- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പ്രവാസി ലോകത്തെ നടുക്കി പശ്ചിമേഷ്യന്‍ യുദ്ധം; ഒമാനില്‍ ടാങ്കര്‍ ആക്രമണത്തില്‍ ഇന്ത്യക്കാരന് കൊല്ലപ്പെട്ടു; രണ്ടു ഇന്ത്യക്കാരെ കാണാനില്ല! ഗള്‍ഫിലെ 9 രാജ്യങ്ങളില്‍ ഇറാന്റെ മിസൈല്‍ പ്രഹരം; കുവൈറ്റില്‍ മൂന്ന് യുഎസ് സൈനികര്‍ക്ക് ദാരുണാന്ത്യം; യുഎഇയില്‍ മൂന്ന് മരണം; ഇസ്രായേലില്‍ മിസൈല്‍ പതിച്ച് 9 മരണം; ഇറാനില്‍ 555 മരണം; എണ്ണവില കുതിക്കുന്നു; ലോകം മുള്‍മുനയില്‍!
പ്രവാസി ലോകത്തെ നടുക്കി പശ്ചിമേഷ്യന്‍ യുദ്ധം;

മസ്‌ക്കറ്റ്: ഒമാന്‍ തീരത്ത് നടന്ന വ്യത്യസ്ത ആക്രമണങ്ങളില്‍ ഒരാള്‍ കൊല്ലപ്പെട്ടു, അഞ്ച് പേര്‍ക്ക് പരിക്കേറ്റതായി ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഇന്ത്യക്കാരനാണ് കൊല്ലപ്പെട്ടത്. അതേസമയം മറ്റ് രണ്ട് ഇന്ത്യക്കാരെ കാണാനുമില്ല.
ഓയില്‍ ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്നുണ്ടായ സ്‌ഫോടനത്തിലും തീപിടുത്തത്തിലുമാണ് ഒരു ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടതെന്ന് ഒമാന്‍ അധികൃതര്‍ തിങ്കളാഴ്ച അറിയിച്ചു.ഒമാന്‍ മാരിടൈം സെക്യൂരിറ്റി സെന്റര്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം, ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മസ്‌കറ്റ് ഗവര്‍ണറേറ്റിന്റെ തീരത്ത് നിന്ന് 52 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് 'എംകെഡി വ്യോം' (MKD VYOM) എന്ന ഓയില്‍ ടാങ്കറിന് നേരെ ആക്രമണമുണ്ടായത്.
'മാര്‍ഷല്‍ ഐലന്‍ഡ്സിന്റെ പതാക വഹിച്ചുള്ള എംകെഡി വ്യോം എന്ന ഓയില്‍ ടാങ്കറിന് നേരെ മസ്‌കറ്റ് തീരത്ത് വെച്ച് ആളില്ലാ ബോട്ട് (Unmanned boat) ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. ഏകദേശം 59,463 മെട്രിക് ടണ്‍ ചരക്ക് ഈ കപ്പലില്‍ ഉണ്ടായിരുന്നു,' ഒമാന്‍ മാരിടൈം സെക്യൂരിറ്റി സെന്റര്‍ പ്രസ്താവനയില്‍ പറഞ്ഞു.
കപ്പലിന്റെ എഞ്ചിന്‍ ഭാഗത്താണ് സ്‌ഫോടനം നടന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. 'ആക്രമണത്തെത്തുടര്‍ന്ന് പ്രധാന എഞ്ചിന്‍ റൂമില്‍ തീപിടുത്തവും സ്‌ഫോടനവുമുണ്ടായി. ഇതില്‍ കപ്പലിലെ ജീവനക്കാരനായ ഒരു ഇന്ത്യന്‍ സ്വദേശി കൊല്ലപ്പെട്ടു,' പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, എം .വി.സ്‌കൈലൈറ്റ്‌സ് എന്ന കപ്പലിലെ രണ്ട് ഇന്ത്യാക്കാരെ കാണാതായി.
മൂന്നാം ദിവസവും ശക്തമായ സ്‌ഫോടനങ്ങള്‍
മൂന്നാം ദിനവും സ്‌ഫോടനങ്ങളില്‍ നടുങ്ങി പശ്ചിമേഷ്യ. ഇസ്രായേലിനും യുഎസ് താവളങ്ങള്‍ക്കും നേരെ ഇറാന്റെ മിസൈല്‍ വര്‍ഷം. ഇറാനും ഇസ്രായേലിനും പുറമെ പശ്ചിമേഷ്യയിലെ പല രാജ്യങ്ങളിലും തുടര്‍ച്ചയായ മൂന്നാം ദിവസവും ശക്തമായ സ്‌ഫോടനങ്ങള്‍ മുഴങ്ങിക്കൊണ്ടിരിക്കുകയാണ്. ശനിയാഴ്ച അമേരിക്കയും ഇസ്രായേലും ഇറാനില്‍ ആക്രമണത്തിന് ഇറാന്‍ പ്രത്യാക്രമണം തുടങ്ങിയതോടെയാണ് സ്ഥിതിഗതികള്‍ വഷളായത്.
ഇസ്രായേലിന് നേരെയും പശ്ചിമേഷ്യയില്‍ അമേരിക്കന്‍ സൈന്യം പ്രവര്‍ത്തിക്കുന്ന വിവിധ സൈനിക താവളങ്ങള്‍ക്ക് നേരെയും വന്‍തോതില്‍ മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടുകൊണ്ടാണ് ഇറാന്‍ പ്രതികരിക്കുന്നത്. അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിച്ചാല്‍ പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിടുമെന്ന് ഇറാന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഏതൊക്കെ രാജ്യങ്ങളിലാണ് ആക്രമണം നടന്നത്?
കഴിഞ്ഞ ഒരു ദിവസത്തിനിടെ ഇറാന്റെ 31 പ്രവിശ്യകളില്‍ 24 ഇടങ്ങളിലായി 1,200-ലധികം വെടിക്കോപ്പുകള്‍ വര്‍ഷിച്ചതായി ഇസ്രായേല്‍ വ്യോമസേന അറിയിച്ചു. അമേരിക്കയുമായി ചേര്‍ന്നായിരുന്നു ഈ സംയുക്ത ആക്രമണം. ഇതിന് മറുപടിയായി, പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈനികര്‍ നിലയുറപ്പിച്ചിട്ടുള്ള 27 താവളങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC) അറിയിച്ചു. കൂടാതെ ടെല്‍ അവീവ് ഉള്‍പ്പെടെ ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളിലുള്ള സൈനിക കേന്ദ്രങ്ങളും ഇറാന്‍ ലക്ഷ്യമിട്ടു. നിലവില്‍ മേഖലയിലെ ഒമ്പത് രാജ്യങ്ങളിലായി ഇറാന്‍ ആക്രമണം നടത്തിയിട്ടുണ്ട്:
ബഹ്റൈന്‍, ഇറാഖ്, ജോര്‍ദാന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ, ഇസ്രായേല്‍ എന്നിങ്ങനെ 9 രാജ്യങ്ങളിലായാണ് ആക്രമണം. സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളത്തിലെ റണ്‍വേയിലും ഇറാന്റെ ഡ്രോണ്‍ പതിച്ചു. എന്നാല്‍ ഈ ആക്രമണങ്ങളില്‍ ഭൂരിഭാഗവും പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് തടയാന്‍ സാധിച്ചിട്ടുണ്ട്.
കണക്കുകള്‍ ഇങ്ങനെ
ഇറാനില്‍ 555 പേര്‍ കൊല്ലപ്പെട്ടു
ഇറാനിലെ 131 കൗണ്ടികളിലായി അമേരിക്കയും ഇസ്രായേലും നടത്തുന്ന സംയുക്ത ആക്രമണങ്ങളില്‍ ഇതുവരെ കുറഞ്ഞത് 555 പേര്‍ കൊല്ലപ്പെട്ടതായി റെഡ് ക്രസന്റ് അറിയിച്ചു. നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണം ഏറ്റവും ശക്തമായി നടന്നത് തെക്കുകിഴക്കന്‍ ഇറാനിലെ മിനാബ് നഗരത്തിലാണ്. ഇവിടെയുള്ള ഒരു പ്രൈമറി പെണ്‍പള്ളിക്കൂടത്തിന് (Elementary girls school) നേരെയാണ് ഇസ്രായേല്‍ ബോംബുകള്‍ വര്‍ഷിച്ചത്. ഞായറാഴ്ച മിനാബിലെ പെണ്‍കുട്ടികളുടെ സ്‌കൂളിന് നേരെ നടന്ന ഈ ആക്രമണത്തില്‍ 'ഏകദേശം 180 കൊച്ചു കുട്ടികള്‍' കൊല്ലപ്പെട്ടതായി ഇറാന്റെ ആരോഗ്യ മന്ത്രാലയം പബ്ലിക് റിലേഷന്‍സ് മേധാവി ഹുസൈന്‍ കെര്‍മന്‍പൂര്‍ സ്ഥിരീകരിച്ചു.
ഇസ്രയേലില്‍ 10 പേര്‍ കൊല്ലപ്പെട്ടു
ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങളില്‍ ഇസ്രായേലില്‍ ഇതുവരെ 10 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് സെന്‍ട്രല്‍ ഇസ്രായേലിലെ ബെയ്ത് ഷെമേഷില്‍ ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടു. 20-ലധികം പേര്‍ക്ക് പരിക്കേറ്റു. തകര്‍ന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. ശനിയാഴ്ച രാത്രി വൈകി തെല്‍ അവീവ് മേഖലയിലുണ്ടായ ആക്രമണത്തില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് ഒരു സ്ത്രീ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ശനിയാഴ്ച ഇറാന്‍ നടത്തിയ മിസൈല്‍ വര്‍ഷത്തില്‍ ടെല്‍ അവീവ് നഗരത്തിലെ കുറഞ്ഞത് 40 കെട്ടിടങ്ങള്‍ക്കെങ്കിലും നാശനഷ്ടങ്ങള്‍ സംഭവിച്ചതായി ഇസ്രായേല്‍ പത്രമായ 'ഹാറെറ്റ്സ്' നഗരസഭയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.
കുവൈറ്റില്‍ മൂന്നു യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു
കുവൈറ്റില്‍ ഇറാന്‍ നടത്തിയ ആക്രമണങ്ങളില്‍ മൂന്ന് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടതായും അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബഹ്റൈനിലുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു, നാല് പേര്‍ക്ക് പരിക്കേറ്റു. ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം നടന്നതായി ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. വിമാനത്താവളത്തിന് നാശനഷ്ടങ്ങള്‍ സംഭവിച്ചെങ്കിലും ജീവഹാനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തിങ്കളാഴ്ച ഒരു ഏഷ്യന്‍ തൊഴിലാളി കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇറാഖില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു
ദക്ഷിണ ഇറാഖിലെ ജുര്‍ഫ് അല്‍-സഖര്‍ (ജുര്‍ഫ് അല്‍-നസര്‍ എന്നും അറിയപ്പെടുന്നു) സൈനിക താവളത്തിന് നേരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി ആക്രമണം നടത്തി. ഷിയാ വിഭാഗക്കാര്‍ ഉള്‍പ്പെട്ട 'പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്സും' ഇറാന്റെ പിന്തുണയുള്ള പാരാമിലിട്ടറി ഗ്രൂപ്പായ കതൈബ് ഹിസ്ബുള്ളയും കേന്ദ്രീകരിച്ചിരുന്ന സ്ഥലമാണിത്. ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി കതൈബ് ഹിസ്ബുള്ള വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
വടക്കന്‍ ഇറാഖിലെ കുര്‍ദിഷ് മേഖലയായ ഇര്‍ബിലില്‍, അമേരിക്കന്‍ കോണ്‍സുലേറ്റിനും അന്താരാഷ്ട്ര വിമാനത്താവളത്തിനും സമീപം ശക്തമായ സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച നടന്ന ഡ്രോണ്‍ ആക്രമണങ്ങളെ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് തടഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ജോര്‍ദാന്‍ വ്യോമാതിര്‍ത്തിയിലേക്ക് അതിക്രമിച്ചു കയറിയ 49 ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും വെടിവെച്ചിട്ടതായി ജോര്‍ദാന്‍ സായുധ സേന അറിയിച്ചു. മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് ചിലയിടങ്ങളില്‍ കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചെങ്കിലും രാജ്യത്ത് ആര്‍ക്കും പരിക്കേല്‍ക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ല.
കുവൈത്തിലെ പ്രധാന സൈനിക താവളങ്ങള്‍ക്ക് നേരെയും വിമാനത്താവളത്തിന് നേരെയും കനത്ത ആക്രമണമുണ്ടായതായി. അലി അല്‍-സലേം എയര്‍ ബേസിന് നേരെ നിരവധി ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ആക്രമണമുണ്ടായി. എന്നാല്‍ ഇവയെല്ലാം കുവൈത്ത് വ്യോമ പ്രതിരോധ സംവിധാനം വെടിവെച്ചിട്ടു. ശനിയാഴ്ച കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം നടന്നു. ഇതില്‍ പാസഞ്ചര്‍ ടെര്‍മിനലിന് ചെറിയ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണങ്ങളില്‍ ഒരാള്‍ കൊല്ലപ്പെട്ടതായും 32 പേര്‍ക്ക് പരിക്കേറ്റതായും ഞായറാഴ്ച കുവൈത്ത് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.
ലെബനനില്‍ 31 പേര്‍ കൊല്ലപ്പെട്ടു
ഇസ്രായേല്‍ ലെബനനില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ ഇതുവരെ കുറഞ്ഞത് 31 പേര്‍ കൊല്ലപ്പെടുകയും 149 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനിയുടെ വധത്തിന് പ്രതികാരമായി വടക്കന്‍ ഇസ്രായേലിലെ ഹൈഫയ്ക്ക് (Haifa) സമീപമുള്ള സൈനിക താവളത്തിന് നേരെ ഹിസ്ബുള്ള ശക്തമായ റോക്കറ്റ്-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി.
ഖത്തറിലെ പ്രധാന അമേരിക്കന്‍ സൈനിക താവളമായ അല്‍ ഉദൈദിന് നേരെയും വ്യോമാതിര്‍ത്തിയിലും കനത്ത ആക്രമണമുണ്ടായി. ഖത്തര്‍ വ്യോമ പ്രതിരോധ സംവിധാനം പ്രാദേശിക പങ്കാളികളുമായി ചേര്‍ന്ന് ഏകദേശം 65 മിസൈലുകളും 12 ഡ്രോണുകളും ഖത്തര്‍ ആകാശത്ത് വെച്ച് തകര്‍ത്തു. മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് 16 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
പ്രധാന എണ്ണ അടിസ്ഥാന സൗകര്യങ്ങളും കിംഗ് അബ്ദുല്‍ അസീസ് എയര്‍ ബേസും ലക്ഷ്യമിട്ടായിരുന്നു സൗദിക്ക് നേര്‍ക്കുള്ള ഇറാന്റെ മിസൈല്‍-ഡ്രോണ്‍ നീക്കങ്ങള്‍. കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ മരണങ്ങളോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സൗദി ഔദ്യോഗികമായി അറിയിച്ചു. ഞായറാഴ്ച ഉച്ചവരെ കണക്കുകള്‍ പ്രകാരം യുഎഇയില്‍ ഇറാന്റെ ആക്രമണങ്ങളില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ജനവാസ മേഖലയില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് ഒരു പാകിസ്ഥാന്‍ സ്വദേശി കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനത്തെ മറ്റൊരു ജനവാസ കേന്ദ്രത്തില്‍ മിസൈല്‍ ചില്ലുകള്‍ പതിച്ച് ഒരു ഏഷ്യന്‍ സ്വദേശിയും കൊല്ലപ്പെട്ടു.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നാല് ജീവനക്കാര്‍ക്ക് പരിക്കേറ്റു. കൂടാതെ, പാം ജുമൈറയില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ വീണുണ്ടായ തീപിടുത്തത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. യുഎഇയിലേക്ക് തൊടുത്തുവിട്ട 165 ബാലിസ്റ്റിക് മിസൈലുകളില്‍ 152 എണ്ണവും വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തു. രണ്ട് ക്രൂയിസ് മിസൈലുകളും വെടിവെച്ചിട്ടു.
പതിറ്റാണ്ടുകളായി മിഡില്‍ ഈസ്റ്റില്‍ അമേരിക്കയ്ക്ക് ശക്തമായ സൈനിക താവളങ്ങളുണ്ട്. കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍സിന്റെ (CFR) കണക്കനുസരിച്ച്, ഈ മേഖലയിലെ 19 കേന്ദ്രങ്ങളിലായി അമേരിക്കയ്ക്ക് സ്ഥിരവും താല്‍ക്കാലികവുമായ സൈനിക താവളങ്ങളുണ്ട്. ബഹ്റൈന്‍, ഈജിപ്ത്, ഇറാഖ്, ജോര്‍ദാന്‍, കുവൈത്ത്, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ എട്ട് രാജ്യങ്ങളിലാണ് അമേരിക്കയുടെ പ്രധാന താവളങ്ങള്‍.


