദേഹം തയ്യാറായില്ല എന്നത് രാഷ്ട്രീയ നിരീക്ഷകര്‍ ഗൗരവത്തോടെയാണ് കാണുന്നത്.
ദുബായിലെ പരിപാടികള്‍ക്ക് ശേഷം കേരളത്തില്‍ തിരിച്ചെത്തിയ ഉടനടി വിശ്വസ്തരുമായി കൂടിക്കാഴ്ച നടത്തി അദ്ദേഹം നിലപാട് വ്യക്തമാക്കുമെന്നാണ് കരുതുന്നത്. തരൂരിന്റെ മൗനം കോണ്‍ഗ്രസ് ക്യാമ്പുകളില്‍ വലിയ ആശങ്കയാണ് പടര്‍ത്തിയിരിക്കുന്നത്. കൊച്ചിയില്‍ നടന്ന മഹാപഞ്ചായത്തില്‍ തനിക്ക് നേരിടേണ്ടി വന്ന അവഗണനയും അപമാനവുമാണ് തരൂരിനെ കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പാര്‍ട്ടിക്കുള്ളില്‍ താന്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നു എന്ന തോന്നല്‍ ശക്തമായതോടെയാണ് പുതിയ രാഷ്ട്രീയ പരീക്ഷണങ്ങള്‍ക്ക് അദ്ദേഹം മുതിരുന്നത്.
കൊച്ചിയിലെ പരിപാടിയില്‍ മുതിര്‍ന്ന നേതാക്കളില്‍ നിന്നുണ്ടായ തണുപ്പന്‍ പ്രതികരണം വലിയ നാണക്കേടുണ്ടാക്കിയെന്നാണ് തരൂര്‍ അനുകൂലികളുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ഇടത് മുന്നണിയുമായി സഹകരിക്കാനുള്ള ചര്‍ച്ചകള്‍ക്ക് പ്രവാസി വ്യവസായി മധ്യസ്ഥത വഹിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരള രാഷ്ട്രീയത്തില്‍ വമ്പന്‍ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് സി.പി.എം നടത്തുന്ന ഈ കരുനീക്കം യു.ഡി.എഫിന് വലിയ തലവേദനയാകും.


